sections
MORE

അച്ഛന്റെ ജീവനെടുത്തു, മകനെ വീൽചെയറിലാക്കി; ബ്രൂക്ക്‌ലിൻ അദ്ഭുതപാലം യാഥാർഥ്യമായതിങ്ങനെ

Brooklyn Bridge
SHARE

അസാധ്യമെന്നു ലോകം മുഴുവൻ അഭിപ്രായപ്പെട്ട കാര്യമാണ് സ്വന്തം മനോബലംകൊണ്ടു വാഷിങ്ടൺ റോബ്ലിങ് സാധ്യമാക്കിയത്. ശരീരം തളർന്നാലും മനസ്സു തളരുകയില്ല എന്നു റോബ്ലിങ് തെളിയിച്ചു. എല്ലാത്തിനും തുടക്കമിടുന്നതു മനസ്സിൽ നിന്നാണ്. ചിന്തകളും വിശ്വാസങ്ങളും മനോഭാവങ്ങളുമെല്ലാം മനസിന്റെ സൃഷ്ടികളാണ്. ഇവയെല്ലാം പോസിറ്റീവായ രീതിയിലുള്ളതാണെങ്കിൽ പ്രവർത്തനഫലവും പോസിറ്റീവാകും. പോസിറ്റീവായ മനസുണ്ടെങ്കിൽ അത്യദ്ഭുതങ്ങൾ സൃഷ്ടിക്കാനാവും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ബ്രൂക്ക്‌ലിൻ പാലത്തിന്റെ നിർമ്മാണം.

ജർമനിയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ജോൺ അഗസ്തസ് റോബ്ലിങ് എന്ന എൻജിനീയർ തൂക്കുപാലങ്ങളുടെ നിർമാണത്തിൽ വിദഗ്ധനായിരുന്നു. സ്റ്റീൽ നാരുകൾ ഉപയോഗിച്ചുള്ള ബലവത്തായ വടങ്ങളിൽ നിർമിക്കുന്ന തൂക്കുപാലങ്ങൾ അക്കാലത്തൊരു പുതുമ ആയിരുന്നു. പല ചെറുകിട പാലങ്ങൾ നിർമിച്ചുവെങ്കിലും ജോൺ റോബ്ലിങ്ങിന്റെ സ്വപ്നം വളരെ വലുതായിരുന്നു. ന്യൂയോർക്കിനെയും ബ്രൂക്ക്‌ലിനെയും ബന്ധിപ്പിക്കുന്ന ഒരു വലിയ പാലം നിർമിക്കണം. വർഷങ്ങളുടെ പ്രയത്നങ്ങൾക്കൊടുവിൽ അദ്ദേഹം അതിനുള്ള രൂപകൽപന പൂർത്തീകരിച്ചു. എൻജിനീയറിങ് വിദ്യാർഥി ആയിരുന്ന മകൻ വാഷിങ്ടൺ റോബ്ലിങ്ങും എല്ലാ ഘട്ടങ്ങളിലും സഹായിക്കാനുണ്ടായിരുന്നു. ക്ലേശകരമായ ശ്രമങ്ങൾക്കൊടുവിൽ 1867ൽ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് പാലം പണിക്കുള്ള അനുമതി നൽകി.

