sections
MORE

ഫ്ലിപ്പ്കാർട്ടിലെ താരമാണ് ഈ വീട്ടമ്മ; പ്രതിമാസം വരുമാനം 8 ലക്ഷം!

Rithu_Kausik
SHARE

ഇ-കൊമേഴ്‌സും വനിതാ ശാക്തീകരണവും തമ്മില്‍ എന്താണു ബന്ധം? ഈ ചോദ്യത്തിനുള്ള ഉത്തരമാണു ഹരിയാനയില്‍ നിന്നുള്ള വീട്ടമ്മയായ റിതു കൗശിക്. ചെറു പ്രായത്തിലെ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളായെങ്കിലും വീട്ടിലെ നാലു ചുവരുകള്‍ക്കകത്ത് ഒതുങ്ങാനായിരുന്നില്ല റിതുവിന്റെ തീരുമാനം. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുള്ള യാത്രയില്‍ റിതു കൂട്ടുപിടിച്ചത് ഇ-കൊമേഴ്‌സിലൂടെയുള്ള ഓണ്‍ലൈന്‍ വില്‍പനയെ. ഇന്ന് പ്രതിമാസം 8 ലക്ഷം രൂപ വരുമാനം നേടുന്ന ഫ്‌ളിപ്പ്കാര്‍ട്ടിലെ ടോപ്പ് സെല്ലര്‍മാരില്‍ ഒരാളാണ് റിതു. 

ഒരു സുപ്രഭാതത്തില്‍ ഇ-കൊമേഴ്‌സ് സംരംഭകയായിത്തീരുകയായിരുന്നില്ല ഹരിയാനയിലെ സോണിപത്തിനടത്തുള്ള ചെറുഗ്രാമത്തില്‍ നിന്നുള്ള ഈ വീട്ടമ്മ. ആദ്യം ചെയ്തതു മുടങ്ങിയ പഠിത്തം മുഴുമിപ്പിക്കുകയായിരുന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് എല്ലാ പിന്തുണയുമായി ഒപ്പം നിന്നപ്പോള്‍ 2016ല്‍ റിതു ബിരുദം പൂര്‍ത്തിയാക്കി. ഹാന്‍ഡ്ബാഗുകള്‍ ഉണ്ടാക്കുന്നതു നേരത്തെ തന്നെ റിതുവിനു വല്യ ഇഷ്ടമായിരുന്നു. അയല്‍ക്കാരായ പലരും ഓണ്‍ലൈനില്‍ സ്ഥിരം ഷോപ്പിങ് ചെയ്യുന്നത് കണ്ടതോടെ തന്റെ ഹാന്‍ഡ്ബാഗുകള്‍ ഓണ്‍ലൈനില്‍ വിറ്റാലെന്താ എന്ന ചിന്തയായി. 

അങ്ങനെ റിതുവിന്റെ 31-ാം വയസ്സില്‍ റിതുപാല്‍ കളക്ഷന്‍സ് പിറന്നു. നിരുത്സാഹപ്പെടുത്താന്‍ നിരവധി പേരുണ്ടായിരുന്നു. സമ്പാദിക്കേണ്ട കാര്യമെന്താ, സ്ത്രീകള്‍ക്ക് ഇതൊന്നും പറ്റില്ല എന്നൊക്കെ അയല്‍ക്കാരടക്കം പറഞ്ഞു. പക്ഷേ, റിതു ധൈര്യപൂര്‍വം മുന്നോട്ട് പോയി. ഓണ്‍ലൈന്‍ വ്യാപാരം വളര്‍ത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് നല്‍കി. വായ്പ നല്‍കാനും ഫ്ലിപ്പ്കാര്‍ട്ട് തയ്യാറായിരുന്നെങ്കിലും സാമ്പത്തിക ഉത്തരവാദിത്തം തോന്നാനായി സ്വന്തം സേവിങ്ങ്‌സ് തന്നെ ഇതിനായി ഉപയോഗിച്ചു. 

ഭര്‍ത്താവിന്റെ സഹായത്തോടെ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തു കംപ്യൂട്ടര്‍ ഉപയോഗം പരിശീലിച്ചു. ഓണ്‍ലൈന്‍ കച്ചവടം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രതിമാസം ഒരു ലക്ഷം രൂപയൊക്കെ വരുമാനം ലഭിച്ചു തുടങ്ങി. 

ഇന്നു പ്രതിമാസം ഏഴു മുതല്‍ എട്ടു ലക്ഷം രൂപ വരെ തന്റെ ഹാന്‍ഡ്ബാഗ് ഓണ്‍ലൈന്‍ ബിസിനസ്സിലൂടെ റിതു സമ്പാദിക്കുന്നു. 200 മുതല്‍ 1500 രൂപ വരെ വിലയ്ക്കുള്ള ഹാന്‍ഡ് ബാഗുകള്‍ റിതു ഓണ്‍ലൈനായി വില്‍പന നടത്തുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നാണു റിതുവിന്റെ ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും. 

രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ നിന്നു കൂടി ഉപഭോക്താക്കളെ കണ്ടെത്തി പ്രതിമാസം 20 ലക്ഷം രൂപയിലേക്കു പ്രതിമാസ വില്‍പന വളര്‍ത്തുകയാണ് റിതുവിന്റെ അടുത്ത ലക്ഷ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA