sections
MORE

നാലു തവണ പരാജയപ്പെട്ടിട്ടും ഐപിഎസ് നേടിയ പിന്‍ബെഞ്ചുകാരന്‍

mithun-kumar
SHARE

പിന്‍ബെഞ്ചുകാര്‍ ഒരിക്കലും ക്ലാസുകളിലെ താരങ്ങളല്ല. പരീക്ഷയ്ക്കു തോല്‍ക്കാനും അധ്യാപകരുടെ വഴക്കു കേള്‍ക്കാനുമാണ് ശരാശരിക്കാരായ ഇവരുടെ വിധി. എന്നാല്‍ യഥാർഥ ജീവിതത്തില്‍ റാങ്കുകാരേക്കാൾ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ പലപ്പോഴും ഇവരായിരിക്കും. കലക്ടറും മന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ ഇതിനായി ചൂണ്ടിക്കാണിക്കാനുണ്ട്. കര്‍ണാടക കേഡറിലെ 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ മിഥുന്‍ കുമാര്‍ ജി.കെ. ആണ് ഈ കൂട്ടത്തിലേക്ക് അടുത്തിടെ തന്റെ വിജയകഥയുമായി എത്തിയത്. 

മുസോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കഥകള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ച ഹ്യൂമന്‍സ് ഓഫ് എല്‍ബിഎസ്എന്‍എഎ ഫെയ്സ്ബുക്ക് പേജിലാണ് മിഥുന്‍ കുമാര്‍ മനസ്സു തുറന്നത്. ശരാശരിക്കാരനായിരുന്നിട്ടും യുപിഎസ്‌സി പരീക്ഷയില്‍ നാലു വട്ടം പരാജയപ്പെട്ടിട്ടും എങ്ങനെയാണ് താനൊരു ഐപിഎസുകാരന്‍ ആയതെന്നു പറയുന്ന മിഥുന്റെ പോസ്റ്റിന് വന്‍ പ്രതികരണമാണു ലഭിക്കുന്നത്. 

മിഥുന്‍ കുമാറിന്റെ കുറിപ്പ്:
‘മിടുക്കരായ സഹപാഠികളും അധ്യാപകരും പുച്ഛത്തോടെ കണ്ടിരുന്ന ഒരു ശരാശരി വിദ്യാർഥിയായിരുന്നു കുട്ടിക്കാലത്തു ഞാന്‍. എന്നെ വിശ്വസിച്ചിരുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇന്നിപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതൊക്കെ വലിയ അനുഗ്രഹമായി ഭവിച്ചു എന്നു വേണം കരുതാന്‍. 

സിവില്‍ സര്‍വീസ് പരീക്ഷ പാസ്സാകുന്നവരും ജീവിതത്തില്‍ എന്തെങ്കിലും നേട്ടം കൈവരിക്കുന്നവരും എന്തെങ്കിലും പ്രത്യേക കഴിവോ നൈപുണ്യങ്ങളോ ഉള്ളവരല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. അവരെല്ലാം എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അവരവരില്‍ വിശ്വസിച്ച സാധാരണ മനുഷ്യരാണ്. 

വീട്ടിലെ മൂത്ത മകനായതിനാല്‍  റിട്ടയര്‍മെന്റിലേക്ക് അടുക്കുന്ന മാതാപിതാക്കളെ പിന്തുണയ്ക്കാൻ ബിരുദത്തിനു ശേഷം എനിക്ക് എന്തെങ്കിലും ജോലിക്കു കയറണമായിരുന്നു. ഒരു സോഫ്ട്‌വെയര്‍ പ്രഫഷനലായി ജോലി ചെയ്യുമ്പോഴും എന്തോ ഒന്നു കണ്ടെത്താനാകുന്നില്ല എന്നു തോന്നി. മൂന്നു വര്‍ഷത്തിലധികം ജോലി ചെയ്തു കഴിഞ്ഞപ്പോഴേക്കും ഇളയ സഹോദരനും വീടിന്റെ ചുമതല ഏറ്റെടുക്കാന്‍ പ്രാപ്തനായിക്കഴിഞ്ഞിരുന്നു. അതോടെ എന്റെ പിതാവു പണ്ടു മനസ്സില്‍ വിതച്ച ഒരു വിത്തു മുള പൊട്ടാന്‍ എനിക്ക് അവസരം കൈവന്നു. 

അത് എന്റെ പിതാവിന്റെ പൂര്‍ത്തീകരിക്കാത്ത ഒരു സ്വപ്‌നമായിരുന്നു. എനിക്കൊരു സിവില്‍ സെര്‍വന്റ്, പ്രത്യേകിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്നായിരുന്നു ആഗ്രഹം. എപ്പോഴൊക്കെ വഴിയില്‍ ഒരു പൊലീസുകാരനെ കണ്ടാലും എന്റെ ഉള്ളില്‍ ഒരു തീപ്പൊരിയുണ്ടാകും. ഞാന്‍ പരീക്ഷ പാസ്സായപ്പോള്‍ പലരും എന്നോട് എന്തുകൊണ്ട് ഐഎഎസ് എടുത്തില്ല എന്നു ചോദിച്ചു. എനിക്ക് ഉത്തരമില്ലായിരുന്നു. എത്ര മാത്രം ആ യൂണിഫോം എന്നെ ഭ്രമിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് അവരോടു വിശദീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാനൊരു പൊലീസുകാരനാകുമെന്ന് എപ്പോഴും ചിന്തിച്ചിരുന്നു. ഒരു അടിയന്തര സാഹചര്യത്തില്‍ അകപ്പെട്ട ഏതൊരാളും ആദ്യം ഓടുക ആശുപത്രിയിലേക്കോ പൊലീസ് സ്‌റ്റേഷനിലേക്കോ ആയിരിക്കും. 

യുപിഎസ്‌സി പരീക്ഷയുടെ വിവിധ ഘട്ടങ്ങളിലായി നാലു തവണ ഞാന്‍ പരാജയപ്പെട്ടു. ഓരോ തവണയും പുതിയൊരു അനുഭവപരിചയം നേടുകയും പുതിയൊരു പാഠം പഠിക്കുകയും ചെയ്തു. അതെന്നെ ഒരു വ്യക്തിയെന്ന നിലയില്‍ രൂപപ്പെടുത്തി. ഒരു ചിന്ത പങ്കുവച്ച് കൊണ്ട് അവസാനിപ്പിക്കാം. 'മുന്നോട്ട് പോകണോ അവസാനിപ്പിക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് നമ്മുടെ മനസ്സാണ്. നിങ്ങള്‍ക്ക് എത്ര ദൂരം പോകാനാകുമെന്ന് നിങ്ങള്‍ ശ്രമിച്ചു നോക്കിയാലല്ലാതെ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കില്ല.' 

2015 ല്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ 130-ാം റാങ്കു നേടിയാണ് മിഥുന്‍ കുമാര്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസിലെത്തുന്നത്.

More Success Stories >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA