ADVERTISEMENT

ബത്തേരി ∙ പട്ടാപ്പകൽ കാടു വിട്ടെത്തിയ 3 കൊമ്പൻമാർ നാടു വിറപ്പിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ഒടുവിൽ കുങ്കിയാനകളെയെത്തിച്ച് ഉൾവനത്തിലേക്കും ഓടിച്ചു. നൂൽപുഴ പഞ്ചായത്തിലെ കണ്ണങ്കോട് ഗ്രാമത്തിലാണ് ഇന്നലെ പുലർച്ചെ മുതൽ രാവിലെ പത്തര വരെ കാട്ടുകൊമ്പൻമാർ ഭീതി പടർത്തിയത്.

കണ്ണങ്കോട് പാടശേഖരത്തിലെ തുരുത്തുകളിലൊന്നിൽ വേരുവന്റെ കുടിലിനോടു ചേർന്ന സ്ഥലത്താണ് പുലർച്ചെ 3 കാട്ടാനകൾ നിൽക്കുന്നത് കണ്ടത്. പുല്ലു ചെത്താൻ വന്നവരാണ് ആദ്യം കണ്ടത്. അവിടെ നിന്ന് ഓടിച്ചു വിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ കാട്ടാനകൾ ഇറങ്ങിയ വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തേക്ക് എത്തിത്തുടങ്ങിയതോടെ കർണന്റെ തെങ്ങിൻതോട്ടത്തിലേക്ക് കാട്ടാനകൾ മാറി. വയലിൽ മേയുന്ന കന്നുകാലികളെയും കാട്ടാന ഓടിച്ചു.

ഒടുവിൽ പൊലീസും ആർആർടി സംഘവും മുത്തങ്ങ റേഞ്ചിലെ വനപാലകരും ചേർന്ന് രാവിലെ പത്തരയോടെയാണ് ആനകളെ തുരത്തിയത്. പ്രദേശത്ത് നിറഞ്ഞ ആൾക്കൂട്ടം ഒഴിവാക്കിയായിരുന്നു ദൗത്യം. ആനകൾ പോയ വഴി കൃഷിനാശമുണ്ടായതല്ലാതെ വീടുകളോ ആളുകളോ ആക്രമിക്കപ്പെട്ടില്ലെന്നത് ആശ്വാസമായി.

കൊമ്പൻമാർ തിരിഞ്ഞോടിയത് 3 തവണ
പുഴയോരത്തെ മുളങ്കാടുകൾക്കും വാഴത്തോട്ടങ്ങൾക്കും ഇടയിലായി നിന്ന് കൊമ്പൻമാരെ തിരികെ കാട്ടിലേക്കു തുരത്താ‍ൻ മുത്തങ്ങ, തോട്ടാമൂല, നായ്ക്കെട്ടി ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നുള്ള വനപാലക സംഘവും ആർആർടി ടീമും നൂൽപുഴ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ആളുകളോട് ശാന്തരാകാനും ആനകൾ തിരികെ കാട്ടിലേക്ക് പോകേണ്ട വഴിയിൽ തടസ്സങ്ങളുണ്ടാക്കരുതെന്നും വനംവകുപ്പ് അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു. തുരത്തുന്നതിനിടെ പകുതിയോളം ദൂരം പോയശേഷം 3 തവണ കാട്ടാനകൾ തിരികെ നടന്നു. നായ്ക്കൾ കൂട്ടം ചേർന്ന് കുരച്ചപ്പോഴും ആളുകളിൽ ചിലർ ശബ്ദമുണ്ടാക്കിയപ്പോഴുമൊക്കെയായിരുന്നു അത്.

എത്തിയത് റോഡും പുഴയും കടന്ന്
ഇന്നലെ പുലർച്ചെയാണ് നാട്ടുകാർ കൊമ്പനാനകളെ കൃഷിയിടത്തിൽ കണ്ടതെങ്കിലും തലേന്ന് രാത്രി തന്നെ ആനകളിൽ കാടിറങ്ങി വന്നിരുന്നു. മുത്തങ്ങ റേഞ്ചിൽ പെട്ട പഴൂർ ഫോറസ്റ്റു സ്റ്റേഷൻ പരിധിയിലെ ഊരംകൊല്ലി വനമേഖലയിൽ നിന്ന് കണ്ണങ്കോടു കാട്ടിലൂടെയാണ് ആനകൾ നാട്ടിലേക്കിറങ്ങിയത്. കൃഷിയിടങ്ങളും വയലുകളും താണ്ടി കല്ലൂരിൽ നിന്ന് നമ്പിക്കൊല്ലിയിലേക്കുള്ള നെൻമേനിക്കുന്ന് റോഡു മുറിച്ചു കടന്ന് വീണ്ടും വലയിലിറങ്ങിയ കാട്ടാനകൾ കല്ലൂർ പുഴ കടന്നാണ് മാതമംഗലം ഭാഗത്തുള്ള തെങ്ങിൻ തോപ്പിലെത്തിയത്. മണിക്കൂറുകൾക്കു ശേഷം തിരികെ തുരത്തിയപ്പോഴും ആനകൾ പുഴയും റോഡും മറികടന്നാണ് കാട്ടിലേക്ക് കയറിയത്.

ഒരു മാസമായികാട്ടാനകൾ നാട്ടിൽ
കണ്ണങ്കോട്, ഊരംകൊല്ലി, നെൻമേനിക്കുന്ന് ഭാഗങ്ങളിൽ കഴിഞ്ഞ ഒരു മാസത്തോളമായി കാട്ടാനകൾ നാട്ടിലിറങ്ങുകയാണ്. പലരുടെയും കൃഷിയിടങ്ങളിൽ വൻ നാശമാണ് വരുത്തിയിട്ടുള്ളത്. ചക്കയും മാങ്ങയും തേടി വരുന്ന കാട്ടാനകൾ തെങ്ങും കമുകും വാഴയുമൊക്കെ വ്യാപകമായി നശിപ്പിച്ചു. കെ.വി. ബാലകൃഷ്ണൻ, ചോരം കൊല്ലി നഞ്ചുണ്ടർ, കണ്ണങ്കോട് ഭാസ്കരൻ, കറക്കപ്പുര, കൃഷ്ണൻകുട്ടി, ചോരംകൊല്ലി സാബു വർഗീസ്, സി.കെ. കേശവൻ, സുബ്രഹ്ണ്യൻ ചോരം കൊല്ലി തുടങ്ങിയവരുടെയെല്ലാം കൃഷിയിടങ്ങളിൽ വൻ നാശനഷ്ടം വരുത്തി.ചീരകത്തോട്ടത്തിൽ ഐസക്കിന്റെ ഒരേക്കറോളം കമുകിൻ തോട്ടം പാടെ നശിപ്പിച്ചു.

കൊമ്പൻമാരിറങ്ങി കൊയ്ത പാടങ്ങളിൽ
കാട്ടുകൊമ്പൻമാർ കാടിറങ്ങിയെത്തിയത് കഴിഞ്ഞ ദിവസം കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ. അല്ലാത്ത പക്ഷം വലിയ തോതിൽ കൃഷിനാശമുണ്ടാകുമായിരുന്നെന്ന് കർഷകർ പറയുന്നു.പാടങ്ങളിൽ നിന്ന് ഒന്നും ഭക്ഷിക്കാൻ കിട്ടാത്തതിനാലാവാം ആനകൾ പുഴ കടന്ന് മറ്റു കൃഷിയിടങ്ങളിലേക്കും തെങ്ങിൻതോട്ടത്തിലേക്കും കയറിയത്. എന്നാൽ പകൽ നാട്ടിൽ കുടുങ്ങിപ്പോയ കാട്ടാനകൾ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ല. 3 കൊമ്പൻമാരിൽ ഒന്ന് ചെറിയ ആനയായിരുന്നു. സ്ഥിരമായി കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനസംഘമാണിതെന്ന് നാട്ടുകാർ പറയുന്നു. ഉൾക്കാട്ടിൽ കയറ്റാൻ

കല്ലൂരിനടുത്ത് കണ്ണങ്കോട് നാട്ടിലിറങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനായി മുത്തങ്ങ ക്യാംപിൽ നിന്നെത്തിച്ച കുങ്കിയാനകളാ ഭരതും പ്രമുഖയും.
കല്ലൂരിനടുത്ത് കണ്ണങ്കോട് നാട്ടിലിറങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനായി മുത്തങ്ങ ക്യാംപിൽ നിന്നെത്തിച്ച കുങ്കിയാനകളാ ഭരതും പ്രമുഖയും.

കുങ്കികളും
വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് വനാതിർത്തിയിലേക്ക് ഓടിച്ചുവിട്ട കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ മുത്തങ്ങ പന്തിയിലെ പ്രമുഖ, ഭരത് എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. കുങ്കിയാനകൾ പിന്നീട് കാട്ടുകൊമ്പൻമാരെ കൂടുതൽ ഉൾവനത്തിലേക്ക് ഓടിച്ചു. ബത്തേരിയിലെ കാരാപ്പുഴ ക്വാർട്ടേഴ്സിന് കാവൽ നിന്ന കുങ്കിയാനകളായിരുന്നു ഇവ. മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്കുമാർ, നൂൽപുഴ പൊലീസ് ഇൻസ്പെക്ടർ ശശിധരൻ പിള്ള തുടങ്ങിയവർ ദൗത്യത്തിന് നേതൃത്വം നൽകാനെത്തി.

English Summary:

Bathery elephant encounter: Three tuskers caused panic in Kannankode village near Bathery before being safely returned to the forest using Kumki elephants. The hours-long operation involved forest officials, police, and villagers working together to resolve the dangerous situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com