sections
MORE

2 കോടിരൂപയുടെ സ്കോളർഷിപ് നേട്ടവുമായി നികിത ഹരി

Nikitha-Hari
SHARE

വൈദ്യുതി കടത്തി വിടാൻ സിലിക്കണിനു പകരം ഗാലിയം നൈട്രേറ്റ് ഉപയോഗിക്കാമെന്നു കണ്ടെത്തിയിട്ട് 80 വർഷം കഴിഞ്ഞെങ്കിലും വൈദ്യുതോപകരണങ്ങളിൽ ഇതു ലാഭകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഗവേഷണം പൂർത്തിയാക്കി പേരെടുക്കുകയാണ് നികിത ഹരിയെന്ന കടത്തനാടൻ പെൺകുട്ടി. താപം കുറയ്ക്കുക വഴി വൈദ്യുതി നഷ്ടപ്പെടുത്താതിരിക്കാനും ഉപകരണത്തിന്റെ വലിപ്പം കുറയ്ക്കാനും ഇതു കൊണ്ട് കഴിയുമെന്ന് നികിത തെളിയിച്ചു.

വടകര പഴങ്കാവ് വലിയ പുരയിൽ നികിത ഹരി കേംബ്രിജ് സർവകലാശാലയുടെ ഊർജ വിഭാഗത്തിൽ രണ്ടു കോടി രൂപയുടെ സ്കോളർഷിപ്പുമായാണ് ഗവേഷണം പൂർത്തിയാക്കിയത്. 

4 വർഷം മുൻപ് അരക്കോടി രൂപ സ്കോളർഷിപ്പോടെ കേംബ്രിജ് സർവകലാശാലയിലെ ഊർജ വിഭാഗം തലവന്റെ കീഴി‍ൽത്തന്നെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഗവേഷണത്തിനു തിരഞ്ഞെടുക്കപ്പെട്ട നികിത ഈ പഠനത്തിനു ഭാരതത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വിദ്യാർഥിയായിരുന്നു. ഗവേഷണത്തിനിടയി‍ൽ യുകെയുടെ ടോപ് –50 വനിതാ എൻജിനീയർമാരുടെ പട്ടികയിലും ഇടം നേടി. നികിതയ്ക്ക് ബ്രിട്ടിഷ് പവർ ഇലക്ട്രോണിക്സ് കൗൺസിൽ അവാർഡ് തുടർച്ചയായി ലഭിച്ചത് 3 തവണ. ഏറ്റവും ഒടുവിൽ ഓക്സ്ഫഡ് സർവകലാശാലയിൽ ശാസ്ത്രജ്ഞയാകാൻ അരക്കോടി രൂപയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിച്ചതിനു പുറമേ ബ്രിട്ടിഷ് രാ‍ജ്ഞിയുടെ ക്വീൻ എലിസബത്ത് പ്രൈസ് ഇൻ എൻജിനീയറിങ്ങിന്റെ ഗ്ലോബൽ അംബാസഡർ ആയി ബക്കിങ്ഹാം കൊട്ടാരത്തിലേക്കു ക്ഷണം ലഭിച്ചിരിക്കുകയാണ്. 

ആഗോള താപനത്തിനുള്ള പരിഹാരം വരെ തിരയുന്ന ശാസ്ത്ര ലോകത്തിനു മുൻപിൽ നികിതയുടെ കണ്ടെത്തലുകൾ വൈദ്യുതി ഉപകരണങ്ങൾ പലതും തീപ്പെട്ടി വലിപ്പത്തിൽ വരെയാക്കാൻ സഹായിക്കുന്ന തരത്തിലുള്ളതാണ്. നിലവിൽ ഉപകരണങ്ങൾ പലതും പ്രവർത്തിക്കുമ്പോൾ പത്ത് ശതമാനം വരെ താപം കൊണ്ട് വൈദ്യുതി പാഴാക്കിക്കളയുന്ന പ്രശ്നത്തിനും പരിഹാരമാകും ഗവേഷണം.

വടകര റാണി പബ്ലിക് സ്കൂളിൽ പ്ലസ് ടു കഴിഞ്ഞ ശേഷം ബിടെക് ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷനിൽ കുസാറ്റിൽ രണ്ടാം റാങ്കും എംടെക് പവർ ഇലക്ട്രോണിക്സിന് ചെന്നൈ എസ്ആർഎം കോളജിൽ സ്വർണ മെഡലോടെ ഒന്നാം റാങ്കും നേടിയ നികിത കോഴിക്കോട് എൻഐടിയിലെ ജോലി രാജിവച്ചാണ് കേംബ്രിജിന്റെ വാതായനം തുറന്നത്. അച്ഛൻ ഹരിദാസ്, നികിതാ പോളിമെർ ഇൻഡെക് ഇലക്ട്രോണിക്സ് ഉടമയാണ്. അമ്മ ഗീതയും സഹോദരൻ  അരുൺ ഹരിയ്ക്കുമൊപ്പം മാളിക്കടവിലാണ് ഇപ്പോൾ താമസം. ഒരു വർഷത്തെ ഗവേഷണത്തിനായി മാർച്ച് ഒന്നിന് ബ്രിട്ടനിലേക്ക് പോകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA