sections
MORE

കളിയാക്കൽ പേടിച്ചു പഠനം നിർത്തി; പക്ഷേ, വിന്നി തളർന്നില്ല

winnie-harlow
SHARE

സീബ്ര, സീബ്ര...സ്കൂളിന്റെ പടിചവിട്ടുമ്പോഴൊക്കെ വിന്നി ഹാർലോ കേട്ടിരുന്നത് കാതടപ്പിക്കുന്ന ഈ വിളിയാണ്. പരിഹാസച്ചിരികളിൽ മനംമടുത്ത് സ്കൂളുകൾ മാറിമാറി ഒടുവിലവൾ ഹൈസ്കൂളിൽ പഠനം നിർത്തി. വർഷങ്ങൾക്കിപ്പുറം, കഴിഞ്ഞ ആഴ്ച നടന്ന പാരീസ് ഫാഷൻ വീക്കിൽ ചുവപ്പ് സ്ലിറ്റ് ഡ്രസണിഞ്ഞെത്തിയത് അതേ ‘സീബ്ര’ പെൺകുട്ടി. വെള്ളപ്പാണ്ട് പാതിപടർന്നു കയറിയ കൈകളുയർത്തി ആ ഇരുപത്തിനാലുകാരി അഭിവാദ്യം ചെയ്തപ്പോൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ സദസ്സ് വിളിച്ചു, ഹായ്, ഹായ് വിന്നി ഹാർലോ. 

വെള്ളപ്പാണ്ട് ബാധിച്ചതിന്റെ പേരിൽ സ്കൂൾജീവിതം ഉപേക്ഷിക്കേണ്ടി വന്ന പെൺകുട്ടി ഇന്നു ലോകപ്രശസ്ത ഫാഷൻ മോഡൽ ആയി വളർന്നു കഴിഞ്ഞു. 

ജമൈക്കൻ സ്വദേശികളായ വിൻഡസർ യങ്ങിന്റെയും ലിസാ ബ്രൗണിന്റെ മകളായി കാനഡയിലാണു ജനനം. നാലാം വയസ്സിൽ രോഗം ബാധിച്ചതിനുശേഷം വിന്നി നേരിട്ട അവഗണനയ്ക്കും പരിഹാസത്തിനും കണക്കില്ല.  ഉച്ചഭക്ഷണം കഴിക്കാനും കളിക്കാനുമൊക്കെ സഹപാഠികളുടെ അടുത്തു ചെല്ലുമ്പോൾ അവരവളെ ഓടിച്ചുവിടുമായിരുന്നു. മേക്കപ് ഉപയോഗിച്ചു മകളുടെ ചർമത്തിലെ നിറവ്യത്യാസം മറയ്ക്കാൻ അമ്മ പലവട്ടം ശ്രമിച്ചെങ്കിലും ‘എനിക്ക് ഈ പരിപാടി ഇഷ്ടമില്ല’ എന്നു പറഞ്ഞു വിന്നി എതിർത്തു. സ്കൂൾ ജീവിതം അവസാനിപ്പിച്ചെങ്കിലും മറ്റൊരു വഴി തുറക്കുമെന്ന വിശ്വാസത്തിലായിരുന്നു അവൾ.

പ്രശസ്ത അമേരിക്കൻ ടെലിവിഷൻ താരം ടൈറാ ബാങ്സ് ഇൻസ്റ്റഗ്രാമിൽ വിന്നിയുടെ ഫോട്ടോകൾ കണ്ടതാണു  മോഡലിങ്ങിലേക്കുള്ള വഴിതുറന്നത്. ചെറുപ്പക്കാരുടെ സ്വപ്നമായ ‘അമേരിക്കാസ് നെക്സ്റ്റ് ടോപ് മോഡൽ’ ഷോയിലേക്ക് 2014ൽ വിന്നി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ ഫൈനലിസ്റ്റായതോടെ ഓഫറുകളും കിട്ടിത്തുടങ്ങി. സ്പാനിഷ് ഫാഷൻ ബ്രാൻഡായ ഡെസിഗ്‌വല്ലിന്റെ അംബാസഡറായി തുടക്കം. തൊട്ടടുത്ത വർഷം ലണ്ടൻ ഫാഷൻ വീക്കിലൂടെ റാംപ് മോഡലിങ്ങിൽ വരവറിയിച്ചു. ഗ്ലാമർ, കോസ്മോപൊലിറ്റൻ, കോംപ്ലക്സ്, എൽ തുടങ്ങിയ മാഗസിനുകളുടെ കവർ ഗേളായി. 

‘എന്റെ കുറവുകളെ ഞാൻ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നു. കാരണം അവ എന്റെ സ്വന്തമാണ്. നമ്മുടെ ആത്മാഭിമാനത്തെ താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിക്കരുത്,’ തലയുയർത്തിപ്പിടിച്ചു വിന്നി പറഞ്ഞു, ലോകം കയ്യടിച്ചു. 

winnie harlow

ലോകത്തെ മികച്ച 100 വനിതകളിലൊരാളായി ബിബിസി 2016ൽ തിരഞ്ഞെടുത്തതോടെ പ്രശസ്തിയേറി. പോർച്ചുഗീസ് ജിക്യു മെൻ ഓഫ് ദ് ഇയർ ഈവന്റിൽ ‘റോൾ മോഡൽ’ അവാർഡ്, ഗാലാ സ്പാ അവാർഡ്സിൽ ‘ബ്യൂട്ടി ഐഡൽ’ പുരസ്കാരം, ഗ്ലാമേഴ്സ് എഡിറ്റേഴ്സ് അവാർഡ് തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങളും  തേടിയെത്തി. ലോകപ്രശസ്ത ഫാഷൻ ബ്രാൻഡ് ‘വിക്ടോറിയ സീക്രട്ടി’ന്റെ വരെ മോഡലായിക്കഴിഞ്ഞ വിന്നിയുടെ ഡേറ്റിനായി ഫാഷൻ ഡിസൈനർമാരുടെ നീണ്ടനിരയാണിപ്പോൾ കാത്തുനിൽക്കുന്നത്. 

വിന്നി പറയുംപോലെ, ‘ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയ അന്നുമുതൽ അവസരങ്ങൾ എന്റെ മടിയിൽ വന്നു വീഴുകയാണ്. ഞാൻ എന്റെ ശരീരത്തെ ഇഷ്ടപ്പെടുന്നു. ഏതു തിരിച്ചടികൾക്കിടയിലും സ്വപ്നത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് എനിക്കു തെളിയിക്കണം. ’ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA