sections
MORE

ഇവരെ പരാജയപ്പെടുത്താൻ ആ കുറവുകൾക്കായില്ല

Steve-Jobs-Abhishek-Bachchan
SHARE

അഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള പഠനവൈകല്യങ്ങളുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചിലർക്ക് എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ടാവും, മറ്റു ചിലർക്ക് ഗണിതം മനസിലാക്കുന്നതിലാവും പ്രയാസം അനുഭവിക്കുന്നത്. ഡിസ്‌ലെക്സിയ (Dyslexia) എന്ന് പൊതുവെ അറിയപ്പെടുന്ന പഠനവൈകല്യമുള്ളവരിൽ നിരവധി പ്രഗദ്ഭരും പ്രതിഭാശാലികളുമുണ്ട്. ഗ്രീക്ക് ഭാഷയിൽ ബുദ്ധിമുട്ട് എന്ന അർഥമുള്ള ‘ഡിസ്’ എന്ന വാക്കും വായിക്കുക എന്നർഥമുളള ‘ലെക്സിസ്’ എന്ന വാക്കും കൂട്ടിച്ചേർത്താണ് ഡിസ്‌ലെക്സിയ എന്ന വാക്കുണ്ടാകുന്നത്. ചെറുപ്പത്തിൽ എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന പലരെയും മണ്ടൻമാരെന്ന് സമൂഹം മുദ്രകുത്താറുണ്ടെങ്കിലും പിന്നീട് അവരിൽ പലരും അതിസമർഥരായി ജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ ശോഭിച്ചിട്ടുണ്ട്. ഏതൊരു പോരായ്മ ഉള്ളവർക്കും മറ്റ് ചില കാര്യങ്ങളിൽ അസാമാന്യ ശക്തിവിശേഷങ്ങൾ ഉണ്ടായിരിക്കും. തന്റെ ദൗർബല്യങ്ങളെ ഓർത്ത് പരിതപിക്കാതെ കരുത്തുകളിൽ ഊന്നി പ്രവർത്തിക്കുന്നവർ ജീവിതത്തിൽ വിജയിക്കും.

ആൽബർട്ട് ഐൻസ്റ്റീൻ, നിക്കോളാ ടെസ്‌ല, തോമസ് ആൽവ എഡിസൺ, മൈക്കൾ ഫാരഡെ തുടങ്ങി ശാസ്ത്രലോകത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച നിരവധി പ്രതിഭകൾ ചെറുപ്പത്തിൽ പഠനവൈകല്യമുണ്ടായിരുന്നവരാണ്. ചലച്ചിത്ര രംഗത്ത് വിജയം വരിച്ച സ്റ്റിവൻ സ്പിൽബർഗ്, ടോം ക്രൂയിസ്, കെനു റീവ്സ്, റോബിൻ വില്യംസ്, അഭിഷേക് ബച്ചൻ, വൂപ്പി ഗോൾബർഗ് എന്നിങ്ങനെ ഒട്ടേറെ പേർ ഡിസ്‌ലെക്സിയ ഉള്ളവരായിരുന്നു. അതിസമ്പന്നനും നാനൂറോളം കമ്പനികളുടെ ഉടമയുമായ റിച്ചാർഡ് ബ്രാൻസൺ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ പഠനം ഉപേക്ഷിക്കാൻ കാരണം പഠനവൈകല്യമായിരുന്നു.

തങ്ങൾക്ക് താൽപര്യമുള്ള മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിജയിക്കാനാകും എന്നതിനുദാഹരണമാണ് ജാക്ക് ഹോർണറുടെ വിജയം. ലോകപ്രശസ്ത പാലിയന്റോളജിസ്റ്റായ ജാക്ക് ഹോർണർ ചെറുപ്പത്തിൽ എഴുതാനും വായിക്കാനും നന്നേ ക്ലേശിച്ചിരുന്നു. എന്നാൽ മലഞ്ചെരുവുകളിൽ നിന്നും ഫോസിലുകൾ ശേഖരിക്കുന്നതിൽ താൽപര്യം കാണിച്ച ഹോർണർ അക്കാര്യത്തിൽ ലോകോത്തര വിജയി ആയി മാറി. എട്ടാമത്തെ വയസു മുതൽ ദിനോസറുകളുടെ ഫോസിലുകൾ ശേഖരിച്ചുതുടങ്ങി. ഹൈസ്കൂളിൽ എത്തിയപ്പോഴേക്ക് പൗരാണിക ജീവിവർഗങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് ഒരു പ്രദർശനം തന്നെ നടത്തി. ഏറ്റവും കുറഞ്ഞ ഗ്രേഡോടെയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതെങ്കിലും ദിനോസറുകളുടെ കാലഘട്ടത്തെക്കുറിച്ചും അവയുടെ ജീവിതരീതിയെക്കുറിച്ചും ലോകത്തുതന്നെ ഏറ്റവും അറിവുള്ള ആളായിരുന്നു ഹോർണർ. ബിരുദപരീക്ഷ പാസാകാൻ ഏഴുതവണ ശ്രമം നടത്തിയെങ്കിലും തോറ്റു പിന്‍മാറേണ്ടി വന്നു.

ദിനോസർ വർഗ്ഗങ്ങളെക്കുറിച്ചുള്ള പഠനത്തിൽ അഗ്രഗണ്യനായ ജാക്ക് ഹോർണറുടെ പേരിലാണ് ഈ രംഗത്തെ ആധികാരിക പ്രബന്ധങ്ങൾ. പല ദിനോസർ വർഗ്ഗങ്ങൾക്കും പേരിട്ടത് പോലും ഹോർണറാണ്. ജുറാസിക് സീരീസിൽ പുറത്തിറങ്ങിയ വിഖ്യാത ഹോളിവുഡ് ചലച്ചിത്രങ്ങളുടെ ടെക്‌നിക്കൽ കൺസൽറ്റന്റായിരുന്നു ജാക്ക് ഹോർണർ. ജുറാസിക് വേൾഡ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. മുപ്പതാമത്തെ വയസിലാണ് തനിക്ക് ‘ഡിസ്‌ലെക്സിയ’ ഉണ്ടെന്ന വിവരം ഹോർണർ തിരിച്ചറിയുന്നത്. സാങ്കേതിക വിപ്ലവത്തിലൂടെ ലോകത്തെ തന്നെ മാറ്റിമറിച്ച ആപ്പിൾ കംപ്യൂട്ടേഴ്സ് സ്ഥാപകൻ സ്റ്റീവ് ജോബ്സും ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുമൊക്കെ തങ്ങൾക്ക് താൽപര്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠനവൈകല്യത്തെ മറികടന്ന് വിജയിച്ചവരാണ്.

Be Positive>>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA