sections
MORE

‘വാൾട്ട് ഡിസ്നി’ അവിശ്വസനീയം ഈ വിജയഗാഥ

disney-t
SHARE

അമേരിക്കയില്‍ കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നവര്‍ കാണാന്‍ ഏറെ കാംക്ഷിക്കുന്ന രണ്ടു കേന്ദ്രങ്ങളാണ് ഡിസ്‌നി വേള്‍ഡ്, ഡിസ്‌നി ലാന്‍ഡ് എന്നിവ. രണ്ടും വിനോദകേന്ദ്രങ്ങള്‍ തന്നെ. കുട്ടികള്‍ക്കു മാത്രമല്ല പ്രായമുള്ളവര്‍ക്കും ആശ്‌ചര്യവും കൗതുകവും ഉണര്‍ത്തുന്ന ദൃശ്യങ്ങളാണ് രണ്ടിടത്തുമുള്ളത്. കാർട്ടൂണ്, ആനിമേഷൻ, ശാസ്ത്രസാങ്കേതിക വിജ്ഞാനത്തിന്‍റെ അത്ഭുതകരങ്ങളായ ആവിഷ്കാരങ്ങള്‍ ഇവയെല്ലാം കണ്ണും കാതും കരളും കവരുന്ന ദൃശ്യങ്ങളിലേക്കും അനുഭൂതികളിലേക്കും നമ്മെ എത്തിക്കാതിരിക്കുകയില്ല. 

അതിവിസ്‌തൃതമായ ഈ കേന്ദ്രങ്ങളില്‍ ഒരു ദിവസം മുഴുവന്‍ ചെലവിട്ടാലും വിട്ടുപോരാന്‍ മടിക്കുന്ന അവസ്‌ഥയിലെത്തും. ശാസ്‌ത്രവും കലയും സംഗീതവും എല്ലാംകൂടി ചേർന്ന് ഒരു അത്ഭുതപ്രപഞ്ചത്തെ സൃഷ്‌ടിച്ചിരിക്കുകയാണ്. നാനാഭാഗത്തുമുള്ള അമ്യൂസ്‌മെന്‍റ് പാർക്കുകൾക്ക് പ്രചോദനവും മാതൃകയും ഡിസ്‌നിലാന്‍ഡ്‍ ആണെന്നു പറയാം. കോടികളുടെ മുടക്കുള്ള ഈ വിനോദ കേന്ദ്രങ്ങൾ സന്ദർശകരുടെ അത്ഭുതാദരവുകള്‍ പിടിച്ചുപറ്റുന്നു. ഈ അത്ഭുതലോകത്തിന്‍റെ സ്‌ഥാപകന്‍ വാൾട്ട് ഡിസ്നിയെപ്പറ്റി അറിയുമ്പോള്‍ നാം ആശ്‌ചര്യഭരിതരായിപ്പോകും. 

അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ നമുക്കു ശ്രദ്ധിക്കാം: ഞാനൊരിക്കല്‍ പറഞ്ഞു: എന്‍റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളുമാണ് എന്നെ ശക്‌തിപ്പെടുത്തിയത്. അവ നേരിടുമ്പോള്‍ നമുക്കങ്ങനെ തോന്നുകയില്ല. നാം ഏല്‍ക്കുന്ന പ്രഹരമാണ് നമുക്ക് ഏറ്റവും നന്‍മയ്‌ക്കായി പരിണയിക്കുന്നത്. ഞാന്‍ ഒരു കോളജിന്‍റെ കവാടത്തില്‍ കടന്നിട്ടില്ല. എന്നാല്‍ ചെറുപ്പം മുതലേ പടം വരയ്‌ക്കുവാനും ആനിമേഷന്‍ നടത്താനും വലിയ അഭിനിവേശമായിരുന്നു. ജീവസന്ധാരണത്തിനു വകയില്ലാത്ത ഒരു സാധുകുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. മുടി വെട്ടിക്കാന്‍ പണമില്ലാതിരുന്നതു പരിഹരിച്ചത് പുതിയ ‘ഹെയര്‍ സ്‌റ്റൈല്‍’ ഞാന്‍ വരച്ചു ബാര്‍ബര്‍ക്കു കൊടുത്താണ്. എന്‍റെ ചിത്രം അയാള്‍ക്ക് പ്രയോജനപ്രദമായതുകൊണ്ട് മുടിവെട്ട് സൗജന്യമായി ചെയ്‌തുതന്നു. ഉപജീവനത്തിനായി ഞാന്‍ ട്രെയിനുകളില്‍ കാപ്പിയും ചായയും ലഘുഭക്ഷണങ്ങളും വിറ്റുനടന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഫൈന്‍ ആര്‍ട്സ് കേന്ദ്രത്തില്‍ പോയി ക്ലാസുകളില്‍ സംബന്ധിച്ചു. എനിക്കു പതിനാറു വയസ്സുള്ളപ്പോള്‍ പഠനം മുടക്കിയിട്ട് പട്ടാളത്തില്‍ ചേരാന്‍ പോയി. നിശ്‌ചിത പ്രായം എനിക്കില്ലാതിരുന്നതുകൊണ്ട് ആ ഉദ്യമം പരാജയപ്പെട്ടു. വീണ്ടും സ്‌കൂളില്‍ പഠനം തുടരാന്‍ താല്‍പര്യമില്ലായിരുന്നു. പിന്നീട് റെഡ്‌ക്രോസിന്‍റെ ആംബുലന്‍സ് ഡ്രൈവറായി കുറെക്കാലം പ്രവര്‍ത്തിച്ചു. എനിക്കു വിശ്രമസമയം കിട്ടുമ്പോള്‍ ആംബുലന്‍സില്‍ ഇരുന്നു പടംവരയില്‍ മുഴുകും. അതെനിക്കു ഹരമായിരുന്നു. പ്രത്യേകിച്ച് കാര്‍ട്ടൂണ്‍ രചന എനിക്കേറെ ഇഷ്‌ടമായിരുന്നു. 

ആനിമേഷന്‍ വ്യവസായത്തിലേക്കു കടക്കുവാന്‍ എനിക്ക് അതിമോഹമായിരുന്നു. ജെല്‍ ഒ കമ്പനിയില്‍ ചേരാനായിരുന്നു എന്‍റെ പിതാവ് ഉപദേശിച്ചത്. പക്ഷേ എനിക്കതില്‍ താല്‍പര്യമില്ലായിരുന്നു. കന്‍സാസ് സ്‌ലൈഡ് ഷോ കമ്പനിയില്‍ എനിക്കൊരു ജോലി കിട്ടി. അപ്പോഴാണ് ഞാന്‍ ശരിയായി ആനിമേഷന്‍ വ്യവസായരംഗത്തേക്കു പ്രവേശിക്കുന്നത്. വരയില്‍ ഞാന്‍ മുഴുകി. ചിലപ്പോള്‍ നൂറുകണക്കിനു ചിത്രങ്ങള്‍ വരച്ചുമാത്രമേ മറ്റുള്ളവരുടെ ശ്രദ്ധയും താല്‍പര്യവും ആകര്‍ഷിക്കാന്‍ കഴിഞ്ഞുള്ളൂ. 

‍ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെപ്പറ്റി ചിന്തിക്കുക: ഞാന്‍ കൈവച്ച ആദ്യസംരംഭത്തില്‍ വിജയം വരിക്കുകയും സംതൃപ്‌തി കണ്ടെത്തുകയും ചെയ്‌തിരുന്നുവെങ്കിൽ ഞാന്‍ കൂടുതല്‍ അധ്വാനിക്കുന്നതിനോ കഠിനപ്രയത്നം ചെയ്യുന്നതിനോ മുതിരുകയില്ലായിരുന്നു. അതില്‍ തന്നെ ഒതുങ്ങിക്കൂടുമായിരുന്നു. വാള്‍ട് ഡിസ്‌നി ചിത്രങ്ങള്‍ക്കോ, മിക്കിമൗസ് പോലെയുള്ള കാര്‍ട്ടൂണുകള്‍ക്കോ ശ്രമിക്കുകയില്ലായിരുന്നു. എന്‍റെ മുതുകിനേറ്റ പ്രഹരമാണ് എന്‍റെ ജീവിതത്തില്‍ ഉടനീളം എന്നെ സഹായിച്ചത്. സ്‌ഥിരോല്‍സാഹവും കഠിനാധ്വാനവുമാണ് ജീവിതവിജയത്തിന്‍റെ രഹസ്യം. നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കിൽ അവ സാധ്യമാകത്തക്കവണ്ണം ആത്മവിശ്വാസവും കഠിനപ്രയത്നവുമാണ് ആവശ്യം. 

വാള്‍ട് ഡിസ്‌നിയുടെ ഈ സ്വയം വെളിപ്പെടുത്തല്‍ ഏവര്‍ക്കും പ്രചോദനം പകരുന്നതാണ്. ചില സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് പരാജിതരും നിരാശരുമായി കഴിയുന്നവരുണ്ട്. സാഹചര്യങ്ങളെ പഴി പറഞ്ഞും ചുറ്റുപാടുകളെ കുറ്റപ്പെടുത്തിയും തലേവരയെന്നു വിശ്വസിച്ചും നിഷ്‌ക്രിയരായി അവര്‍ കഴിയുന്നു. നൈസര്‍ഗികമായ കഴിവുകളെ തിരിച്ചറിയാതെ അലസതയില്‍ കഴിയുന്നവരുമുണ്ട്. അവര്‍ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഭാരമായിത്തീരുന്നു. ഒന്നും നേരെയാവുകയില്ല എന്നു പറഞ്ഞ് അശുഭാപ്‌തി ചിന്തകളുമായി കഴിയുന്നവരുമില്ലാതില്ല. സുഭാഷിതകര്‍ത്താവു പറയുന്നത് മടിയാ നീ ഉറുമ്പിനെ നോക്കി പഠിക്കുക എന്നാണ്. ഉറുമ്പ് മുന്നേറുന്ന സമയത്ത് ഒരു തടസ്സം നേരിട്ടാല്‍ അതു പിന്‍മാറുകയില്ല. മറുവഴി തേടുന്നു. ചിലപ്പോള്‍ വളഞ്ഞു ചുറ്റിപ്പോകേണ്ടിവരും. എന്നാലും അതു ലക്ഷ്യത്തിലെത്തുവാന്‍ ഭഗീരഥപ്രയത്നം നടത്തും. അതുപോലെ അലസമായിട്ട് ഇരിക്കുന്ന പ്രശ്‍നമേയില്ല. അത് എപ്പോഴും ചടുലതയിലാണ്. ഉറുമ്പു കൂട്ടിവയ്‌ക്കുന്ന സാധനങ്ങള്‍ കാണുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോകും. അത് ഒറ്റയ്‌ക്കായിട്ടല്ല; കൂട്ടായ പ്രവര്‌ത്തനത്താലാണ്. അപ്പോള്‍ പ്രവര്‍ത്തനത്തിന് ആവേശം കൂടും.

വാള്‍ട് ഡിസ്‌നി 1966ല്‍ മരണമടഞ്ഞു. അതിനു മുമ്പായി ‘അത്ഭുതലോകം’ സൃഷ്‌ടിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്‍റെ വിജയരഹസ്യം അദ്ദേഹംതന്നെ നമ്മെ ഓര്‍മപ്പെടുത്തുന്നു സ്‌ഥിരോല്‍സാഹവും, കഠിനപ്രയത്നവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA