sections
MORE

കര്‍ഷകനാകാൻ അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി; ഇപ്പോൾ വരുമാനം 15 ലക്ഷം രൂപ

Hari-Krishna
SHARE

നാട്ടിലുള്ള പല യുവാക്കളും, പ്രത്യേകിച്ചു ടെക്കികള്‍ എങ്ങനെയെങ്കിലും അമേരിക്കയിലേക്കോ കാനഡയിലേക്കോ ഒക്കെ കുടിയേറുന്ന തിരക്കിലാണ്. അപ്പോഴാണ് അമേരിക്കയിലെ ജോലിയും കളഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഐടി പ്രഫഷണല്‍ നാട്ടിലേക്കു വിമാനം കയറുന്നത്. എന്തിനെന്നു ചോദിച്ചവരോടു നാട്ടിലെത്തി കൃഷി ചെയ്യാനാണെന്നു തെലങ്കാന സ്വദേശിയായ ഈ യുവാവ് പറഞ്ഞു. കേട്ടവര്‍ കേട്ടവര്‍ മുഖം ചുളിച്ചു. കുടുംബക്കാരും ബന്ധുക്കളുമൊക്കെ ചെക്കന്റെ കിളി പോയതാണെന്ന് ഉറപ്പിച്ചു. പക്ഷേ, ഹരികൃഷ്ണ ദേവരപ്പള്ളി രണ്ടും കല്‍പിച്ചായിരുന്നു. 

നാട്ടില്‍ കുടുംബത്തിന്റെ വകയായുള്ള 30 ഏക്കര്‍ ഫാം വീണ്ടെടുത്തു കൃഷി ചെയ്യണം എന്നായിരുന്നു ആഗ്രഹം. പ്രതിബന്ധങ്ങള്‍ ഒട്ടനവധിയുണ്ടായി. പക്ഷേ, അധ്വാനിക്കാനുള്ള ഹരികൃഷ്ണയുടെ മനസ്സിനു മുന്നില്‍ അവയെല്ലാം വഴി മാറി. പണത്തിനു ഞെരുക്കമുണ്ടായതിനാല്‍ പാര്‍ട്ട് ടൈമായി ടെക്കി ജോലി തുടര്‍ന്നു കൊണ്ടാണു ഹരികൃഷ്ണ കൃഷി ആരംഭിച്ചത്. അഞ്ചു വര്‍ഷത്തെ കഠിനമായ അധ്വാനം കൊണ്ട് നെല്ലും തേങ്ങയും എണ്ണപ്പനയും കൊക്കോയുമെല്ലാം സമൃദ്ധമായി വിളയുന്ന വലിയൊരു ജൈവകൃഷി ഫാമിന്റെ അമരക്കാരനായി ഈ 37 കാരന്‍ മാറി. പ്രതിവര്‍ഷം 10 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ് കൃഷിയില്‍ നിന്നുള്ള ഹരികൃഷ്ണയുടെ ആദായം. 

hari-krishna2

ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ഹരികൃഷ്ണയ്ക്ക് കൃഷിയോടു പണ്ടു മുതല്‍ തന്നെ കടുത്ത ആഭിമുഖ്യമുണ്ടായിരുന്നു. അച്ഛനും മുത്തച്ഛനുമെല്ലാം കര്‍ഷകര്‍. കാര്‍ഷിക പഠനം നടത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, കൃഷിയില്‍ നിന്ന് ഉപജീവനം കഴിക്കുക ബുദ്ധിമുട്ടാകുമെന്നു കണ്ടു ബിടെക് പഠിച്ചു. ജോലി കിട്ടി അമേരിക്കയിലുമെത്തി. നാലു വര്‍ഷം അവിടെ ജോലി ചെയ്‌തെങ്കിലും കൃഷിയും ഫാമും ഇട്ടെറിഞ്ഞ് അന്യനാട്ടിലുള്ള ജീവിതം ഹരിക്ക് ഇഷ്ടമായില്ല. 

അങ്ങനെ നാട്ടിലെത്തി ഹൈദരാബാദില്‍ ഒരു ജോലി നേടി. പിതാവിനെയും കൂട്ടി കുടുംബ ഫാം വീണ്ടും സന്ദര്‍ശിക്കാനാരംഭിച്ചു. പരമ്പരാഗതമായി ചെയ്തു വന്ന കൃഷി നഷ്ടത്തിലാക്കിയതു രാസവളം ഉപയോഗിച്ചുള്ള കൃഷിയാണെന്നായിരുന്നു ഹരിയുടെ കണ്ടെത്തല്‍. അങ്ങനെ ജൈവകൃഷിയിലേക്കു മടങ്ങാനുള്ള തീരുമാനമെടുത്തു. പിതാവ് ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും മകന്റെ ആഗ്രഹത്തിനു തടസ്സം നിന്നില്ല. 

ആദ്യ രണ്ടു വര്‍ഷം ഹൈദരാബാദില്‍ ജോലി ചെയ്തു കൊണ്ട്, ഒഴിവു സമയം ഗ്രാമത്തിലെത്തിയാണു കൃഷി ചെയ്തിരുന്നത്. എന്നാല്‍ പിതാവിന്റെ മരണത്തോടെ ഒന്നെങ്കില്‍ ഗ്രാമത്തിലെ ഫാം അല്ലെങ്കില്‍ ഹൈദരാബാദിലെ ജോലി എന്നുള്ള അവസ്ഥ വന്നു. ഗ്രാമവും കൃഷിയുമാണു ഹരി തിരഞ്ഞെടുത്തത്. പക്ഷേ, ജോലി പൂര്‍ണ്ണമായും ഒഴിവാക്കിയില്ല. മുന്‍ ശമ്പളത്തേക്കാൾ കുറവായിരുന്നെങ്കിലും നേരത്തെ ജോലി ചെയ്ത കമ്പനിയില്‍ തന്നെ പാര്‍ട്ട് ടൈം കണ്‍സല്‍ട്ടന്റായി മാറി. 

12 ഏക്കറില്‍ എണ്ണപ്പനയും 12 ഏക്കറില്‍ തെങ്ങും 5 ഏക്കറില്‍ നെല്ലുമാണു പൂര്‍ണ്ണമായും ജൈവ മാര്‍ഗ്ഗത്തിലൂടെ ഹരി കൃഷി ചെയ്യുന്നത്. ഫാമിലെ മാലിന്യം റീസൈക്കിള്‍ ചെയ്താണു രാസവള പ്രയോഗം കൊണ്ട് ഊഷരമായ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ടു വിളവില്‍ 50 ശതമാനം വര്‍ദ്ധനയും ഉത്പാദന ചെലവില്‍ 30-40 ശതമാനം കുറവും ഇതിലൂടെ ഉണ്ടായി. വീട്ടിലെയും ഫാമിലെയും ആവശ്യത്തിനുള്ള പാലിനും ചാണകത്തിനുമായി പശുക്കളെയും കോഴികളെയുമൊക്കെ വളര്‍ത്തുന്നുണ്ട്. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍ ഒന്നിലധികം വിളകളും മാറി മാറി ഹരി പരീക്ഷിക്കാറുണ്ട്. 

വെറുതേ കൃഷി ചെയ്യുക മാത്രമല്ല, ശരിയായ രീതിയില്‍ വിപണനം ചെയ്യാനും ഈ ബിടെക്കുകാരന് അറിയാം. പല ഉത്പന്നങ്ങള്‍ക്കും ആളുകള്‍ പറഞ്ഞറിഞ്ഞു പുതിയ ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി വാട്ട്‌സ്അപ്പില്‍ ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ആരംഭിച്ച് അതില്‍ ഉത്പന്നങ്ങളുടെയും ഫാമിന്റെയും ചിത്രങ്ങള്‍ ഹരി അയക്കാറുണ്ട്. ഫേസ്ബുക്കിലൂടെയും ഈ ന്യൂജെന്‍ കര്‍ഷകന്‍ വിപണി കണ്ടെത്തുന്നു. കൃഷിയിലെ ആദായം 15 ലക്ഷത്തില്‍ നിന്നു 30 ലക്ഷമായി ഉയര്‍ത്തുകയാണ് ഹരിയുടെ അടുത്ത ലക്ഷ്യം.

തന്റെ ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള പയര്‍ വര്‍ഗ്ഗങ്ങളും പച്ചക്കറിയുമെല്ലാം ഫാമില്‍ തന്നെ ഈ ചെറുപ്പക്കാരന്‍ കൃഷി ചെയ്‌തെടുക്കുന്നു. എല്ലാ പിന്തുണയുമായി ഭാര്യ രേഖയും ഒപ്പമുണ്ട്. തന്റെ നിരന്തര പ്രയത്‌നത്തിലൂടെ കൃഷിയെ കുറിച്ചുള്ള പലരുടെയും ധാരണകള്‍ മാറ്റാനായതായി ഹരി പറയുന്നു. ഇപ്പോള്‍ കുടുംബത്തിന്റെയും കൂട്ടുകാരുടെയുമെല്ലാം പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നുണ്ട്. 100 ശതമാനം ആത്മാര്‍പ്പണം നടത്താന്‍ സാധിക്കുമെങ്കില്‍ മാത്രമേ കൃഷിയിലേക്ക് ഇറങ്ങാവൂ എന്നാണു ചെറുപ്പക്കാര്‍ക്കുള്ള ഹരിയുടെ ഉപദേം. കൃഷി ലാഭകരമല്ലെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും മറ്റേതു ജോലിയെയും പോലെ അന്തസ്സായി ജീവിക്കാന്‍ കൃഷി കൊണ്ട് സാധിക്കുമെന്നും ഇയാള്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA