‘ഇനി മിണ്ടാൻ അറുമുഖനില്ല; സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി രാജൻ ചിതയിലേക്ക് നോക്കി നിന്നു...’

Mail This Article
പൂളക്കുന്ന് ∙ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി രാജൻ ചിതയിലേക്ക് നോക്കി നിന്നു. അറുമുഖന്റെ അന്ത്യയാത്രയ്ക്കു വേണ്ടതെല്ലാം രാജൻ മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്തു നിന്നു ചെയ്ത് നൽകി. പതിറ്റാണ്ടുകളായിട്ട് രാജന്റെ സന്തത സഹചാരിയാണ് അറുമുഖൻ. പൂളക്കുന്നിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ മേൽനോട്ടക്കാരനായിരുന്നു അറുമുഖൻ. തോട്ടത്തിലെ ജോലിക്കു ശേഷം രാജന്റെ മേപ്പാടിയിലുള്ള ഏലക്കടയിലും സഹായിയായി അറുമുഖനുണ്ടാകും.
തമിഴ്നാട് മധുര സ്വദേശിയാണ് രാജൻ. 1983ലാണ് മേപ്പാടിയിലെത്തിയത്. 1990ലാണു അറുമുഖനെ പരിചയപ്പെട്ടത്. അന്നു തൊട്ടു തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സുഹൃദ്ബന്ധം. ഏലക്കടയിലെ ജോലിക്കു ശേഷം ദിവസവും രാത്രി ഏഴരയോടെയാണു അറുമുഖൻ വീട്ടിലേക്ക് തിരിക്കുക. വ്യാഴാഴ്ച രാത്രിയിലും രാജനോടു യാത്ര പറഞ്ഞാണ് അറുമുഖൻ വീട്ടിലേക്ക് തിരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു അപകട വിവരം അറിയുന്നത്. ‘പലരും നിർബന്ധിച്ചെങ്കിലും സംഭവസ്ഥലത്തേക്ക് പോയില്ല. അറുമുഖനെ അത്തരത്തിൽ കാണരുതെന്ന് ആഗ്രഹിച്ചതു കൊണ്ടായിരിക്കാം അത്’–രാജൻ പറഞ്ഞു.
ഇന്നലെ രാവിലെ മുതൽ രാജൻ അറുമുഖന്റെ വീട്ടിലുണ്ടായിരുന്നു. തമിഴ്നാട്ടിലുള്ള മക്കളെ പൂളക്കുന്നിലെ വീട്ടിലെത്തിക്കുന്നതിലും അന്ത്യോപചാരം അർപ്പിക്കാനെത്തിയവർക്കു കുടിവെള്ളം നൽകുന്നതിലും അടക്കം എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടായിരുന്നു. അറുമുഖന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം രാത്രിയോടെയാണു മേപ്പാടിയിലെ തന്റെ വീട്ടിലേക്ക് മടങ്ങിയത്.