sections
MORE

ആരുമില്ലാത്തവർക്കു സ്വന്തം വീടൊരുക്കി ഖമറുന്നീസ അൻവർ

Khamarunnisa
ഖമറുന്നീസ അൻവർ സ്നേഹവീടിലെ അന്തേവാസികൾക്കൊപ്പം
SHARE

സ്വന്തക്കാർ ഉപേക്ഷിച്ച നാലു ജീവിതങ്ങൾ. മലപ്പുറം മഞ്ചേരിയിലെ അഗതിമന്ദിരത്തിനു താഴുവീഴുമ്പോൾ അവരുടെ കണ്ണുകളിലേക്കു നോക്കാൻ നടത്തിപ്പുകാർക്കായില്ല. ഇവരെ ഇനി ആരു സംരക്ഷിക്കും എന്ന വലിയ ചോദ്യം മുന്നിൽ. യോജിച്ച അഗതിമന്ദിരം കണ്ടെത്താൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ അവർ സാമൂഹിക നീതി വകുപ്പ് അധ്യക്ഷ ഖമറുന്നീസ അൻവറിനെ കാണാൻ ചെന്നു. അവരോടു ഖമറുന്നീസ പറഞ്ഞു, ‘‘ നാലുപേരെയും എന്റെ വീട്ടിലേക്കു കൊണ്ടുവരൂ’’. അവിടെ തുടങ്ങി, ഖമറുന്നീസ അൻവറിന്റെ പുതിയ സേവന ജീവിതം. സ്വന്തം വീടിനോടു ചേർന്ന് അവർ സ്ഥാപിച്ച ‘സ്നേഹവീട്’ എന്ന വനിതാ സാന്ത്വനമന്ദിരം ഇന്ന് ഒട്ടേറെപ്പേരുടെ അത്താണി. 

കണ്ണീർ തുടച്ച്
കേന്ദ്ര സോഷ്യൽ വെൽഫെയർ ബോർഡ് അംഗമായിരിക്കെ ന്യൂഡൽഹിയിലേക്കുള്ള യാത്രയിലാണു ഹൃദയത്തെ പിടിച്ചുലച്ച കാഴ്ച കണ്ടത്. മിച്ചം വരുന്ന ആഹാരം കിട്ടുമെന്ന പ്രതീക്ഷയോടെ ഹോട്ടലിനു മുന്നിൽ കാത്തു നിൽക്കുന്ന നൂറുകണക്കിനു പേർ. 

വീടിനു സമീപം താവളമടിച്ചിരുന്ന നാടോടികൾക്കെല്ലാം അടുത്ത പെരുന്നാൾ ദിനത്തിൽ ബിരിയാണി വിളമ്പിയാണ് അന്നത്തെ കാഴ്ചയുടെ വിഷമം തീർത്തതെന്നു ഖമറുന്നീസ. പലരീതികളിൽ സാമൂഹിക സേവനം തുടരുന്നതിനിടെയാണ് ആരോരുമില്ലാത്ത ആ നാലു പേരുടെ കഥകേട്ടതും ഏഴു വർഷം മുൻപ് മലപ്പുറം തിരൂർ ടൗണിലെ ‘അഖ്ന’ എന്ന വീടിനോടു ചേർന്നു സ്നേഹവീട് തുടങ്ങിയതും.

‘‘ഭർത്താവ് ഡോ. മുഹമ്മദ് അൻവർ രോഗികളെ പരിശോധിച്ചിരുന്ന കെട്ടിടമാണു സ്നേഹവീടാക്കിയത്.  ഇതുവരെ നൂറിലേറെപ്പേർ ഇവിടെയെത്തി. ചിലർ മരിച്ചുപോയി. ചിലരെ ബന്ധുക്കൾ തിരികെ കൊണ്ടുപോയി. ഇപ്പോൾ 15 പേരുണ്ട്. കരഞ്ഞുകൊണ്ടാണു പലരും വരിക. രക്തബന്ധുക്കൾ ഉപേക്ഷിച്ചതിന്റെ സങ്കടം. ജീവിതം അവസാനിപ്പിക്കാമെന്നുവരെ ചിന്തിച്ചു പലരും. പക്ഷേ, സ്നേഹവീട്ടിൽ വന്നു കുറച്ചുദിവസം കൊണ്ട് എല്ലാവരും സങ്കടം മറക്കും. ഇവിടെ , പരിഭവങ്ങളില്ല, കുറ്റപ്പെടുത്തലില്ല,പരാതിയില്ല. ഉള്ളതു പങ്കിട്ട് എല്ലാവരും സന്തോഷത്തോടെ കഴിയുന്നു’’, ഖമറുന്നീസയുടെ വാക്കുകൾ.

മൂന്നു സ്ഥിരം ജീവനക്കാരുണ്ട്. ഭർത്താവും മക്കളായ അസ്ഹർ, അസ്ബറ, അൻസീറ, അസീം അഹ്‍ദീർ എന്നിവരും സഹായിക്കും. ഡോക്ടറായ അസീം അഹ്ദീറും ഭാര്യ ഡോ. തസ്നീമുമാണു സ്നേഹവീട്ടിലുള്ളവരെ ചികിൽസിക്കുന്നത്. വനിതകൾക്കായി സുരക്ഷാ സങ്കേതം, ഫാമിലി കൗൺസലിങ് സെന്റർ എന്നിവയും തുടങ്ങി. രാത്രിയിൽ നഗരത്തിലെത്തുന്ന വനിതകൾക്കു താമസിക്കാനായി ജനമിത്ര അഭയകേന്ദ്രവും ഉടൻ ആരംഭിക്കും. എല്ലാ ചെലവും ഖമറുന്നീസയാണു വഹിക്കുന്നത്.

നന്മയുടെ സന്തോഷം
‘‘ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക എന്നാണ് അറബിക് വാക്കായ ‘അഖ്ന’യുടെ അർഥം. അങ്ങനെ സംതൃപ്തിയുള്ളതുകൊണ്ടാണ് ഞങ്ങളുടെ വീടിന് ‘അഖ്ന’യെന്നു പേരിട്ടതും. വനിതാ ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റ് ചുമതലയ്ക്കൊപ്പം ഇതുപോലെയുള്ള സ്ഥാപനങ്ങളൊക്കെ നടത്തിക്കൊണ്ടുപോകാൻ പ്രയാസമല്ലേയെന്നു പലരും ചോദിക്കും. പക്ഷേ, ഇങ്ങനെ ലഭിക്കുന്ന സംതൃപ്തിയും മനസ്സമാധാനവും മറ്റൊരിടത്തും കിട്ടില്ല. 

സ്നേഹവീട്ടിൽ ഇപ്പോഴുള്ള ചന്ദ്രികയെ ഭർത്താവ് ഉപേക്ഷിച്ചതാണ്. അവൾക്കു നടക്കാൻ പോലും കഴിയില്ല. എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണം. എന്നും രാവിലെ ചന്ദ്രികയെ കണ്ടാലേ എന്റെ മനസ്സ് തെളിയൂ.  ഇവരുടെയെല്ലാം കൊച്ചുകൊച്ചു കാര്യങ്ങൾ കേട്ട്, അതെല്ലാം നടത്തികൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല’’– ചിരിയോടെ ഖമറുന്നീസ.

ഉമ്മയുടെ പേരിൽ തുടങ്ങിയ ഫാത്തിബീസ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലാണു സ്നേഹവീട്. ഖമറുന്നീസയുടെ സുഹൃത്തുക്കളാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങൾ. ‘‘എനിക്കു ശേഷവും സ്നേഹവീട് നിലനിൽക്കണം. അതുകൊണ്ടാണ് ട്രസ്റ്റിനു കീഴിലാക്കിയത്. പലരും സഹായവുമായി വരാറുണ്ട്. ഹൃദയത്തിൽ കരുണവറ്റാത്ത വലിയൊരു സമൂഹമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ഇതുപോലെയുള്ള സ്നേഹവീടുകളൊന്നും ഇല്ലാതായി പോകുമെന്നു കരുതുന്നില്ല’’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA