ADVERTISEMENT

കേണിച്ചിറ ∙ വിഷുദിനത്തിൽ പൂതാടി പഞ്ചായത്തിലെ കേളമംഗലം പ്രദേശം ഉണർന്നതു നടുക്കുന്ന വാർത്ത കേട്ട്. ഉറങ്ങിക്കിടന്ന മക്കളുടെ മുറിയുടെ വാതിൽ പുറത്തു നിന്ന് അടച്ച ശേഷം ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരമറിഞ്ഞാണു നാടുണർന്നത്.നാട്ടുകാരുടെ പ്രിയപ്പെട്ടവളും കുടുംബശ്രീ പ്രവർത്തനങ്ങളിൽ അടക്കം ചുറുചുറുക്കോടെ നിന്നയാളുമായിരുന്നു മാഞ്ചിറയിൽ ജിൽസന്റെ ഭാര്യ ലിഷ. ലിഷയുടെ ചേതനയറ്റ ശരീരം വീട്ടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു.

പൂതാടി പഞ്ചായത്തിലെ കേണിച്ചിറ കേളമംഗലത്ത് ഭർത്താവ് കൊലപ്പെടുത്തിയ മാഞ്ചിറയിൽ ലിഷയുടെ സംസ്കാരത്തിനു മുന്നോടിയായി കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന ചരമശുശ്രൂഷയിൽനിന്ന്.
പൂതാടി പഞ്ചായത്തിലെ കേണിച്ചിറ കേളമംഗലത്ത് ഭർത്താവ് കൊലപ്പെടുത്തിയ മാഞ്ചിറയിൽ ലിഷയുടെ സംസ്കാരത്തിനു മുന്നോടിയായി കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്ന ചരമശുശ്രൂഷയിൽനിന്ന്.

മറ്റൊരു കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്ന രണ്ടു മക്കളെയും വീടിനു പിന്നിലെ മുറ്റത്ത് പാതി ജീവനോടെ കിടക്കുന്ന ജിൽസനെയുമാണ് സംഭവമറിഞ്ഞ് ആദ്യം എത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കും കണ്ടത്. കടബാധ്യത മൂലം മരിക്കുന്നു എന്ന കുറിപ്പ് തീൻമേശയിലും കണ്ടെത്തി.നേരം വെളുത്തതോടെ പ്രദേശത്തേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാരനായ ജിൽസൺ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ ലിഷയെ ഫോണിന്റെ ചാർജിങ് കേബിളും ഷാളും ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണു വിവരം. 

LISTEN ON

കൃത്യത്തിനു മുൻപ് അർധരാത്രി ഇയാൾ സുഹൃത്തിന് അയച്ച സന്ദേശത്തിൽനിന്നാണു ലിഷയുടേതു കൊലപാതകമാണെന്ന സൂചന ബന്ധുക്കൾക്കും സമീപവാസികൾക്കും ലഭിച്ചത്. സുഹൃത്തിന് അയച്ച സന്ദേശങ്ങളിലും ആത്മഹത്യക്കുറിപ്പിലും ഉള്ളത് കടബാധ്യത മൂലം ഭാര്യയെ കൊന്ന് ജീവനൊടുക്കുന്നു എന്നാണ്. മക്കളുടെ കാര്യം നോക്കണമെന്നും പറയുന്നു.

ലിഷ
ലിഷ

മദ്യത്തിൽ വിഷം ചേർത്ത് കഴിച്ചതായും തൂങ്ങി മരിക്കുന്നതിനായി മരത്തിന് മുകളിൽ കയറി കുരുക്കിട്ട് ഇരിക്കുകയാണെന്നും സന്ദേശത്തിലുണ്ട്.‘സ്ഥലം വിൽപന നടക്കുന്നില്ല. കുറെ കടങ്ങൾ ഉണ്ട്. മരിക്കാതെ രക്ഷയില്ല. ഞാൻ മരിച്ചാൽ അവൾക്ക് താങ്ങാൻ കഴിയില്ല. അവളെ വിട്ടിട്ട് പോകാൻ പറ്റില്ല. അതുകൊണ്ടാ അവളെ കൊന്നത്. അവൾക്ക് സുഖമില്ല. അവളുടെ രോഗം മാറില്ല’ ഈ വോയ്സ് എല്ലാവരെയും കേൾപ്പിക്കണമെന്നും പറയുന്നുണ്ട്. 

വിഷം കഴിച്ച് കയറിൽ തൂങ്ങിയെങ്കിലും കയർപൊട്ടി നിലത്തു വീണതായും നടുവ് വേദനിക്കുന്നതായും വീണ ശേഷം കൈ ഞരമ്പ് മുറിച്ചെന്നും എന്നാൽ അത് വേണ്ട രീതിയിൽ മുറിഞ്ഞില്ലെന്നും മറ്റൊരു ശബ്ദസന്ദേശത്തിൽ പറയുന്നു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുള്ള ജിൽസൺ അപകടനില തരണം ചെയ്തതായാണ് വിവരം. ലിഷയുടെ സംസ്കാരം നടത്തി. സംഭവത്തിൽ കേണിച്ചിറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജിൽസൺ ആരോഗ്യം വീണ്ടെടുത്ത ശേഷം പൊലീസ് മറ്റു നടപടികളിലേക്കു കടക്കും.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു
കേണിച്ചിറ∙ മക്കൾ ഉറങ്ങിക്കിടന്ന മുറിയുടെ വാതിൽ പുറത്തുനിന്ന് അടച്ച ശേഷം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. പൂതാടി പഞ്ചായത്തിലെ കേളമംഗലത്താണ് വിഷുദിനത്തിൽ ദാരുണ സംഭവം നടന്നത്. വാട്ടർ അതോറിറ്റി ജീവനക്കാരനായ മാഞ്ചിറയിൽ ജിൽസൺ (42) ആണ് ഭാര്യ ലിഷ(37)യെ കൊലപ്പെടുത്തിയ ശേഷം വീട് പുറത്തുനിന്നു പൂട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. കടബാധ്യതയാണ് കൃത്യത്തിനു പിന്നിൽ എന്നാണ് നിഗമനം.

ഉറങ്ങിക്കിടക്കുകയായിരുന്ന ലിഷയെ ഫോണിന്റെ ചാർജിങ് കേബിളും ഷാളും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയത്. ജിൽസൺ വിഷം കഴിച്ച ശേഷം വീടിനു പിന്നിലെ മരത്തിൽ കയറി കഴുത്തിൽ കുരുക്കിട്ടെങ്കിലും കയർ പൊട്ടി താഴെ വീണു. തുടർന്ന് ബ്ലേഡും മരത്തടി മുറിക്കുന്ന യന്ത്രവും ഉപയോഗിച്ച് കൈ ഞരമ്പു മുറിച്ചു.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അർധരാത്രിയോടെ ഇയാൾ സഹപ്രവർത്തകനായ സുഹൃത്തിനു സന്ദേശം അയച്ചിരുന്നു.

പുലർച്ചെ ഇത് കണ്ട സുഹൃത്ത് ബന്ധുക്കളെയും സമീപവാസികളെയും വിവരമറിയിച്ചു. ഇവരെത്തി വാതിൽ തകർത്ത് വീടിന്റെ അകത്തു കയറിയപ്പോഴാണ് ലിഷയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ജിൽസനെ വീടിന് പിന്നിലെ മുറ്റത്ത് രക്തം വാർന്ന നിലയിലും കണ്ടെത്തി. ഉടനെ ബത്തേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ജിൽസൺ അപകടനില തരണം ചെയ്തിട്ടുണ്ട്. ലിഷയുടെ സംസ്കാരം നടത്തി. 

പൊലീസ് വീട്ടിൽനിന്ന് രണ്ട് ആത്മഹത്യക്കുറിപ്പുകൾ കണ്ടെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നതോടെയാണു ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു.​നടവയൽ കുന്നപള്ളിയിൽ പരേതനായ മാനുവലിന്റെയും ഏലിക്കുട്ടിയുടെയും മകളാണ് ലിഷ. മക്കൾ: ആൽഫി, ഡേവിഡ്. സഹോദരങ്ങൾ: ബെന്നി, സൂസമ്മ, മേഴ്സി, സിസ്റ്റർ ഗ്രേസ്, ഫാ. ജയ്സൺ, ബിനീഷ്.

English Summary:

Tragedy struck Kelamangalam on Vishu day as a government official, Jilson, murdered his wife, Lisha, due to debt before attempting suicide. The Kenichira police are investigating.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com