sections
MORE

മികച്ച ടീം പ്ലെയർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അരുന്ധതി

Arundhati Bhattacharya
SHARE

അരുന്ധതി ഭട്ടാചാര്യ സ്റ്റേറ്റ് ബാങ്കിന്റെ പടിയിറങ്ങിയിട്ട് ഒക്ടോബറിൽ ഒരു വർഷം പൂർത്തിയായിരിക്കുന്നു. അഞ്ചു വർഷം മുൻപ്, 214 വർഷത്തെ പാരമ്പര്യമുള്ള സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ അമരത്തേക്ക് ആദ്യ വനിതാ സാരഥി എത്തുമ്പോൾ രാജ്യത്തിന്റെ ബാങ്കിങ് മേഖലയില്‍ അതു പുതുമയല്ലായിരുന്നു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതീയ മഹിളാ ബാങ്ക് എന്നിവയിലെല്ലാം വനിതാ മേധാവിമാർ. ധനകാര്യ സ്ഥാപനങ്ങളുടെ താക്കോൽ സ്ത്രീകളുടെ കയ്യിൽ സുരക്ഷിതമായിരുന്ന കാലം. പക്ഷേ, രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ നയിക്കുക എന്ന വലിയ ഭാരമാണ് എസ്ബിഐ മേധാവിയെന്ന നിലയില്‍ അരുന്ധതി ഭട്ടാചാര്യക്കു വഹിക്കാനുണ്ടായിരുന്നത്. 

അരുന്ധതിയുടെ കിരീടത്തിൽ അനുബന്ധ ബാങ്കുകളുടെ ലയനമുള്‍പ്പെടെയുള്ള തൂവലുകളുണ്ട്, വായ്പ വിതരണം പ്രതീക്ഷിച്ചത്ര ഉയർന്നില്ലെന്നതും ഡിജിറ്റല്‍വല്‍ക്കരണം പൂർണമായി നടപ്പാക്കാനായില്ലെന്നതും തന്റെ സങ്കടങ്ങളായി അവശേഷിക്കുന്നു എന്ന് അവർ പറയുമ്പോഴും. അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ഒരുമിച്ചുചേർത്തു ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറ്റുവാൻ അരുന്ധതിയുടെ നേതൃത്വത്തിനു സാധിച്ചു.

കേരളം, പഞ്ചാബ്, രാജസ്ഥാൻ, ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാങ്കിനു വളർച്ച നേടാനായെന്ന് അരുന്ധതി പറഞ്ഞു. ലയനം നടന്ന സംസ്ഥാനങ്ങളിലെ വളർച്ചാ നിരക്ക് ഉയർന്നപ്പോൾ മറ്റു സംസ്ഥാനങ്ങൾ താഴേക്കു പോയില്ല. ഏറെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നിറഞ്ഞതും എന്നാൽ, ഏറ്റവും സുന്ദരവുമായ കാലഘട്ടമാണു ആ നാലു വർഷങ്ങളെന്ന് അരുന്ധതി പറയുന്നു. 

ഇനി ബാങ്കിങ് മേഖലയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞാണ് അരുന്ധതി ഭട്ടാചാര്യ സ്റ്റേറ്റ് ബാങ്കിന്റെ പടിയിറങ്ങിയത്. റിലയൻസ് ഇൻഡസ്ട്രീസ് കമ്പനിയുടെ ഡയറക്ടറായി അരുന്ധതി നിയമിതയായിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

കരിയർ

∙ വെല്ലുവിളികൾ നിറഞ്ഞ ജോലികൾ ഏറ്റെടുക്കുന്നതിലും വിജയം കണ്ടെത്തുന്നതിലും മികവു തെളിയിച്ച നാലു പതിറ്റാണ്ട് നീളുന്ന ബാങ്കിങ് കരിയർ. 

∙ എസ്ബിഐയുടെ നിർണായകമായ പല നീക്കങ്ങളുടെയും ചാലക ശക്തിയായി. 

∙ എസ്ബിഐ ജനറൽ ഇൻഷുറൻസും എസ്ബിഐ കസ്റ്റോഡിയൻ ഇൻഷുറൻസും മൊബൈൽ ബാങ്കിങ് സർവീസും നടപ്പാക്കി. 

∙ എസ്ബിഐ ചെയർപഴ്സൻ എന്ന നിലയിൽ മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കിയ അരുന്ധതിക്ക് ഒരു വർഷത്തേക്കു കൂടി ചുമതല നീട്ടിനൽകുകയായിരുന്നു. 

∙ സ്റ്റേറ്റ് ബാങ്കുകളുടെ ലയനം, ലോകനിലവാരത്തിലുള്ള ആഗോള ഭീമൻ ബാങ്കായി എസ്ബിഐയെ മാറ്റുക തുടങ്ങിയ സുപ്രധാന ദൗത്യങ്ങൾ നിർവഹിച്ചു. 

∙ യുപി മുതൽ ന്യൂയോർക്ക് വരെ നീണ്ട ജോലിക്കാലം. ഫോറിൻ എക്സ്ചേഞ്ച്, ട്രഷറി, റീട്ടെയിൽ രംഗം, ഹ്യൂമൻ റിസോഴ്സ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് തുടങ്ങി ബാങ്കിങ് മേഖലയുടെ വിവിധ മേഖലകളിൽ തിളങ്ങി. 

∙ തലപ്പത്തിരിക്കുമ്പോഴും മികച്ച ടീം പ്ലെയർ എന്ന് അരുന്ധതിയുടെ സ്വയം വിശേഷണം. 

∙ ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 2016 ലെ ലോകത്തെ ഏറ്റവും കരുത്തരായ 100 സ്ത്രീകളുടെ പട്ടികയിൽ അരുന്ധതി ഭട്ടാചാര്യ 25–ാം സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. 

കുടുംബം 

ഐഐടി ഖരഗ്പൂറിലെ പ്രഫസറായിരുന്ന പ്രതിമോയ് ഭട്ടാചാര്യയാണു ഭർത്താവ്.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അരുന്ധതിയുടെ ജോലിത്തിരക്കുകൾ വളർന്നു കയറിയപ്പോൾ വീട്ടുകാര്യങ്ങൾ ഏറ്റെടുത്ത് അദ്ദേഹം ജോലി ഉപേക്ഷിച്ചു. പിന്നീട് സ്വന്തമായി കമ്പനി തുടങ്ങി. മകൾ–സുകൃത ഭട്ടാചാര്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA