യാത്രാമാർഗമില്ലാതെ ഒറ്റപ്പെട്ട് അയനിമല ഊര്

Mail This Article
നടവയൽ∙ പൂതാടി പഞ്ചായത്തിൽ വനാതിർത്തിയോട് ചേർന്ന അയനിമല ഊരിലേക്ക് എത്തിപ്പെടാൻ കോൺക്രീറ്റ് പാലം നിർമിക്കുന്നതിനോ ഊരിലുള്ളവരെ മാറ്റി പാർപ്പിക്കുന്നതിനോ നടപടിയില്ല. അയനിമല ഊരിലേക്ക് എത്താൻ മുൻപ് രണ്ടു കോൺക്രീറ്റ് പാലമുണ്ടായിരുന്നു. നാട്ടുകാർ താൽക്കാലികമായി നിർമിച്ച് ഇപ്പോൾ തകർച്ചയിലായ മുള പാലത്തിലൂടെ ജീവൻ പണയം വച്ച് വേണം ഇപ്പോൾ മറുകരയെത്താൻ. നരസി പുഴയ്ക്കു കുറുകെ ഉണ്ടായിരുന്ന രണ്ടു നടപ്പാലങ്ങളിൽ ഒന്ന് പൂർണമായും തകർന്നു.

മറ്റൊരു പാലത്തിന്റെ തൂണു തകർന്നതിന് പുറമേ പുഴ ഗതിമാറി ഒഴുകിയതുമാണ് വനാതിർത്തിയോടു ചേർന്ന അയനിമല പ്രദേശത്തെ കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. വർഷങ്ങൾക്ക് മുൻപ് പുഴ ഗതിമാറി ഒഴുകിയതോടെ പുഴ കടക്കാൻ 500 മീറ്റർ അകലെയുള്ള രണ്ടാമത്തെ പാലത്തെയാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്. എന്നാൽ 2019ലെ പ്രളയത്തിൽ ഈ കോൺക്രീറ്റ് പാലവും തകർന്നു വീണതോടെ ഊരിലേക്ക് എത്തിപ്പെടാൻ പുഴ നീന്തിക്കടക്കുക അല്ലാതെ മറ്റു മാർഗമില്ലെന്നായി. പാലം ഉടൻ നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
പാലം തകർന്ന ശേഷം വനംവകുപ്പ്, പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മുളയും കമുകും ഉപയോഗിച്ച് പുഴയ്ക്ക് കുറുകെ താൽക്കാലിക നടപ്പാലം നിർമിച്ച് പല തവണ പുതുക്കി പണിതെങ്കിലും ഇന്ന് ഈ നടപ്പാലം വീണ്ടും തകർച്ചയുടെ വക്കിലാണ്. മഴയിൽ നിനച്ചിരിക്കാതെ പുഴ കരകവിഞ്ഞാൽ കോളനിക്കാർ പലപ്പോഴും അക്കരെയിക്കരെ ആകാറാണ് പതിവ്. പാലം തകർന്നതോടെ കോളനിയിലുള്ളവർക്ക് രോഗം പിടിപെട്ടാൽ പോലും മഴക്കാലത്ത് ആശുപത്രിയിൽ എത്തിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
മഴക്കാലത്ത് പുഴ കടക്കാൻ കഴിയാത്തതിനാൽ പത്താം ക്ലാസുകാരിയായ ഒരു വിദ്യാർഥി ഒഴിച്ച് ബാക്കി ഉള്ള വിദ്യാർഥികളെ ഹോസ്റ്റലുകളിൽ ആക്കിയതാണു ഏക ആശ്വാസമെന്ന് ഊരിലുള്ളവർ പറയുന്നു. പാലം പണിയുകയോ വനാതിർത്തിയോട് ചേർന്ന കിടക്കുന്ന ഊരിലുള്ളവരെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ 2021ൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ പ്രദേശത്തെത്തി ഊരുകാരുടെ ദുരിതം നേരിൽ കണ്ടു. നടപടി ഉറപ്പ് നൽകിയെങ്കിലും പിന്നീട് ഒന്നും ഉണ്ടായിട്ടില്ലെന്ന് ഊരിലുള്ളവർ പറയുന്നു.
ഊരിൽ 3 ഇടങ്ങളിലായി ഇപ്പോൾ പണിയ, കാട്ടുനായ്ക്ക, മുള്ളക്കുറുമ അടക്കമുള്ള പന്ത്രണ്ടിലേറെ കുടുംബങ്ങളുണ്ട്. കടുവ അടക്കമുള്ള വന്യമൃഗശല്യമുള്ള പ്രദേശത്തു നിന്ന് തങ്ങളെ മാറ്റിപ്പാർപ്പിക്കുകയോ അല്ലാത്തപക്ഷം അടിയന്തരമായി വാഹനം എത്തുന്ന രീതിയിൽ കോൺക്രീറ്റ് പാലവും റോഡും നിർമിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.