sections
MORE

ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പക്ഷേ വിധിയെ തോൽപ്പിച്ച് വിൽമ കൊടുങ്കാറ്റായി

vilma1
SHARE

ഓരോ തവണയും ഒളിംപിക്സ് ട്രാക്കുകളിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന പല താരങ്ങളും പിറവിയെടുക്കാറുണ്ട്. എന്നാൽ, 1960ലെ റോം ഒളിംപിക്സിൽ കായിക ലോകത്തെ മാത്രമല്ല, വൈദ്യശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിയ ഒരു സുവർണ താരം ജനിച്ചു. വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ്. കൊടുങ്കാറ്റ്, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങൾ വിശേഷിപ്പിച്ച വേഗത്തിന്റെ ഈ രാജകുമാരി, വിധിയെഴുതിയ ജീവിതം ഇച്ഛാശക്തികൊണ്ട് മാറ്റിയെഴുതിയവളാണ്.

വിൽമയുടെ ജനനം തന്നെ പൂർണ വളർച്ചയെത്താതെയായിരുന്നു. 1940 ജൂൺ 23ന് അമേരിക്കയിലെ ടെന്നസിയിൽ റെയിൽവേയിൽ ചുമട്ടു തൊഴിലാളിയായിരുന്ന എഡിൻ റുഡോൾഫിന്റെയും ബ്ലാങ്ക് റുഡോൾഫിന്റെയും മകളായാണു ജനനം. വിൽമയ്ക്ക് 21 സഹോദരങ്ങളുണ്ടായിരുന്നു.

4–ാം വയസ്സിൽ ഇൻഫന്റൈൽ പരാലിസിസ് എന്ന രോഗം ബാധിച്ച വിൽമ പൂർണമായി കിടപ്പിലായി. തുടർന്നു രോഗങ്ങളുടെ ഘോഷയാത്രയായിരുന്നു. പോളിയോ, ന്യൂമോണിയ, സ്കാർലറ്റ്ഫിവർ, ഒപ്പം ഇടതു കാലിനു സ്വാധീനക്കുറവും.  ഈ കുഞ്ഞ് അധികകാലം ജീവിക്കില്ലെന്നു വൈദ്യ ശാസ്ത്രം വിധിയെഴുതി. പക്ഷേ, 20 വർഷത്തിനു ശേഷം ഇതേ പെൺകുട്ടി വേഗത്തിന്റെ കൊടുമുടി കീഴടക്കി.

രോഗക്കിടക്കയിൽ തളർന്നു കിടന്ന വിൽമയിൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയാകണം എന്ന സ്വപ്നം നിറച്ചത് അവളുടെ അമ്മയാണ്. തളർന്നുപോയ ഇടംകാലുമായി പിച്ചവച്ചു തുടങ്ങിയ അവൾ അമ്മ നൽകിയ ധൈര്യത്തിൽ ആകാശത്തോളം സ്വപ്നം കണ്ടു. പിന്നീടു സ്വപ്നം നേടിയതിനു ശേഷം അവൾ ലോകത്തോടു വിളിച്ചുപറഞ്ഞു–‘എന്റെ ഡോക്ടർമാർ എന്നോട് പറഞ്ഞു എനിക്ക് ഒരിക്കലും നടക്കാൻ കഴിയില്ലെന്ന്, പക്ഷേ, എന്റെ അമ്മ പറഞ്ഞു എനിക്ക് കഴിയുമെന്ന്. ഞാൻ അമ്മയെ വിശ്വസിച്ചു...’

9–ാം വയസ്സിലാണ് ഓർത്തോപീഡിക് ഷൂ ധരിച്ച് വിൽമ നടക്കാൻ പഠിച്ചത്. പിന്നീട് ഓടാനുള്ള ശ്രമമായി. പതിയെ കളിക്കളത്തിലേക്കു ചുവടു വച്ചു. ബാസ്കറ്റ് ബോൾ കോർട്ടാണ് ആദ്യം മാടി വിളിച്ചത്. 11ാം വയസ് മുതൽ കായികപരിശീലനം ആരംഭിച്ചു. തുടക്കത്തിൽ ഊന്നുവടിയുമായാണു പരിശീലനത്തിനിറങ്ങിയത്. ബാസ്കറ്റ് ബോൾ കോർട്ടിലെ മിന്നും താരമായി  മാറിയ വിൽമയിലെ താരത്തിന്റെ യഥാർഥ ട്രാക്ക് കണ്ടെത്തിയതു പരിശീലകനായ എഡ് ടെംപിളാണ്. അദ്ദേഹത്തിന്റെ ഉപദേശമാണു വിൽമയെ ഓട്ടത്തിന്റെ ട്രാക്കിലെത്തിച്ചത്. 16 വ‌യസ് തികയും മുൻപു വിൽമ അമേരിക്കയുടെ ഒളിംപിക്സ് സംഘത്തിൽ ഇടം ഉറപ്പിച്ചു. 1956ലെ മെൽബൺ ഒളിംപിക്സിൽ 100 മീറ്റർ യോഗ്യതാ റൗണ്ടിൽ ആദ്യംതന്നെ പുറത്തായി. എങ്കിലും 4x100 റിലേയിൽ വെങ്കലം നേടി. പിന്നീട് 1960ൽ റോമിൽ നടന്ന ഒളിംപിക്സിലാണു വിൽമയുടെ അവിശ്വസനീയമായ കുതിപ്പു ലോകം കണ്ടത്. 100,200 മീറ്ററുകളിലും 4x100 റിലേയിലും സ്വർണം.100 മീറ്ററിൽ തൊട്ടടുത്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വിജയം. 11 സെക്കൻഡിൽ ഫിനിഷിങ്. എന്നാൽ ലോക റെക്കോർഡ് ഭേദിച്ച ആ ഐതിഹാസിക വിജയം രേഖപ്പെടുത്തിയില്ല. കാറ്റിനു വേഗം കൂടുതലായിരുന്നു എന്നതായിരുന്നു കാരണം. 200 മീറ്ററിലും വിൽമയുടെ വിജയം മികവുറ്റതായിരുന്നു. 24.13 സെക്കൻഡിൽ ഓടിയെത്തി. ഒരു ഒളിംപിക്സിൽ 3 സ്വർണം നേടുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡ് അവ‌ളുടെ പേരിൽ സ്വർണ ലിപികളാൽ എഴുതിച്ചേർത്തു. തുടർന്നും ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ വിൽമയെ തേടിയെത്തി.

1961ൽ വിൽമയുടെ പിതാവു മരിച്ചു. 1962-ൽ വിൽമ റുഡോൾഫ് ട്രാക്കിനോട് വിടപറഞ്ഞു. പിന്നീടു കുറച്ചുകാലം സ്കൂൾ ടീച്ചറായി ജോലി ചെയ്തു. 2 തവണ വിവാഹിതയായ വിൽമയക്ക് 4 മക്കളുണ്ടായിരുന്നു. 1994  ജൂലൈയിൽ വിൽമയുടെ അമ്മ മരിച്ചു. അതേ വർഷം മസ്തിഷ്കാർബുദം സ്ഥിരീകരിക്കപ്പെട്ട വിൽമ നവംബർ 12നു സ്വവസതിയിൽ മരിച്ചു. 54 വയസ്സായിരുന്നു അവർക്ക്. ഔദ്യോഗിക ബഹുമതികളോടെ ക്ലാർക്ക്സ്‌വില്ലെ ശ്മശാനത്തിൽ സംസ്കരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA