sections
MORE

നഴ്സറിപ്പാട്ടിൽനിന്നു കോടിപതിയിലേക്ക്

Vinoth-Chandar
SHARE

നഴ്സറിപ്പാട്ടെന്നാൽ വെറും കുട്ടിക്കളിയാണെന്നു നമ്മളിൽ പലർക്കും തോന്നിയേക്കാം. എന്നാൽ ഒരു നഴ്സറിപ്പാട്ടിൽനിന്ന് ഒരു ബിസിനസ് സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ഒരാളുടെ കഥ കേൾക്കാം. മകൾക്കു വേണ്ടി യൂട്യൂബിൽ നഴ്സറിപ്പാട്ടു വിഡിയോകൾ തിരഞ്ഞതാണു വിനോദ് ചന്ദർ എന്ന ടെക്കി പിതാവ്. പക്ഷേ, വെറും വിനോദം മാത്രം പോരായിരുന്നു വിനോദിന്. കളിയിൽ അൽപം കാര്യം കൂടി ഉൾപ്പെടുന്ന വിജ്ഞാനപ്രദമായ വിഡിയോകളാണ് ഇദ്ദേഹം തിരഞ്ഞത്. പക്ഷേ അത്തരം നല്ല വിഡിയോകളൊന്നും അധികം കണ്ടെത്താനായില്ല. എന്നാൽപിന്നെ സ്വന്തമായി ഒരു വിഡിയോ ഉണ്ടാക്കി മകളെ രസിപ്പിക്കാമെന്നു വിനോദ് കരുതി. 

ചബ്ബി ചീക്ക്സ് എന്ന നഴ്സറിപ്പാട്ടു ചേർത്തു സ്വന്തമായി ഒരു കുട്ടിവിഡിയോ നിർമിച്ചു. മകൾക്ക് വിഡിയോ പെരുത്തിഷ്ടമായപ്പോൾ മറ്റു കുട്ടികൾക്കു കൂടി പ്രയോജനപ്പെടട്ടെ എന്ന ചിന്തയോടെ വിനോദ് അതു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു. 2 ആഴ്ച കൊണ്ടു വിഡിയോയ്ക്ക് 30,000 കാഴ്ചക്കാരെ ലഭിച്ചതു കണ്ടു വിനോദിന്റെ കണ്ണു തള്ളി. അടുത്ത വീഡിയോ ഉടൻ നിർമിച്ചു. ഇത്തവണ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനമാണ് പ്രയോഗിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ അതും ഹിറ്റ്. രണ്ടു വിഡിയോകൾ വിനോദിനു നേടിക്കൊടുത്തത് 5000 വരിക്കാരെ. ഇന്നു പല കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ചിരപരിചിതമായ ‘ചൂ ചൂ ടി വി’ എന്ന യൂട്യൂബ് ചാനലിന്റെ തുടക്കമായിരുന്നു അത്. മകൾ ഹർഷിതയെ വീട്ടിൽ വിളിക്കുന്ന ‘ചൂ ചൂ’ എന്ന പേരാണു വിനോദ് ചാനലിന് ഇട്ടത്.

4 വർഷത്തിനിപ്പുറം 29 ദശലക്ഷം വരിക്കാരും 1900 കോടി വ്യൂവുമായി യൂട്യൂബ് ചാനലുകളിലെ സൂപ്പർ സ്റ്റാറാണ് ചൂ ചൂ ടിവി. 154 വിഡിയോകളുമായി നൂറോളം രാജ്യങ്ങളിലെ കുട്ടികളിലേക്കു ചൂ ചൂ ടിവി ഇറങ്ങിച്ചെന്നു. എജ്യൂടെയ്ൻമെന്റ് പ്രീ സ്കൂൾ വിഭാഗത്തിലെ വരിക്കാരുടെ എണ്ണത്തിൽ ഏഷ്യാ പസഫിക്ക് മേഖലയിൽ ഒന്നാമതും ലോകത്തിലെ തന്നെ രണ്ടാമതുമാണ് ചൂ ചൂ ടിവി. 10 ദശലക്ഷം വരിക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടപ്പോൾ യൂട്യൂബിന്റെ 'ഡയമണ്ട് പ്ലേ ബട്ടൺ'  അംഗീകാരവും ചൂ ചൂ ടിവിയെ തേടിയെത്തി. 

വിനോദ് എന്ന ഒറ്റയാൾ പട്ടാളത്തിൽനിന്ന് ആർട്ടിസ്റ്റുകളുടെ എണ്ണം മാത്രം 200 ൽ അധികമായി ഉയർന്നു. ഇംഗ്ലിഷിനു പുറമേ സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് ചാനലുകളും ചൂ ചൂ ടിവിക്കുണ്ട്. 

സ്മാർട്ട് ഫോണുകളുടെ ലോകത്തു വളരുന്ന ഇന്നത്തെ കുട്ടികൾ ചെറു പ്രായത്തിൽ തന്നെ സാങ്കേതിക വിദ്യയുമായി പരിചയപ്പെടുന്നു. രസിക്കാൻ എന്തെങ്കിലും നൽകുന്നതിനൊപ്പം കുട്ടികളുടെ കഴിവുകൾ വളർത്താനുമുള്ള ശ്രമമാണ് ചൂ ചൂ ടിവി യെ വ്യത്യസ്തമാക്കുന്നതെന്നു വിനോദ് അഭിപ്രായപ്പെടുന്നു. ഒരു യൂട്യൂബ് ചാനലിനെ വിജയിപ്പിക്കാനുള്ള വിനോദിന്റെ ഫോർമുല ലളിതമാണ്. നല്ല ഗുണനിലവാരമുള്ള കണ്ടന്റ്, ഒരു പ്രത്യേക വിഭാഗം ടാർജറ്റ് പ്രേക്ഷകർ, വിഡിയോകളുടെ തുടർച്ചയായുള്ള അപ്‌ലോഡിങ്. തമിഴിൽ അവതരിപ്പിച്ച ചൂ ചൂ ടിവി ഹിന്ദി ഉൾപ്പെടെ മറ്റ് ഇന്ത്യൻ ഭാഷകളിൽ കൂടി തയാറാക്കാനുള്ള ശ്രമത്തിലാണു വിനോദും കൂട്ടരും.

More Success Stories >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA