sections
MORE

അന്ന് 30 രൂപ ശമ്പളം; ഇന്ന് 20 സലൂണുകൾ സ്വന്തം

shiva
SHARE

ഒരു കാലത്ത് വെറും 30 രൂപ പ്രതിമാസ ശമ്പളത്തില്‍ സലൂണുകള്‍ തോറും കയറിയിറങ്ങി മുടിവെട്ടിയിരുന്ന ചെറുപ്പക്കാരന്‍. ഇന്ന് അവന്റെ മുന്നില്‍ ഹെയര്‍സ്‌റ്റൈലിങ്ങിനായി തല നീട്ടി നില്‍ക്കുന്നത് കരീന കപൂറും റീമാ സെന്നും അടക്കമുള്ള ബോളിവുഡ് താരനിര. ശിവാസ് സലൂണ്‍ എന്ന പേരില്‍ മുംബൈ നഗരത്തില്‍ സ്വന്തമായി ഇരുപതോളം സലൂണുകളും അവയില്‍ മുന്നൂറോളം ജീവനക്കാരും. ശിവരാമ ഭണ്ഡാരി എന്ന സാധാരണക്കാരന്‍ മുംബൈ നഗരത്തിലെ നക്ഷത്രത്തിളക്കത്തിലേക്ക് ഉയര്‍ന്നത് പട്ടിണിയെയും അനാഥത്വത്തെയുമെല്ലാം തന്റെ അധ്വാനം കൊണ്ടു വെട്ടിമാറ്റിയാണ്. 

1959ല്‍ തന്റെ നാലാം വയസ്സിലാണു ശിവയ്ക്കു പിതാവിനെ നഷ്ടപ്പെടുന്നത്. അയല്‍ക്കാര്‍ പിരിച്ചു നല്‍കിയ പണവുമായി രണ്ടു മക്കളെയും ചേര്‍ത്തു പിടിച്ച് ശിവയുടെ അമ്മ മുംബൈയില്‍ നിന്നു ഗ്രാമത്തിലേക്ക് മടങ്ങി. പക്ഷേ, പിതാവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചില്ല. മാതാപിതാക്കള്‍ മരിച്ചതിനാല്‍ സ്വന്തം വീട്ടിലേക്കും ആ അമ്മയ്ക്കു മടങ്ങാന്‍ കഴിഞ്ഞില്ല. അങ്ങനെ അവര്‍ ബന്ധുവീടുകളില്‍ നിന്നു ബന്ധുവീടുകളിലേക്കു അലഞ്ഞു നടന്നു. 

പക്ഷേ, തളര്‍ന്നിരിക്കാന്‍ ആ അമ്മയും ഒരുക്കമായിരുന്നില്ല. പലരുടെയും സഹായത്തോടെ വൈദ്യുതിയോ അകത്തു ശുചിമുറികളോ ഒന്നുമില്ലാത്ത ഒരു താത്ക്കാലിക ടെന്റ് അമ്മ മക്കള്‍ക്കായി നിര്‍മ്മിച്ചു. അഞ്ചാം ക്ലാസില്‍ വച്ചു സ്‌കൂള്‍ വിട്ട ശിവ അമ്മയ്‌ക്കൊപ്പം പല ജോലികളില്‍ മുഴുകി. സൈക്കിള്‍ റിപ്പയറിങ് കടയിലും പച്ചക്കറി ചന്തയിലുമെല്ലാം ജോലി ചെയ്തു. ഒടുവില്‍ 1979ല്‍ തന്റെ ഭാവി കെട്ടിപ്പടുക്കാന്‍ മുംബൈ നഗരത്തിലേക്കു ശിവ മടങ്ങിയെത്തി. മുംബൈ നഗരപരിസരങ്ങളിലെ ചെറിയ മുടിവെട്ട് ഷോപ്പുകളില്‍ 30 രൂപ മാസ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങി. 

shiva-2

1984ല്‍ വെട്ടിത്തെളിഞ്ഞ കൈകളുമായി ഖത്തറിലേക്കു പോകുന്നതോടെയാണു ശിവയുടെ തലവര മാറുന്നത്. അവിടെ ഒരു സ്‌പോര്‍ട്‌സ് ക്ലബിനു വേണ്ടിയായിരുന്നു ശിവയുടെ ഹെയര്‍സ്‌റ്റൈലിങ്. ഇതോടെ ബ്രസീല്‍, കൊറിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കായികപ്രേമികള്‍ക്കു വേണ്ടി ശിവ നൂതന സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങി. ലോകത്തെ വിവിധ കോണുകളിലുള്ളവരുടെ പ്രിയപ്പെട്ട തലമുടി സ്‌റ്റൈലുകള്‍ ഇക്കാലയളവില്‍ ശിവ പഠിച്ചു. ഖത്തറിലെ ദേശീയ ഫുട്‌ബോള്‍ ടീമിനു വേണ്ടി മുടിവെട്ടാനുള്ള അവസരവും ശിവയ്ക്കു ലഭിച്ചു. ടിപ്പായും സമ്മാനങ്ങളായും അഭിനന്ദനങ്ങളായും ശിവയുടെ ജോലിക്ക് അംഗീകാരം ലഭിച്ചു തുടങ്ങി. 

1988ല്‍ മുംബൈയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വന്തമായി ഒരു സലൂണ്‍ തുടങ്ങുക എന്നതായിരുന്നു ശിവയുടെ ലക്ഷ്യം. ഇതിനിടെ സഹോദരി മരിച്ചു പോയിരുന്നതിനാല്‍ അമ്മ ശിവയ്‌ക്കൊപ്പം മുംബൈയില്‍ വന്നു താമസമാക്കി. സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണിച്ചറുകളുമായി താനെയിലാണു ശിവ തന്റെ ആദ്യ സലൂണ്‍ ആരംഭിക്കുന്നത്. ചെറിയ സലൂണ്‍ ആണെങ്കിലും ഗുണനിലവാരത്തിലും വൃത്തിയിലും ശിവ കണിശത പുലര്‍ത്തി. ജോലിയില്‍ പുലര്‍ത്തിയ ഈ പ്രഫഷണലിസം ശിവയ്ക്കു ധാരാളം ഉപഭോക്താക്കളെ നേടിക്കൊടുത്തു. ദൂരെ സ്ഥലങ്ങളില്‍ നിന്നു വരെ ആളുകള്‍ ശിവാസ് സലൂണ്‍ തിരക്കിയെത്തി. വെളുപ്പിനെ അഞ്ചു മണിക്കുണര്‍ന്നു പാതിരാത്രി വരെ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ മുടിവെട്ട് തുടര്‍ന്നു. ക്ഷീണം തോന്നിയെങ്കിലും ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടം ഊര്‍ജ്ജം പകര്‍ന്നു. തിരക്കു കൂടിയതോടെ സഹായത്തിന് ജോലിക്കാരെ നിയമിച്ചു. 

ഔപചാരിക വിദ്യാഭ്യാസമോ ഉന്നത ബിരുദങ്ങളോ ഒന്നുമില്ലാതെ കഠിനാധ്വാനം മാത്രം കൈമുതലാക്കി ശിവ തന്റെ ജോലി തുടര്‍ന്നു. സലൂണുകളുടെ എണ്ണം ഒന്നില്‍ നിന്നു രണ്ടായി, രണ്ടു നാലായി, എട്ടായി.. അങ്ങനെ മുംബൈ നഗരത്തില്‍ പടര്‍ന്നു പന്തലിച്ച് 20 സലൂണുകളായി. 

shiva1

ബാല്‍ താക്കറെയെ പോലെ മുംബൈ നഗരത്തിലെ പ്രമുഖര്‍ ശിവ സലൂണിലെത്തി. ബോളിവുഡിലേക്കു വിളിയെത്താനും വലിയ താമസമുണ്ടായില്ല. 1998ല്‍ നടന്ന സലൂണ്‍ ഇന്റര്‍നാഷണല്‍ ഇവന്റില്‍ പങ്കെടുക്കവേ വേള്‍ഡ് ഹെയര്‍ഡ്രസിങ് കമ്മീഷണര്‍ ക്രിസ്റ്റഫര്‍ മാന്‍ വിദേശത്ത് അഡ്വാന്‍സ്ഡ് കോഴ്‌സുകള്‍ ചെയ്യാന്‍ ശിവയെ പ്രചോദിപ്പിച്ചു. അങ്ങനെ ഇംഗ്ലീഷ് പോലും ശരിക്ക് സംസാരിക്കാനറിയാത്ത ശിവ ലണ്ടനില്‍ പോയി ഹെയര്‍സ്‌റ്റൈലിങ്ങില്‍ പുതിയ കോഴ്‌സുകള്‍ ചെയ്തു. ലോകപ്രശസ്ത ഹെയര്‍ഡ്രസര്‍മാരുമായി പരിചയപ്പെട്ടു. 

ഫുട്‌ബോള്‍, ക്രിക്കറ്റ് ക്ലബുകളിലും നഗരത്തിലെ ഫാഷന്‍ വീക്കുകളിലുമെല്ലാം ശിവ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി. മുടിവെട്ടെന്ന കലയില്‍ പ്രാവീണ്യം നേടാന്‍ നാട്ടിലെ തൊഴിലില്ലാത്ത യുവാക്കള്‍ ശിവാസ് സലൂണുകള്‍ക്ക് മുന്നില്‍ വരി നിന്നു തുടങ്ങി. ചെയ്യുന്ന തൊഴിലില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ശിവ പഠനം അവസാനിപ്പിക്കുന്നില്ല. വര്‍ഷത്തില്‍ രണ്ടു തവണ വിദേശത്ത് പോയി സ്‌റ്റൈലിങ്ങില്‍ പുതിയ കോഴ്‌സുകള്‍ ചെയ്യുകയും തന്റെ ജീവക്കാരെ വിദേശത്തയച്ച് പുതിയ കോഴ്‌സുകള്‍ പഠിപ്പിക്കുകയും ചെയ്യും. കേന്ദ്ര ഗവണ്‍മെന്റിന്റെ സംരംഭകത്വ നൈപുണ്യ വികസന പദ്ധതിയില്‍ ശിവാസ് അക്കാദമി പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്. ഈ രംഗത്തെ പരിശ്രമങ്ങള്‍ക്കും നൂതന സംരംഭങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ പുരസ്‌ക്കാരങ്ങളും ശിവയെ തേടിയെത്തി. 

തന്നെ ഒരു പ്രതിയോഗിയായി കണ്ടു ജോലിയില്‍ കഠിനാധ്വാനം ചെയ്യാനും ഒരു നാള്‍ സ്വന്തമായി സലൂണ്‍ ആരംഭിക്കാനുമാണു ജീവനക്കാര്‍ക്കു ശിവ നല്‍കുന്ന ഉപദേശം. ലക്ഷ്യങ്ങള്‍ ദീര്‍ഘകാലത്തേക്കുള്ളതാകണമെന്നും ഈ മാതൃകാ ഹെയര്‍സ്റ്റൈലിസ്റ്റ് ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം കഥ, സ്വന്തം വാക്കുകളില്‍ ആത്മകഥയായി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ശിവ ഇപ്പോള്‍. ദരിദ്ര ചുറ്റുപാടുകളില്‍ നിന്നു പരിശ്രമത്തിലൂടെ സ്വപ്‌നങ്ങള്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്ന ഏതൊരു സാധാരണക്കാരനും ശിവയുടെ ജീവിതം പാഠപുസ്‌തകമാകുമെന്ന് ഉറപ്പ്. 

More Success Stories >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA