sections
MORE

ആരും കൊതിക്കുന്ന മുതലാളി, ദാരിദ്ര്യത്തിൽ നിന്ന് വജ്രസാമ്രാജ്യം കെട്ടിപ്പടുത്ത സാവ്‍ജി ധൊലാക്കിയ

Savji-Dholakia
SHARE

തന്റെ ജീവനക്കാർക്കു  വമ്പൻ ദീപാവലി സമ്മാനങ്ങൾ നൽകിക്കൊണ്ടു വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് സാവ്‍ജി ധൊലാക്കിയ. എളിയ രീതിയിൽ തുടക്കംകുറിച്ച സാവ്ജിയുടെ വജ്ര വ്യാപാരമിന്ന് ലോകമെമ്പാടും എഴുപതിലേറെ രാജ്യങ്ങളിലായി വ്യാപിച്ചു പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരാൾക്കു സമ്പന്നതയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറാനായതു കഠിനാധ്വാനംകൊണ്ടു മാത്രമാണ്. വന്ന വഴി മറക്കാതെ തന്റെ ആറായിരത്തോളം ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന സാവ്‍ജി ധൊലാക്കിയയുടെ ഹരികൃഷ്ണ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരോഗ്യകരമായ തൊഴിൽ സംസ്കാരത്തിന്റെ ലോകോത്തര മാതൃകയാണ്.

1962 ഏപ്രിൽ 12ന് ഗുജറാത്ത് സംസ്ഥാനത്തെ അറേലി ജില്ലയിൽപ്പെട്ട ദുധാല ഗ്രാമത്തിൽ ജനിച്ച സാവ്ജിയുടെ പിതാവ് ഒരു ദരിദ്ര കർഷകനായിരുന്നു. അഞ്ചാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു കുറേക്കാലം പിതാവിനൊപ്പം കൃഷിയിടത്തിൽ സഹായിയായി. 1977 ൽ പതിമൂന്നാമത്തെ വയസിൽ പന്ത്രണ്ട് രൂപയുമായി സൂററ്റിലുള്ള പിതൃ സഹോദരന്റെ അടുത്തേക്കു പോയി. വജ്ര നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന പിതൃ സഹോദരനോടൊപ്പമുള്ള വാസകാലത്തു വജ്ര നിർമാണത്തെക്കുറിച്ചു പഠിച്ചു. കഠിന പരിശ്രമത്താൽ വജ്രക്കല്ലുകൾ മുറിക്കുന്നതിലും പോളിഷ് ചെയ്യുന്നതിലും വിദഗ്ധനായി. അത്യധികം കൃത്യതയും സൂക്ഷ്മതയും വേണ്ട ഒരു ജോലിയാണു വജ്ര നിർമാണം. ക്ഷമയും തൊഴിലിനോട് ആത്മാർഥതയുമുള്ളവർക്കേ ഇക്കാര്യത്തിൽ ഒരു വിദഗ്ധനാകാൻ കഴിയൂ. നീണ്ട പത്തു വർഷക്കാലം സാവ്ജി ധോലക്യ ഒരു വജ്രനിർമാണ തൊഴിലാളിയായി ജോലിയെടുത്തു. ഇതിനിടെ സഹോദരന്മാരെയും ചേർത്ത് ചെറിയ രീതിയിൽ ഒരു വജ്ര നിർമാണ യൂണിറ്റും തുടങ്ങി.

1992 ൽ ഹരികൃഷ്ണ എക്സ്പോർട്സിനു തുടക്കം കുറിച്ചു. മുംബൈയിലും ഓഫിസ് തുറന്നതോടെ വ്യാപാരം വിപുലമായി. വളർച്ചയുടെ ഓരോ ഘട്ടത്തിലും സഹോദരങ്ങളായ ഹിമ്മത്തും തുളസിയും ഖ്യാൻശ്യാമും പിൻബലമായുണ്ടായിരുന്നു. കൂടാതെ ആയിരക്കണക്കിനു ജീവനക്കാരുടെ ആത്മാർഥ പ്രവർത്തനവും. തൊഴിലാളികളെ ഡയമണ്ട് ആർട്ടിസ്റ്റ്, ഡയമണ്ട് എൻജിനീയർ... എന്നിങ്ങനെ നാമകരണം ചെയ്താണ് സാവ്ജി വിളിച്ചുവരുന്നത്. പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് വമ്പൻ സമ്മാനങ്ങൾ നൽകി സാവ്ജി വ്യവസായ ലോകത്തെത്തന്നെ ഞെട്ടിച്ചു.

നാലായിരത്തിലേറെ ജീവനക്കാർക്കു കാറുകൾ, ഫ്ലാറ്റുകൾ, വജ്രാഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ ലഭിച്ചുകഴിഞ്ഞു. 2015 ൽ 491 ഉം 2016 ൽ 1260 ഉം 2018 ൽ 600 ഉം കാറുകളാണ് സാവ്ജി തന്റെ ജീവനക്കാർക്കു ദീപാവലി സമ്മാനമായി നൽകിയത്. 25 വർഷം പൂർത്തീകരിച്ച മൂന്നു മാനേജർമാർക്ക് ഒരു കോടിയിലേറെ വിലമതിക്കുന്ന മൂന്ന് മേഴ്സിഡീസ് ബെൻസും. പണത്തിന്റെ മൂല്യം തിരിച്ചറിയാൻ മകൻ ദ്രവ്യയെ ഏഴായിരം രൂപ പോക്കറ്റ് മണി നൽകി കേരളത്തിലേക്ക് അയച്ചതും ദ്രവ്യ കൊച്ചിയിൽ ഹോട്ടലിൽ പണിയെടുത്തതുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ആറായിരം കോടി രൂപ പ്രതിവർഷം വിറ്റുവരവുള്ള സാവ്‍ജി ധൊലാക്കിയ പറയുന്നത് ഹൃദയംകൊണ്ടു പ്രവർത്തിച്ചാൽ വിജയം വരിക്കാനാകും എന്നാണ്. ‘‘പലരും ഹാർഡ് വർക്ക് ചെയ്യുന്നു. ഞാൻ ഹാർട്ട് വർക്ക് ചെയ്യുന്നു’’ ധൊലാക്കിയ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA