sections
MORE

ആഗ്രഹിച്ചത് എസ്.ഐ ആകാൻ, ഇന്നു പോലീസുകാർക്കു ക്ലാസ്സെടുക്കുന്നു

Ganesh-Kailas
SHARE

2006. ബോധം തെളിയുമ്പോൾ ഐസിയുവിലാണ്. ചില്ലു ജാലകത്തിലൂടെ നോക്കുന്ന അമ്മയ്ക്കു നേരെ കൈ ഉയർത്താൻ ശ്രമിച്ച ഗണേഷ് കൈലാസ് നടുങ്ങി, അനങ്ങുന്നില്ല..! കഴുത്തിനു താഴെ വല്ലാത്ത തരിപ്പും തണുപ്പും.

നട്ടെല്ലിന്റെ അസ്ഥികൾപൊട്ടി സുഷുമ്ന നാഡിയിലേക്കു തുളച്ചുകയറിയിരുന്നു. ‘ ഇനിയൊന്നു ചെയ്യാനാകില്ല. ഇങ്ങനെ കിടത്താനേ കഴിയൂ’ എന്നു ഡോക്ടറുടെ വിധി. ബൈക്ക് അപകടത്തെ തുടർന്നുള്ള ആ കിടപ്പിൽ നിന്ന് പ്രചോദനപ്രഭാഷകൻ എന്ന പ്രശസ്തിയിലേക്കുള്ള 12 വർഷത്തിനിടെ ഗണേഷ് താണ്ടിയതു കൈലാസത്തോളം വലിയ വിഘ്നങ്ങൾ.

സ്വപ്നം വീണുടഞ്ഞപ്പോൾ
ഒറ്റപ്പാലത്തിനടുത്തു മുന്നൂർക്കോട് ‘കൈലാസി’ൽ റിട്ട. സബ് ഇൻസ്പെക്ടർ വി. ശങ്കരൻകുട്ടിയുടെയും കല്യാണിക്കുട്ടിയുടെയും ഇളയ മകൻ ഗണേഷിനു പൊലീസ് ഇൻസ്പെക്ടർ ആകാനായിരുന്നു ആഗ്രഹം. പിജിക്കു ശേഷം എസ്ഐ പ്രാഥമിക പരീക്ഷയും പാസായി. തൽക്കാലത്തേക്കു മരുന്നുകമ്പനിയിൽ ജോലിക്കു കയറിയ ഗണേഷ് ബൈക്കിൽ പോകുമ്പോഴായിരുന്നു സ്വപ്നങ്ങളെല്ലാം തലകുത്തി വീണ അപകടം. വൺവേ തെറ്റിച്ചു വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

എഴുന്നേൽക്കില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞെങ്കിലും ബന്ധുക്കളും സുഹൃത്തുകളും രക്ഷതേടി പലവഴികളിലൂടെ ഓടി. ഒടുവിൽ വൈക്കത്തെ ഇൻഡോ–അമേരിക്കൻ ആശുപത്രിയിലെ ഡോ. അജയ്കുമാർ രക്ഷകനായി. 14 മണിക്കൂർ ശസ്ത്രക്രിയ. മൂന്നരമാസം ഒരേ കിടപ്പ്. ഒന്നു ചെരിച്ചുകിടത്താൻ പോലും നാലഞ്ച് പേരുടെ സഹായം വേണം. കിടന്നുകിടന്നുണ്ടായ വ്രണങ്ങളുടെ പീഡ വേറെ.

സഹോദരൻ ഗിരീഷ്കുമാർ ജോലി ഉപേക്ഷിച്ച് അനിയനു കൂട്ടിരുന്നു. സഹോദരി ഗീതയും ഭർത്താവ് ബെംഗളൂരു ഇന്റൻനാഷനൽ എയർപോർട്ട് സീനിയർ മാനേജർ ഹരിദാസും പിന്തുണയുമായി ഒപ്പം. പതിയെ വീൽചെയറിൽ ഇരിക്കാമെന്നായി, പിന്നെ കൊച്ചി ന്യൂറോ റിഹാബിലിറ്റേഷൻ കേന്ദ്രത്തിൽ ഫിസിയോ തെറപ്പി. അവിടെയെത്തുന്ന കുട്ടികളെ കണ്ടപ്പോൾ സ്വന്തം വേദന മറന്നെന്നു ഗണേഷ്.

പരിമിതി മറന്നു, പറന്നുയർന്നു
സ്വപ്നങ്ങളുടെ ചാരത്തിൽനിന്നു മനസ്സ് ഉയരങ്ങളിലേക്കു ചിറകുവിടർത്തിത്തുടങ്ങി. വീൽ ചെയറിലിരുന്ന്, വിദ്യാർഥികൾക്കു ട്യൂഷനെടുത്തു. യുകെയിലുള്ള സുഹൃത്ത് ജഗദീഷുമായി ചേർന്ന് ‘ഗോ ഡു’ എന്ന പേരിൽ ടി–ഷർട്ട് വ്യാപാരവും ആരംഭിച്ചു. പരിമിതികൾക്കപ്പുറത്തേക്കു മനസ്സെത്തിയപ്പോൾ വിജയവും പിന്നാലെ. കാറോടിക്കാൻ വരെ തുടങ്ങി.

സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ പങ്കാളിയായതിനെ തുടർന്നാണു പ്രചോദന പ്രഭാഷണങ്ങൾ(മോട്ടിവേഷൻ ക്ലാസുകൾ) തുടങ്ങിയത്. ഇൻസ്പെക്ടറാകണമെന്ന സ്വപ്നം പൊലിഞ്ഞെങ്കിലും പാലക്കാട്ട് പൊലീസുകാർക്കു ക്ലാസെടുക്കാനുള്ള നിയോഗം ഗണേഷിനെ തേടിയെത്തി. സ്വന്തംകഥ തന്നെയാണ് അപരരിലേക്കു പ്രചോദനം പകരുന്ന ഇന്ധനം. ഇതിനിടെ, ചെമ്പിലോട് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും കണ്ണൂർ മട്ടന്നൂർ സ്വദേശിയുമായ ശ്രീലേഖ, ഗണേഷിന്റെ ജീവിതത്തിലേക്ക് എത്തി. മകൻ അശ്വിൻ.

More Success Stories >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA