sections
MORE

പരാജയങ്ങളിൽ നിന്ന് ജാക്ക്മായുടെ വിജയക്കുതിപ്പ്

Jack Ma
SHARE

ജാക്ക്മാ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചൈനാക്കാരൻ മായൂന്നേ അറിയില്ലേ? ഇന്റർനെറ്റിന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തി സഹസ്രകോടികളുടെ ഉടമയായ ഈ അമ്പത്തിനാലു വയസുകാരൻ ജീവിത വിജയം നേടാൻ ആഗ്രഹിക്കുന്നവർക്കൊക്കെയും  പ്രചോദനമാണ്. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഉൽപന്ന വിപണന സ്ഥാപനമായ ‘ആലിബാബ’യുടെ സ്ഥാപകനും ചെയർമാനുമായ ജാക്ക്മാ തന്റെ പരിമിതികളെ അതിജീവിച്ച് ആരെയും അമ്പരപ്പിച്ച വിജയങ്ങൾ നേടിയ ആളാണ്. കഷ്ടപ്പാടുകളുടെ കാലത്ത് അദ്ദേഹത്തിന് താങ്ങും തണലുമായിരുന്ന ഭാര്യ പറഞ്ഞ ഒരു അഭിപ്രായം ശ്രദ്ധേയമാണ്. ‘‘എന്റെ ഭർത്താവ് വലിയ സുന്ദരൻ അല്ലെങ്കിലും അതിസുന്ദരന്മാർക്ക് ചെയ്യാൻ കഴിയാത്ത പലതും അദ്ദേഹത്തിനു ചെയ്യാൻ കഴിയും.’’

ചെറുപ്പം മുതൽക്കേ പഠനത്തിൽ വലിയ മികവില്ലായിരുന്ന ജാക്കിന് പക്ഷേ ഇംഗ്ലിഷ് ഭാഷ പഠിക്കാൻ വലിയ താൽപര്യമായിരുന്നു. ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ വിമുഖത കാട്ടുന്ന ചൈനീസ് സമൂഹത്തിൽനിന്നുള്ള ഒരാൾ ഈ ഭാഷയിൽ നൈപുണ്യം നേടണമെങ്കിൽ കഠിനമായ പരിശ്രമം ആവശ്യമാണ്. പ്രൈമറിതലത്തിൽ രണ്ടു തവണയും മിഡിൽ സ്കൂളിൽ മൂന്നു തവണയും തോറ്റ ജാക്മാ ഒൻപതു വർഷത്തെ പരിശ്രമത്തിലൂടെ ഇംഗ്ലിഷ് ഭാഷയിൽ വൈദഗ്ധ്യം നേടി. ഇംഗ്ലിഷ് പറഞ്ഞു ശീലിക്കാനായി ചൈനയിലെത്തിയ വിദേശ ടൂറിസ്റ്റുകൾക്ക് സഹായിയായും ഗൈഡായും പ്രതിഫലം വാങ്ങാതെ അദ്ദേഹം പ്രവർത്തിച്ചു. ചൈനീസ് സർവകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയിൽ മൂന്നു തവണ പരാജയപ്പെട്ട ജാക്ക്മാ പിന്നീട് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടി. 

പ്രതിമാസം 12 ഡോളർ ശമ്പളത്തിൽ ഇംഗ്ലിഷ് അധ്യാപകനായി ജോലി ചെയ്യവേ 1994 ൽ അമേരിക്കയിലേക്ക് പോയ ഒരു ബിസിനസ് സംഘത്തിൽ അംഗമായി. അമേരിക്കയിൽവച്ച് ഇന്റർനെറ്റിന്റെ സാധ്യതകൾ മനസിലാക്കിയ ജാക്ക്മാ ചൈനീസ് കമ്പനികൾക്കായി വെബ്സൈറ്റുകൾ  നിർമിക്കുന്ന ഒരു കമ്പനി തുടങ്ങി. ഏറ്റവും അടുത്ത 17 സുഹൃത്തുക്കളുമായി പിന്നീടു തുടങ്ങിയ ആലിബാബ എന്ന ഓൺലൈൻ വ്യാപാര കേന്ദ്രം ചരിത്ര വിജയം കുറിച്ചു. ഇന്നു ലോകത്തെ മറ്റെല്ലാ ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളിലൂടെയും നടക്കുന്നതിലും കൂടുതൽ ഇടപാടുകളാണ് ‘ആലിബാബ’യിലൂടെ നടക്കുന്നത്.

നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കണമെന്നില്ല. എന്നാൽ വൈകാരിക പ്രതിബദ്ധതയോടെയും  ലക്ഷ്യബോധത്തോടെയും ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയം സമ്മാനിക്കും. ബിരുദമെടുത്തതിനു ശേഷം തൊഴിലിനായി 30 അപേക്ഷകൾ അയച്ച ജാക്മായുടെ 30 അപേക്ഷകളും നിരസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നാട്ടിൽ തുടങ്ങിയ കെഎഫ്സിയുടെ ഷോപ്പിൽ ജോലിക്കായി ഇന്റർവ്യൂവിന് എത്തിയ 24 പേരിൽ ജാക്ക്മാ ഒഴികെ 23 പേർക്കും ജോലി ലഭിച്ചു. കഴിവുകേട് ചൂണ്ടിക്കാട്ടി മറ്റുള്ളവർ അവസരങ്ങൾ നിഷേധിച്ചപ്പോഴൊക്കെയും തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് ശുഭപ്രതീക്ഷയോടെ അടുത്ത അവസരങ്ങളെ സമീപിച്ചതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ലക്ഷ്യത്തിൽനിന്നു പിന്തിരിയാത്തിടത്തോളംകാലം വിജയിക്കാനുള്ള സാധ്യത അവശേഷിക്കുന്നു. ഇടയ്ക്ക് ഉപേക്ഷിച്ചു പോകുന്നതാണ് ഏറ്റവും വലിയ പരാജയം. ജാക്ക്്മായുടെ വിജയം ഇന്നു മാനേജ്മെന്റ് വിദ്യാർഥികൾക്ക് ഒരു പഠന മാതൃകയാണ്. ‘‘ഇന്നു കഷ്ടപ്പാടുകൾ നിറഞ്ഞതാവാം, നാളെയും അങ്ങനെ ആവാം, എന്നാൽ മറ്റന്നാൾ മനോഹരവും ആസ്വാദ്യകരവും ആയിരിക്കും’’ ജാക്ക്മായുടെ വാക്കുകളാണിത്. ഭാവി നമുക്ക് അനുകൂലമാക്കാൻ ഇന്നത്തെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കാണിക്കുക. ശുഭ പ്രതീക്ഷയോടെ മുന്നേറുക. 

Be Positive>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA