sections
MORE

അറിയണം, ഭിന്നശേഷിക്കാരായ 36 കുട്ടികളുടെ 'അമ്മ'യുടെ കഥ

hai-yasmin1-t
SHARE

‘ഒന്നും അറിയില്ലെങ്കിൽ വീട്ടിൽ പാത്രം കഴുകിയിരുന്നാൽ പോരേ’ എന്നു കളിയാക്കിയ ഉദ്യോഗസ്ഥൻ ഇപ്പോൾ യാസ്മിൻ അരിമ്പ്രയെ കണ്ടാൽ ബഹുമാനത്തോടെ എഴുന്നേറ്റുനിൽക്കും. മലപ്പുറം ജില്ലയിലെ തെന്നലയെ കേരളത്തിലെ അറിയപ്പെടുന്ന കാർഷികഗ്രാമമാക്കിയത്, ഈ സാധാരണക്കാരിയാണ്. സെക്രട്ടേറിയറ്റിൽ വരെ രുചിയോടെ വിളമ്പുന്ന ജൈവ അരി ഉൽപാദനത്തിനു നേതൃത്വം നൽകുന്ന തെന്നല അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ അമരക്കാരി. കുടുംബശ്രീയിലുടെ കരുത്താർജിച്ച സാധാരണ സ്ത്രീയുടെ പ്രതീകം. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 36 കുട്ടികൾക്കു വേണ്ടി സ്വന്തം ചെലവിൽ നടത്തുന്ന ബ്ലൂംസ് സ്കൂളിന്റെ ദൗത്യത്തിലാണിപ്പോൾ യാസ്മിൻ.

തെന്നല ബ്രാൻഡ്

യാസ്മിൻ കുടുംബശ്രീയിൽ ചേർന്നതു 2011ൽ. സിഡിഎസ് ചെയർപഴ്സൻ ആയതിനു പിന്നാലെ നടന്ന യോഗത്തിനിടെ ഒരിക്കൽ കൃഷി ചർച്ചയായി. കൃഷിയോടാണു താൽപര്യമെന്നു പറഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ കുറെ ചോദ്യങ്ങൾ ചോദിച്ചു. ഉത്തരമറിയാതെ നിന്നപ്പോഴായിരുന്നു കളിയാക്കൽ, പാത്രം കഴുകിയിരുന്നാൽ പോരേ എന്ന്. മടിച്ചില്ല, തിരിച്ചെത്തി നാട്ടിലുള്ള സ്ത്രീകളെയും കൂട്ടി കൃഷി തുടങ്ങി. ഒറ്റവർഷം, മലപ്പുറം ജില്ലയിൽ കുടുംബശ്രീ കൃഷിയിൽ ഒന്നാം സ്ഥാനത്തെത്തി തെന്നല.

തരിശുപാടങ്ങളിൽ 126 ഏക്കറിലായിരുന്നു പാട്ടക്കൃഷി. കൃഷി അറിയുന്നവരും അല്ലാത്തവരുമായ സ്ത്രീകളെല്ലാം ആ സംഘബലത്തിൽ കൈപിടിച്ചു. 2012ൽ ഫാർമേഴ്സ്ക്ലബ് രൂപീകരിച്ചു. യാസ്മിൻ മാനേജിങ് ഡയറക്ടറായി 2015ൽ തെന്നല അഗ്രോ പ്രൊഡ്യൂസർ കമ്പനിയും. 1000 രൂപ നിക്ഷേപിച്ച് 500 പേരാണു കമ്പനിയിൽ ഓഹരിയെടുത്തത്. എല്ലാവരും സ്വന്തം ചെലവിൽ കൃഷിയിറക്കും. വിത്തും വളവും സബ്സിഡിയോടെ കൃഷിഭവൻ നൽകും. മാർക്കറ്റ് വിലയെക്കാൾ കൂടുതൽ നൽകി അംഗങ്ങളിൽ നിന്നു കമ്പനി നെല്ലുവാങ്ങും. തെന്നല എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കും. പൂർണമായും ജൈവകൃഷിയായതിനാൽ ആവശ്യക്കാർ ഏറെ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നു ‘തെന്നല’ തേടി ആളുകളെത്തുന്നു.

hai-yasmin2-t
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തുടങ്ങിയ സ്കൂളിൽ യാസ്മിൻ.

നിസ്സഹായതയുടെ ബ്ലൂംസ്

കൃഷിക്കാര്യത്തിൽ വീടുകളിൽ ചെന്നപ്പോൾ യാസ്മിൻ ശ്രദ്ധിച്ചു, പല വീടുകളിലും ഭിന്നശേഷിക്കാരായ മക്കൾ. പലരും പിതാക്കന്മാർ കൈവിട്ടവർ. മക്കൾ ഭിന്നശേഷിക്കാരാണെന്നറിഞ്ഞ് ഉപേക്ഷിക്കുകയായിരുന്നെന്ന് അമ്മമാരുടെ കണ്ണീർ. 

കുട്ടികളെ വീട്ടിലാക്കി ജോലിക്കുപോലും പോകാൻ കഴിയാതെ വിഷമിക്കുകയായിരുന്നു അവർ. ‘എന്തെങ്കിലും വഴി കണ്ടെത്തിത്തരുമോ’ എന്ന അവരുടെ ചോദ്യത്തിൽ നിന്നാണു യാസ്മിൻ സ്കൂൾ തുടങ്ങിയത്. ഭിന്നശേഷിക്കാരായ 36 കുട്ടികൾക്കു സാന്ത്വനമായ സ്ഥാപനം. പക്ഷേ, കുടുംബശ്രീയുടെയും കമ്പനിയുടെയും തിരക്കിൽ അധികകാലം മുന്നോട്ടുപോയില്ല. സ്കൂൾ പൂട്ടി. സങ്കടങ്ങൾ എണ്ണിപ്പറഞ്ഞ് അമ്മമാർ വീണ്ടുമെത്തി. ‘ങ്ങളോട് പടച്ചോൻ പൊറുക്കില്ല’ എന്നുവരെ പറഞ്ഞുകളഞ്ഞു ചിലർ. ഉള്ളുലഞ്ഞു യാസ്മിൻ തീരുമാനിച്ചു, ഇനി ഈ കുട്ടികൾക്കു തന്നെ ആദ്യപരിഗണന. സിഡിഎസ് ചെയർപഴ്സൺ ചുമതലയിൽ നിന്നു മാറി. മാർച്ച് ഒന്നിന് ‘ബ്ലൂംസ്’ എന്ന പേരിട്ട് വാടകകെട്ടിടത്തിൽ സ്കൂൾ തുടങ്ങി. അധ്യാപകരുടെ ശമ്പളം, ഓട്ടോ വാടക, കെട്ടിട വാടക എന്നിവയ്ക്കായി മാസം 31,000 രൂപ വേണം. എല്ലാം പലരുടെയും സഹായത്തോടെ കണ്ടെത്തുകയാണ്. ചിലമാസങ്ങളിൽ ആരും സഹായിച്ചില്ലെങ്കിൽ കടംവാങ്ങും. അങ്ങനെ കടംപെരുകി വലിയ സംഖ്യയായിട്ടുണ്ടിപ്പോൾ. എങ്കിലും സ്കൂൾ നടത്തിപ്പിനു പണം കണ്ടെത്താൻ സ്വന്തമായൊരു ബിസിനസ് തുടങ്ങാനുള്ള ഓട്ടത്തിലാണിപ്പോൾ യാസ്മിൻ. അഗ്രോ കമ്പനിയും കൃഷിയുമെല്ലാം പഴയതിലും ഉത്സാഹത്തോടെ ഒപ്പം നടത്തുന്നുമുണ്ട്.

എന്റെ മക്കൾക്കു തുണവേണം

സങ്കടത്തോടെയാണു യാസ്മിൻ പഠനം പാതിവഴിയിൽ നിർത്തിയത്. പിന്നീടു തുല്യതാ പരീക്ഷയിൽ പത്താംക്ലാസ് ജയിച്ചു. പ്ലസ്ടുവിനും ഉയർന്ന മാർക്ക്. കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിൽ ബിഎയ്ക്കു പഠിക്കുകയാണിപ്പോൾ.

‘‘ കൃഷിയിലൂടെ എന്റെ നാട്ടിലെ വീട്ടമ്മമാരെല്ലാം സ്വന്തംകാലിൽ നിൽക്കുന്ന അവസ്ഥയിലെത്തി. യാസ്മിൻ എന്ന ഒരാളില്ലെങ്കിലും കാര്യങ്ങൾ ഭംഗിയായി മുന്നോട്ടുപോകും. പക്ഷേ, എന്റെ മക്കൾക്കു ഞാൻ തന്നെ വേണം. ഇപ്പോൾ അവരുടെ അമ്മമാരൊക്കെ സമാധാനത്തോടെ ജോലിക്കു പോകുന്നുണ്ട്. പെൺകുട്ടികളെയെല്ലാം സുരക്ഷിതമായി ഏൽപ്പിച്ചുപോകാൻ അവർക്കു കഴിയുന്നു. ഇനിയും ഈ സ്കൂൾ പൂട്ടേണ്ട അവസ്ഥയുണ്ടാകരുത്. അതാണെന്റെ പ്രാർഥന’’. ബ്ലൂംസിലെ ‘മക്കളെ’ ചേർത്തുനിർത്തി യാസ്മിൻ പറഞ്ഞു. അരിമ്പ്ര വീട്ടിൽ അലവിയുടെയും ഖദീജയുടെയും ഇളയമകളാണു യാസ്മിൻ(35). അവിവാഹിത.

ചില ജീവിതങ്ങൾ അങ്ങനെയാണ്, മറ്റുള്ളവർക്കു വേണ്ടിയാണ് അവർ ജീവിക്കുന്നത്. യാസ്മിൻ എന്ന വാക്കിന്റെ അർഥം മുല്ലപ്പൂ. ഈ പൂവ് വിടർന്നതും സുഗന്ധം പരത്തുന്നതും അശണർക്കുവേണ്ടിയാണ്. അതുകൊണ്ടു തന്നെ ഒരിക്കലും വാടാതിരിക്കാൻ നമ്മളും കൂടെ നിൽക്കണ്ടേ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA