ലഹരിവിൽപന: സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം കടുപ്പിച്ച് വയനാട് പൊലീസ്

Mail This Article
കൽപറ്റ ∙ ലഹരി വിൽപന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടാനുള്ള നടപടികൾ തുടർന്ന് വയനാട് പൊലീസ്. മുത്തങ്ങയിൽ 1.198 കിലോ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിലായ കേസിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി പുരോഗമിക്കുകയാണ്. ഒന്നാം പ്രതി കൈതപ്പൊയിൽ പുതുപ്പാടി സ്വദേശി ഷംനാദിന്റെ (44) ഉടമസ്ഥതയിലുള്ള കാർ കണ്ടുകെട്ടുന്നതിനായുള്ള വയനാട് പൊലീസിന്റെ റിപ്പോർട്ട് ചെന്നൈ ആസ്ഥാനമായുള്ള സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപുലേറ്റേഴ്‌സ് അതോറിറ്റി (സഫേമ) അംഗീകരിച്ച് ഉത്തരവിറക്കി.
ഇതുപ്രകാരം കാർ കണ്ടുകെട്ടി. 2–ാം പ്രതി ഈങ്ങാപ്പുഴ സ്വദേശി എ.എസ്. അഷ്‌ക്കറിന്റെ (28) കാർ, ബൈക്ക് എന്നിവയും കണ്ടുകെട്ടുന്നതിനായുള്ള റിപ്പോർട്ട് സഫേമയ്ക്ക് സമർപ്പിച്ചു. ഏപ്രിൽ ഒന്നിന് ഹിയറിങ് നടക്കും. 2024 ഓഗസ്റ്റ് 6നാണ് ഷംനാദിനെയും അഷ്‌ക്കറിനെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്.
ഇരുവരും ചേർന്ന് ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി ലോറിയിൽ ഡ്രൈവർ ക്യാബിനുള്ളിൽ സ്പീക്കർ ബോക്സിനടുത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. അനധികൃതമായി സമ്പാദിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ ലഹരി കടത്ത് സംഘാംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമമുണ്ട്.