sections
MORE

നൈക്കിന്റെ വിജയത്തിനു പിന്നിൽ ഈ തീരുമാനങ്ങൾ

Nike
SHARE

ലളിതമായ ഒരു ചിഹ്നത്തിലൂടെ ലോകമെമ്പാടും പരിചിതമായ ഒരു ബ്രാൻഡാണ് നൈക്കി (Nike). സ്പോർട്സ് ഷൂസ് നിർമ്മാണ വിതരണ മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനക്കാരായ നൈക്കി സ്പോർട്സ് അനുബന്ധ ഉപകരണ നിർമ്മാണത്തിലും മുൻനിരയിലാണ്. നൈക്കിയുടെ സഹസ്ഥാപകരിൽ ഒരാളായ ഫിൽ നൈറ്റിന്റെ (Phil Knight) തന്ത്രപരമായ തീരുമാനങ്ങളാണ് ഒരു ലോകോത്തര ബ്രാൻഡ് സൃഷ്ടിക്കാൻ കാരണമായത്.

ഒറിഗോൺ സർവകലാശാലയിൽ നിന്നും ബിരുദമെടുത്തതിനു ശേഷം സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദത്തിനു പഠിക്കുന്ന കാലത്താണു ജപ്പാൻ ഉൽപന്നങ്ങളുടെ ഗുണമേന്മയെക്കുറിച്ചു ഫിൽ‌നൈറ്റ് മനസ്സിലാക്കുന്നത്. പഠനകാലത്ത് ഒരു മികച്ച അത്‌ലീറ്റ് ആയിരുന്ന ഫിൽ സ്പോർട്സ് ഷൂസ് ബിസിനസ് ചെയ്യാൻ താൽപര്യപ്പെട്ടു. ഉന്നത നിലവാരമുള്ള ഉൽപന്നം തേടി ജപ്പാനിലേക്കു തിരിച്ചു. ജപ്പാനിലെ പ്രശസ്ത ഷൂ നിർമ്മാണ കമ്പനിയായ ഒണിത്‌സുക ടൈഗറിൽ തന്നെ പരിചയപ്പെടുത്തിയത് അമേരിക്കയിലെ പ്രശസ്തമായ സ്പോർട്സ് ഉപകരണ വിതരണ കമ്പനി ആയ ‘ബ്ലൂ റിബൺ സ്പോർട്സ്’ പ്രതിനിധി ആയാണ്. എന്നാൽ അങ്ങനെ ഒരു കമ്പനി ഫിൽ‌നൈറ്റിന്റെ ഭാവനയിൽ മാത്രമാണുണ്ടായിരുന്നത്. ഫിൽ തന്റെ വാക്ചാതുര്യത്തിലൂടെ ജപ്പാൻ കമ്പനിയുമായി ഒരു കരാർ തരപ്പെടുത്തി. തന്റെ അത്‌ലറ്റിക് കോച്ചായിരുന്ന ബിൽ ബോവർമാനെ ജപ്പാൻ കമ്പനിയുടെ ഷൂസ് പരിചയപ്പെടുത്തി. ബോവർമാന് ഉൽപന്നം ഇഷ്ടപ്പെടുകയും ഫിൽ നൈറ്റിനൊപ്പം ബിസിനസിൽ പങ്കാളി ആവുകയും ചെയ്തു. 1964ൽ ജപ്പാനിൽ നിന്നെത്തിച്ച 1300 ജോടി ഷൂസ് ‘ബ്ലൂ റിബൺ സ്പോർട്സ് കമ്പനി’യുടെ പേരിൽ വിറ്റഴിച്ചു.

ജപ്പാനിൽ നിന്നും എത്തിച്ച ഷൂസുകൾ നൈറ്റിന്റെ കാറിന്റെ ഡിക്കിയിൽ നിറച്ച് ഉപഭോക്താക്കളുടെ അടുത്തെത്തിച്ചായിരുന്നു കച്ചവടം. രണ്ടു വർഷങ്ങൾക്കു ശേഷം കാലിഫോർണിയയിലെ സാന്താ മോണിക്കയിൽ ആദ്യത്തെ റീട്ടെയിൽ സ്റ്റോറാരംഭിച്ചു. കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കാനായി ജോഗിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ഗ്രന്ഥം 1966ൽ ഫിൽ നൈറ്റ് പുറത്തിറക്കി. ഈ ഗ്രന്ഥത്തിന്റെ ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞതോടെ ഷൂസിന് ആവശ്യക്കാരേറി. മുൻനിര ബ്രാൻഡുകളുമായുള്ള കടുത്ത മൽസരങ്ങൾക്കിടെ സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. പണം സ്വരൂപിക്കാനായി അക്കൗണ്ടന്റായും അധ്യാപകനായുമൊക്കെ പണിയെടുത്ത ഫിൽ നൈറ്റിന്റെ മാനോവീര്യംകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ചു.

1971ൽ ജപ്പാൻ കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കേണ്ടി വന്നതോടെയാണു സ്വന്തം ബ്രാൻഡായ ‘നൈക്കി’ തുടങ്ങിയത്. വിജയത്തിന്റെ ഗ്രീക്ക് ദേവതയായ നൈക്കിയുടെ പേരു നിർദേശിച്ചത് ജീവനക്കാരനായിരുന്ന ജഫ് ജോൺസൻ. തന്റെ വിദ്യാർഥിനി ആയിരുന്ന കാരലിൻ ഡേവിഡ്സനെക്കൊണ്ട് രൂപകൽപ്പന ചെയ്യിച്ച നൈക്കിയുടെ ലോഗോ ഏറെ ശ്രദ്ധേയമായി. 1984ൽ ബാസ്കറ്റ് ബോൾ താരം മൈക്കൾ ജോർഡനുമായുണ്ടാക്കിയ കരാർ കമ്പനിയുടെ വളർച്ചയ്ക്കു വഴിയൊരുക്കി. കരാറിലേർപ്പെടുമ്പോൾ ജോർഡൻ സുപ്രധാനമായ ഒരു കളിയിൽ പോലും പങ്കെടുത്തു തുടങ്ങിയിരുന്നില്ല. കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെ പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കിയതുവഴി ഒന്നാം നിരയിലേക്കുയരാൻ നൈക്കിക്ക് കഴിഞ്ഞു. ‘ഷൂ ഡോഗ്’ എന്ന പേരിൽ 2016ൽ പുറത്തിറക്കിയ ആത്മകഥയിലൂടെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് ഒരു ലോകോത്തര ബ്രാൻഡ് പടുത്തുയർത്തിയ കഥ ഫിൽ വിവരിക്കുന്നു. ‘‘മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്ന് തോന്നാവുന്ന തീരുമാനങ്ങളാണ് ഞാൻ എടുത്തത്. എന്നാൽ എനിക്ക് എന്റെ സ്വപ്നത്തിലും എന്നിലും വിശ്വാസമുണ്ടായിരുന്നു’’  ഫിൽ നൈറ്റ് പറയുന്നു.

Be Positive>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA