മാനന്തവാടി നഗരസഭാ സെക്രട്ടറിയെ എൽഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു

Mail This Article
മാനന്തവാടി ∙ നഗരസഭയുടെ വാർഷിക പദ്ധതികളിൽ ക്രമക്കേടിനെതിരെ എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ജില്ലാ ആസൂത്രണ സമിതി(ഡിപിസി)ക്ക് അംഗീകാരത്തിന് നൽകിയ പദ്ധതികളിൽ എൽഡിഎഫ് കൗൺസിലർമാരുടെ ഡിവിഷനുകളിലേക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും യുഡിഎഫ് കൗൺസിലർമാർക്ക് പുതിയ പദ്ധതികൾ നൽകുകയും ചെയ്തുവെന്നു കുറ്റപ്പെടുത്തിയായിരുന്നു പ്രതിഷേധം.
നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകിയ പദ്ധതികളാണ് ഇവയെന്ന് നഗരസഭാ സെക്രട്ടറി ഡിപിസിയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. മുൻപും ഇതേ ആവശ്യമുന്നയിച്ച് എൽഡിഫ് കൗൺസിലർമാർ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് ഡിപിസിക്ക് എൽഡിഎഫ് കൗൺസിലർമാർ പരാതിയും നൽകി. പദ്ധതിയിലെ കുറവ് അടുത്ത ഭേദഗതിയിൽ പരിഹരിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കെ.എം.അബ്ദുൽ ആസിഫ്, വിപിൻ വേണുഗോപാൽ, സിനി ബാബു, കെ.സി.സുനിൽകുമാർ, വി.ആർ.പ്രവീജ്, ബിജു അമ്പിത്തറ എന്നിവർ പ്രസംഗിച്ചു.