ADVERTISEMENT

വിവിധങ്ങളായ ഉൽപന്നങ്ങളിലൂടെ ലോകമെമ്പാടും സുപരിചിതമായ നാമമാണ് യമഹ. 1887 ൽ തുടക്കംകുറിച്ച യമഹ കോർപറേഷൻ ലോകത്തെ ഏറ്റവും വലിയ പിയാനോ നിർമാതാക്കളാണ്. മോട്ടോർ സൈക്കിളുകൾ, സ്പോർട്സ് ഉപകരണങ്ങൾ, വാദ്യോപകരണങ്ങൾ, ഔട്ട്ബോർഡ് എൻജിനുകൾ, ഇലക്ട്രോണിക് ചിപ്പുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ജപ്പാൻ കമ്പനിയായ യമഹ ഉൽപാദിപ്പിച്ചു വിപണനം നടത്തുന്നു. അവസരങ്ങളെ ഫലപ്രദമായി ഉപയോഗിച്ചും തോൽവികളിൽനിന്നു പാഠം പഠിച്ചും മുന്നേറിയ  തൊറാകുസു യമഹ എന്ന സംരംഭകന്റെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ് ഈ ലോകോത്തര കമ്പനി.

1851 ഏപ്രിൽ 20ന് ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച യമഹയുടെ പിതാവ് ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്നു. ചെറുപ്പം മുതൽ വായനയിലൂടെ വളരാൻ അവസരം ലഭിച്ചതിനാൽ മെഷീനുകളിലും ശാസ്ത്ര സാങ്കേതിക വിദ്യകളിലും താൽപര്യമുണ്ടായി. പത്തൊൻപതാമത്തെ വയസ്സിൽ ഒരു ഇംഗ്ലീഷുകാരനായ എൻജിനീയറുടെ കൂടെ നിന്നു ഘടികാരങ്ങളുടെ നിർമാണവും റിപ്പയറിങ്ങും പഠിച്ചു. പിന്നീട് സ്വന്തമായി ഘടികാരങ്ങളുടെ റിപ്പയറിങ്ങിനായി ഒരു കട തുറന്നെങ്കിലും അതൊരു പരാജയമായി. അതോടെ മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിലും റിപ്പയറിങ്ങിലുമായി ശ്രദ്ധ. മുപ്പത്തി അഞ്ചാമത്തെ വയസ്സിൽ മെ‍ഡിക്കൽ ഉപകരണങ്ങൾ റിപ്പയറിങ് ചെയ്യുന്ന ഒരു ചെറിയ കട തുടങ്ങി. വരുമാനം നന്നേ കുറവായിരുന്നതിനാൽ വാച്ച് റിപ്പയറിങ്ങും മറ്റു ചെറുകിട ജോലികളുമൊക്കെ ചെയ്തു. ഇതിനിടെ ഹമാത്‌സസു ആശുപത്രി ഡയറക്ടറുമായി അടുപ്പത്തിലായതോടെ അയാളുടെ സൈക്കിൾ റിക്ഷ ഓടിക്കുന്ന പണിയും ഏറ്റെടുത്തു. ഞെങ്ങി ഞെരുങ്ങി നന്നേ ക്ലേശിച്ചു ജീവിതം തള്ളി നീക്കുമ്പോഴാണ് ഒരു അവസരമെന്നോണം കേടായൊരു ഓർഗൻ റിപ്പയറിങ്ങിനെത്തുന്നത്.

അന്നേവരെ സംഗീതോപകരണങ്ങളുമായി യാതൊരു ബന്ധവുമില്ലാതിരുന്ന യമഹ, ഓർഗന്റെ റിപ്പയറിങ് ജോലി ഏറ്റെടുത്തു. അമേരിക്കൻ നിർമിതമായ ഓർഗന്റെ നിർമാണ രീതി സസൂക്ഷ്മം പഠിച്ചു. രണ്ട് സ്പ്രിങ്ങുകൾ പൊട്ടിപ്പോയതാണു കേടാകാനുള്ള കാരണമെന്നു മനസ്സിലാക്കി. സ്പ്രിങ്ങുകൾ നിർമിച്ചു പ്രശ്നം പരിഹരിച്ചു. തനിക്കെന്തുകൊണ്ട് ഓർഗനുകളും പിയാനോയുമൊക്കെ നിർമിച്ചുകൂടാ എന്ന ചിന്തയിൽ നിന്നുമാണ് 1887 ൽ അദ്ദേഹം സംഗീതോപകരണ നിർമാണ കമ്പനി തുടങ്ങുന്നത്.

ആദ്യം നിർമിച്ച പിയാനോയെക്കുറിച്ച് നിരവധി പഴി കേൾക്കേണ്ടതായി വന്നു. സംഗീതത്തെയും വിവിധതരത്തിലുള്ള സംഗീതം സൃഷ്ടിക്കുന്ന മരങ്ങളെയും കുറിച്ച് ആഴത്തിൽ പഠിച്ചതിനു ശേഷം നിർമിച്ച രണ്ടാമത്തെ പിയാനോയെക്കുറിച്ച് നല്ല അഭിപ്രായമുണ്ടായി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയേക്കാൾ മികച്ച പിയാനോകൾ നിർമിച്ചുതുടങ്ങി. സംഗീതോപകരണങ്ങൾ നിർമിക്കാൻ അനുയോജ്യമായ മരങ്ങൾ കണ്ടെത്താനായി യമഹ കിലോമീറ്ററുകളോളം വനത്തിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. യമഹയുടെ കമ്പനി നിർമിച്ച മേന്മയുള്ള ഉൽപന്നങ്ങൾ പിന്നീട് വിദേശങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. 1916ൽ തൊറാകുസു യമഹ മരിക്കുമ്പോൾ അദ്ദേഹം തുടക്കംകുറിച്ച കമ്പനി ഒരു ലോകോത്തര ബ്രാൻഡായി മാറിയിരുന്നു.

ശബ്ദ വീചികൾ പുറപ്പെടുവിക്കുന്ന മൂന്ന് ട്യൂണിങ് ഫോർക്കുകൾ അടങ്ങുന്ന യമഹയുടെ ലോഗോ ഇന്നും തുടരുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ജിജ്ഞാസയും ചെയ്യുന്ന പ്രവർത്തനങ്ങളിലെ ആത്മാർഥതയും അർപ്പണ മനോഭാവവുമാണ് തൊറാകുസു യമഹയ്ക്ക് ഒരു മഹാ സംരംഭം വിജയത്തിലെത്തിക്കാൻ പിൻബലമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com