മാനന്തവാടി ഗവ. മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർക്ക് മർദനം; ജീവനക്കാർ പ്രതിഷേധിച്ചു

Mail This Article
മാനന്തവാടി ∙ ഗവ. മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർക്ക് മർദനം ഏറ്റതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ കൊണ്ടുപോയി തിരിച്ചു വരുന്ന വഴിയാണ് ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനെ വൈത്തിരിയിൽ വച്ച് കാർ ഡ്രൈവർ മർദിച്ചത്. വാഹനത്തിന്റെ പിന്നിൽ നിന്നും ഹോൺ അടിച്ചു എന്ന കാരണത്താൽ കാർ ഡ്രൈവർ ആംബുലൻസ് തടഞ്ഞു നിർത്തുകയും ബലം പ്രയോഗിച്ച് ആംബുലൻസിനുള്ളിൽ കയറി മർദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായതെന്നു രഞ്ജിത്ത് പറഞ്ഞു.

ചെവിക്ക് പരുക്കേറ്റ രഞ്ജിത്ത് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും വൈത്തിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർ ചികിത്സയ്ക്കായി ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസ് ഡ്രൈവറെ മർദിച്ചതിൽ നടപടി ആവശ്യപ്പെട്ട് മാനന്തവാടി ഗവ. മെഡിക്കൽ കോളജിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.