sections
MORE

വോൾ മാർട്ട്; ഇത് വലിയ ‘ചില്ലറ’ കച്ചവടക്കാരന്‍റെ വിജയവഴി

walmart-t
SHARE

അമേരിക്കയിലെ കിങ്ഫിഷറിലാണ് 1918 ൽ സാംവാൾട്ടൺ ജനിക്കുന്നത്. ചെറുപ്പം മുതൽക്കു തന്നെ സാമിനൊരു സ്വപ്ന മുണ്ടായിരുന്നു. ‘വളരെ വലിയ ഒരു ചില്ലറക്കച്ചവടക്കാരനാകുക!’ പല സ്ഥാപനങ്ങളിലും കച്ചവടക്കാരനായും മാനേജ്മെന്റ് ട്രെയിനിയായും ഒക്കെ ജോലി ചെയ്തു സമ്പാദിച്ച തുക കൊണ്ട് സാം ന്യൂപോർട്ടിൽ വാടകമുറിയിൽ ഒരു ‘സ്റ്റോർ’ തുടങ്ങി. രാജ്യം മുഴുവനും അന്വേഷിച്ച് മൊത്തക്കച്ചവടക്കാരുടെ ‘ഡാറ്റാബേസ്’ തയാറാക്കി. അവരിൽ നിന്നും സാധനങ്ങൾ കുറ‍ഞ്ഞ വിലയ്ക്ക് വാങ്ങി വളരെ കുറഞ്ഞ വിലയില്‍ വിറ്റു.

അങ്ങനെ മെല്ലെ കച്ചവടം പുരോഗമിക്കവെ കെട്ടിടത്തിന്റെ ഉടമ മകനു കടനടത്തുവാൻ വേണ്ടി സാമിനോടു കട ഒഴിയാൻ ആവശ്യപ്പെട്ടു. സാം ആകെ വിഷമത്തിലായി. എന്നാൽ അയാളുടെ സ്വപ്നം അയാളെ തളരാൻ അനുവദിക്കുമായിരുന്നില്ല. കുറച്ചു ജനസംഖ്യയുള്ള സ്ഥലത്തേക്ക് കടമാറ്റി സ്ഥാപിച്ചു. പുതിയ സ്ഥലത്തും സാം പരീക്ഷണങ്ങൾ തുടർന്നു. ലാഭവിഹിതം എന്നതു കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്തു  ലാഭവിഹിതം നൽകി ജോലിക്കാരെയെടുത്തു. കിട്ടുന്ന ലാഭമെല്ലാം ചേർത്തു നല്ലൊരു തുകയായപ്പോൾ അയാൾ ഒരു  ചെറുവിമാനം വാടകയ്ക്കെടുത്ത് ചെറുപട്ടണങ്ങളിലൂടെ താഴ്ന്നു പറന്നു കട തുടങ്ങാൻ പറ്റിയ തുണ്ടു ഭൂമികളുടെ മാപ്പ് തയാറാക്കി! ഈ തുണ്ടു സ്ഥലങ്ങൾ വാങ്ങുകയും അവിടങ്ങളിലെല്ലാം ‘വെറൈറ്റി സ്റ്റോറുകൾ’ ആരംഭിക്കുകയും ചെയ്തു. 

കടകളുടെ  എണ്ണം ഇരുപതായപ്പോൾ അയാൾ കടകൾ കംപ്യൂട്ടർവത്കരിച്ചു. കൂടുതൽ കടകൾ തുടങ്ങുവാനായി 1970 കളിൽ ഓഹരി വിൽപനയ്ക്കു ശ്രമിച്ചെങ്കിലും ‘ചെറുകടകൾ’ക്കു വേണ്ടി പണം മുടക്കാൻ തയാറായവർ വളരെ കുറവായിരുന്നു. സാം തളർന്നില്ല. വളരെ മെല്ലെ അയാൾ വളർന്നു കൊണ്ടിരുന്നു. 1992 ൽ തന്റെ എഴുപത്തി നാലാം വയസ്സിൽ അദ്ദേഹം മരിക്കുമ്പോൾ വിവിധ രാജ്യങ്ങളിലായി അറുപതിനായിരം കോടിക്കു മുകളിൽ ആസ്തിയുള്ള ‘ചില്ലറ വില്‍പനശാല’കളുടെ അധിപനായി മാറിയിട്ടുണ്ടായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഒരു പക്ഷേ, നിങ്ങൾക്കറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ചില്ലറ വിൽപനശാലയെപ്പറ്റി നിങ്ങൾക്കറിവുണ്ടാകും – വോൾമാർട്ട്! (അതെ, കുറച്ചു ദിവസം മുൻപ് പതിനാറ് ബില്യൺ ഡോളർ നൽകി ഇന്ത്യയിലെ ഏറ്റവും വലിയ ഇ–കൊമേഴ്സ് ശൃംഖലയായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്ത വോൾ മാർട്ട് തന്നെ!)’ 

സ്വപ്നം പ്രാവർത്തികമാക്കാം

പ്രശസ്ത അമേരിക്കൻ ചിന്തകനായ വില്യം ആർതർവാർഡ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: ‘‘എല്ലാവർക്കും ആഗ്രഹങ്ങളുണ്ട്. പലർക്കും സ്വപ്നങ്ങളുണ്ട്. ചിലർക്ക് ആദർശങ്ങളുണ്ട്. എന്നാൽ വളരെ കുറച്ചു ചിലർക്കു മാത്രമേ പദ്ധതികളുള്ളൂ.’’ ഭാവിയെപ്പറ്റി സ്വപ്നം കാണാത്തവരായി നമ്മിൽ ആരുമുണ്ടാകില്ല. നാം കാണുന്ന സ്വപ്നങ്ങളാണ് ജീവിതത്തെ പ്രതീക്ഷാ ഭരിതമാക്കുന്നതു തന്നെ. ഉണർന്നിരിക്കുമ്പോൾ നാം നെയ്തു കൂട്ടുന്ന ഇത്തരം സ്വപ്നങ്ങൾ പൊതുവെ രണ്ടു തരത്തിലാണുള്ളത്. ഒന്നു വർത്തമാനകാലത്തെ നിരാശയും ബോറടിയും ഒഴിവാക്കുന്നതിനായിട്ടോ ഒരു തരം ‘വെൽ ബീയിങ്’ സൃഷ്ടി ക്കുന്നതിനായിട്ടോ ഒക്കെ നാം കാണുന്ന ‘ഫാന്റസി കലർന്ന’ ദിവാസ്വപ്നങ്ങൾ. രണ്ട് : എന്തെങ്കിലുമൊക്കെ നേടണമെന്ന അതിയായ ആഗ്രഹത്താൽ ആ നേട്ടങ്ങളെപ്പറ്റി നാം കാണുന്ന സ്വപ്നങ്ങൾ.

ഇത്തരം സ്വപ്നങ്ങളിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടു പ്രവർത്തിക്കുന്നവരെയും നമുക്കു രണ്ടു ചേരികളിലായി തിരിക്കാം. ഒന്ന് : വെറും ആവേശത്തിന്റെയോ കേട്ടറിവുകളുടെയോ പുറത്ത് ‘എന്തെങ്കിലുമൊക്കെ നേടിക്കളയാം’ എന്ന ചിന്തയാൽ എടുത്തു ചാടി നഷ്ടങ്ങൾ സംഭവിക്കുന്നവർ. രണ്ട് : സ്വപ്നങ്ങളെ പ്രായോഗികമായും ക്രിയാത്മകമായും വിശകലനം ചെയ്തു പദ്ധതികൾ നടപ്പാക്കി തെറ്റുകൾ തിരുത്തി മുന്നേറുന്നവർ. ഇവർ തീർച്ചയായും സാഹസികരായിരിക്കും. എന്നാൽ എടുത്തു ചാട്ടക്കാരാകില്ല. പദ്ധതികൾ മെനയുമ്പോൾ പൂർണ സാധ്യത തോന്നിപ്പിക്കുന്ന പ്രവചനങ്ങളെക്കാൾ ഇവർ ശ്രദ്ധ നൽകുക ദീർഘവീക്ഷണത്തോടുകൂടിയ അർധസാധ്യതകൾക്കായിരിക്കും. മികച്ച ആസൂത്രണപാടവം കാട്ടുമ്പോഴും ഇവർ പലപ്പോഴും അബദ്ധങ്ങളില്‍ ചെന്നു ചാടാറുണ്ട്. എന്നാൽ ‘പ്ലാൻ എ’ പരാജയപ്പെട്ടാൽ പ്രായോഗിക്കാനായി ‘പ്ലാൻ ബി’ യും ‘പ്ലാൻ സി’ യും ഒക്കെ മുൻകൂട്ടി  തയാറാക്കിവച്ചിട്ടുണ്ടാകും ഇവർ. ലക്ഷ്യം നേടണമെന്ന പിടിവാശിയെക്കാൾ ഇവരെ നയിക്കുക ലക്ഷ്യം നേടണമെന്ന നിശ്ചയദാർഢ്യമായിരിക്കും. പ്രശസ്ത ബ്രിട്ടീഷ് തത്വചിന്തകനായ തോമസ് ഫുള്ളർ ഇക്കാര്യത്തെ ഇങ്ങനെ വിശദീകരിച്ചു: ‘‘അതിരുവിട്ട തിടുക്കം, മുൻപിൽ നോക്കാത്ത സാഹസികത എന്നിവ ഘോരമാരിയും കൊടുങ്കാറ്റുമൊക്കെയാണ്. നിങ്ങളുടെ പ്രവർത്തനങ്ങളെ അവ തകർക്കും. നേരേ മറിച്ചു ചുറുചുറുക്കം ഊർജസ്വലതയുമാകട്ടെ, വേഗം സ്വർഗത്തിലേക്കു നയിക്കുന്ന മന്ദമാരുതനും.’’

വാൾട്ടൺ എന്ന ഉദാഹരണം

സാധാരണക്കാരനായിട്ടും സാം വാൾട്ടൺ വലിയ സ്വപ്നങ്ങൾ കാണുവാൻ ധൈര്യപ്പെട്ടു. എന്നാൽ മികച്ച ആസൂത്രണ ങ്ങളിലൂടെ അദ്ദേഹം ‘റിസ്കു’കൾ കുറച്ചു കൊണ്ടുവന്നു. പദ്ധതികൾ മെനയാതെ ഒന്നിലേക്കും എടുത്തുചാടിയില്ല. തിരിച്ചടികൾ നേരിട്ടു. എന്നാൽ നിശ്ചയദാർഢ്യത്തോടെ തന്റെ സ്വപ്നങ്ങളിൽ ഉറച്ചു നിന്നു. ലോകസമ്പദ്വ്യവസ്ഥയിൽ ഈ ‘ചില്ലറ വിൽപനക്കാര’ന്റെ കയ്യൊപ്പ് ചെലുത്തിയ സ്വാധീനം ‘ചില്ലറ’ യല്ല. ഓട്ടോഗ്രാഫുകളുമായി എയർപോർട്ടുകളിൽ കാത്തു നിന്നിരുന്ന ആരാധകർ മുതൽ വ്യാപാരക്കരാറുകളുമായി കാത്തു നിന്ന ബഹുരാഷ്ട്ര കമ്പനിത്തലവന്മാരും രാഷ്ട്രത്തലവന്മാരും വരെ ആ കയ്യൊപ്പിനു വേണ്ടി മത്സരിച്ചിരുന്നു. സ്വപ്നങ്ങളുടെ ഊർജത്താൽ ഇന്നു മെനയുന്ന പദ്ധതികൾ നമ്മുടെ നാളെകളെ സമ്പുഷ്ടമാക്കും. നാളത്തെ നമ്മുടെ കയ്യൊപ്പിന്റെ മൂല്യം നിശ്ചയിക്കുന്നത് ഇന്നു നാം കാണുന്ന സ്വപ്നങ്ങളാണ്! അവയ്ക്കായി മെനയുന്ന പദ്ധതികളും!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA