വേനൽമഴയും കാറ്റും: ബോർഡുകളെയും പേടിക്കണം

Mail This Article
പനമരം∙ വേനൽമഴയും കാറ്റും ആരംഭിച്ചതോടെ പാതയോരങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും മറ്റും റോഡിലേക്ക് ചെരിയുന്നതും പൊട്ടിവീഴുന്നതും അപകട ഭീഷണിയുയർത്തുന്നു. ഹൈക്കോടതി നിർദേശങ്ങൾ കാറ്റിൽ പറത്തി സ്ഥാപിച്ച അനധികൃത ഫ്ലെക്സ് ബോർഡുകളും മറ്റുമാണ് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കും വിധം കാറ്റിൽ റോഡിലേക്ക് മറിഞ്ഞു വീഴുന്നത്. വലിയ ബോർഡുകൾ സ്ഥാപിക്കുമ്പോൾ നേരാംവണ്ണം കെട്ടി ഉറപ്പിക്കാത്തതും മറ്റുമാണ് കാറ്റു വീശുമ്പോൾ ഇവ റോഡിലേക്ക് മറിഞ്ഞു വീഴാൻ ഇടയാക്കുന്നത്.
കഴിഞ്ഞദിവസം ഉണ്ടായ കാറ്റിൽ ബീനാച്ചി – പനമരം റോഡിൽ അമ്മായിക്കവലയിൽ പാതയോരത്ത് സ്ഥാപിച്ച ബോർഡ് ഇത്തരത്തിൽ കെട്ടു പൊട്ടി റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. പാതയോരങ്ങൾ കീഴടക്കി അപകടകരമായ രീതിയിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടും ജില്ലയിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൽപറ്റ - മാനന്തവാടി റോഡിൽ അപകടമേഖലയായ ആര്യന്നൂർ നടയിൽ അനധികൃതമായി സ്ഥാപിച്ച സ്വകാര്യ സ്ഥാപനത്തിന്റെ ഫ്ലെക്സ് ബോർഡിനെക്കുറിച്ചുള്ള മനോരമ വാർത്തയെ തുടർന്ന് ബോർഡുകൾ സ്ഥലത്ത് നിന്ന് അപ്രത്യക്ഷമായി.
പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്ന ഫ്ലെക്സും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് കോടതി അന്ത്യശാസനം നൽകിയിട്ടും നടപടി എടുക്കാൻ അധികൃതർ മടിക്കുന്നതിനിടയിലാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ അപകടകരമായ രീതിയിൽ വിവിധ സ്ഥാപനങ്ങളുടെയും മത സാമുദായിക സംഘടനകളുടെയും ഫ്ലെക്സ് ബോർഡുകൾ വീണ്ടും പാതയോരങ്ങളിൽ ഇടം പിടിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.