നിർമാണത്തിന്റെ തുടക്കം മുതൽ വെല്ലുവിളികളും പ്രതിസന്ധികളുമായിരുന്നു. കുത്തൊഴുക്കുള്ള നദിയിൽ ആഴത്തിലുള്ള ഗർത്തങ്ങളുണ്ടാക്കുന്നതു സാഹസികമായ യജ്ഞമായിരുന്നു. റോബ്ലിങ്ങിന്റെ സ്വപ്നം സാധ്യമാകുമെന്നു കൂടെയുണ്ടായിരുന്നവർ പോലും വിശ്വസിച്ചിരുന്നില്ല. ഇതിനിടെ ഒരപകടത്തിൽപെട്ടു ജോൺ റോബ്ലിങ്ങിന്റെ കാലിലെ പെരുവിരൽ മുറിച്ചുമാറ്റേണ്ടതായി വന്നു. അതേ തുടർന്നു ടെറ്റനസ് ബാധിതനായി 1869ൽ അദ്ദേഹം മരിച്ചു. നിർമാണത്തിന്റെ നേതൃത്വം മുപ്പത്തിരണ്ടുകാരനായ മകൻ വാഷിങ്ടൺ റോബ്ലിങ്ങിന്റെ ചുമലിലായി. സുഹൃത്തുക്കളായ എൻജിനീയർമാരെയൊക്ക തന്നോടൊപ്പം കൂട്ടാൻ വാഷിങ്ടൺ ശ്രമിച്ചെങ്കിലും അവരെല്ലാം പിന്മാറി. തന്റെ പിതാവിന്റെ പദ്ധതിയിൽ പൂർണ വിശ്വാസമുണ്ടായിരുന്ന വാഷിങ്ടൺ ആത്മവിശ്വാസത്തോടെ പദ്ധതിക്കു നേതൃത്വം നൽകി.

പാലത്തിന്റെ തൂണുകൾ സ്ഥാപിക്കാനായി നിർമിച്ച ഗർത്തം പരിശോധിക്കാനിറങ്ങിയ വാഷിങ്ടൺ വിഷവായു ശ്വസിച്ചു ബോധരഹിതനായി. അതേ തുടർന്ന് അദ്ദേഹത്തിനു തളർവാതം ബാധിച്ചു രോഗശയ്യയിലായി. നേതൃത്വം കൊടുക്കാൻ ആളില്ലാത്ത അവസ്ഥയിൽ അദ്ദേഹത്തിന്റെ പത്നി എമിലിയാണ് വാഷിങ്ടന്റെ നിർദേശങ്ങൾ‍ എൻജിനീയമാരിൽ എത്തിച്ചത്. സഞ്ചാരശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ അംഗവിക്ഷേപങ്ങളിലൂടെ നൽകിയ നിർദേശങ്ങൾ മനസിലാക്കുന്നതിലും നടപ്പിലാക്കുന്നതിലും എമിലി ബഹുസമർത്ഥ ആയിരുന്നു. തന്റെ അപ്പാർട്ട്മെന്റിലെ വീൽചെയറിലിരുന്നു നീണ്ട പതിനൊന്നു വർഷക്കാലം പാലം പണിയുടെ പ്രവർത്തനങ്ങൾ അദ്ദേഹം വീക്ഷിച്ചു. എമിലിയിലൂടെ തന്റെ ശാരീരികമായ പോരായ്മകൾ പരിഹരിക്കാൻ കഴിഞ്ഞു.

1883 മെയ് 24ന് ബ്രൂക്ക്‌ലിൻ പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തപ്പോൾ ലോകത്തെ എട്ടാമത്തെ അദ്ഭുതമായാണു മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. പാലത്തിലൂടെ ആദ്യം യാത്ര ചെയ്യാനുള്ള അവകാശം എമിലിക്കു നൽകിക്കൊണ്ടു ഭരണാധിപർ അവരെ ആദരിച്ചു. പാലം തുറന്നു 24 മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷം ആളുകളും 1800 വാഹനങ്ങളുമാണു പാലത്തിലൂടെ കടന്നുപോയത്. അമേരിക്കൻ പ്രസിഡന്റ് ചെസ്റ്റർ ആർതർ അടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. ജനങ്ങളുടെ ആഹ്ലാദാരവങ്ങൾ വീക്ഷിച്ചുകൊണ്ട്, ആത്മനിർവൃതിയോടെ വാഷിങ്ടൺ റോബ്ലിങ് തന്റെ അപ്പാർട്ട്മെന്റിലെ വീൽചെയറിലുണ്ടായിരുന്നു. അസാധ്യമെന്ന് ഏവരും കരുതിയിരുന്ന ബ്രൂക്ക്‌ലിൻ പാലം ഇന്നും ന്യൂയോർക്കിന്റെ അഭിമാന ചിഹ്നമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA