sections
MORE

ഐടി ജോലി ഉപേക്ഷിച്ചു ഡാന്‍സ് കരിയറാക്കി; ഇന്ന് യൂട്യൂബിലെ മിന്നും താരം

sonali
SHARE

ഇന്ത്യയിലെ പല മധ്യവര്‍ഗ്ഗ കുടുംബങ്ങളും നൃത്തം ഒരു കരിയറായി കാണുന്നവരല്ല. കുട്ടികള്‍ പ്രത്യേകിച്ചു പെണ്‍കുട്ടികള്‍, വളര്‍ന്നു വരുമ്പോള്‍ അത്യാവശ്യം ഡാന്‍സും പാട്ടുമൊക്കെ പഠിപ്പിക്കാന്‍ വിടുമെങ്കിലും അതു കരിയറാക്കണമെന്നു പറഞ്ഞാല്‍ പലരുടെയും മട്ടു മാറും. സൊണാലി ഭദൗരിയയുടെ കുടുംബവും വ്യത്യസ്തമായിരുന്നില്ല. പക്ഷേ, സൊണാലിയെ വ്യത്യസ്തയാക്കുന്നതു മാതാപിതാക്കളുടെ സ്വപ്നങ്ങളില്‍ നിന്നു തന്റെ സ്വപ്നങ്ങളിലേക്കു പിന്നീട് നടത്തിയ തിരിച്ചു വരവായിരുന്നു. ടെക്കി ജോലി ഇട്ടെറിഞ്ഞു നൃത്തത്തിലേക്കു ചുവടു വച്ച സൊണാലി 16 ലക്ഷത്തിലധികം വരിക്കാരുമായി ഇന്ന് യൂടൂബിലെ മിന്നും കൊറിയോഗ്രഫറാണ്. 'ലിവ് ടു ഡാന്‍സ് വിത്ത് സൊണാലി' എന്ന സൊണാലിയുടെ യൂടൂബ് പേജ് മൂന്നു വര്‍ഷത്തിനകം സന്ദര്‍ശിച്ചതു 23 കോടിയില്‍പ്പരം ആള്‍ക്കാരാണ്. ഇന്‍സ്റ്റാഗ്രാമിലുമുണ്ട് സൊണാലിക്ക് നാലു ലക്ഷത്തിലധികം ഫോളോവര്‍മാര്‍. 

എന്നാല്‍ ഈ നിലയിലേക്കുള്ള സൊണാലിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രതീക്ഷകളുടെ ഭാരം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ഡാന്‍സര്‍ സ്വപ്നമെടുത്തു തട്ടിന്‍പുറത്തു വച്ചിട്ടു സൊണാലിയും എന്‍ജിനീയറിങ് പഠിക്കാന്‍ പോയിരുന്നു. നന്നായി പഠിച്ച് ഇന്‍ഫോസിസില്‍ ജോലിയും നേടി. 

ജോലി തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് സൊണാലി തന്റെ ഡാന്‍സിങ് സ്വപ്നങ്ങള്‍ പൊടിതട്ടിയെടുത്തത്. ഇന്‍ഫോസിസിലെ തന്നെ ഡാന്‍സ് ക്ലബായ ക്രേസി ലെഗ്‌സിലൂടെയായിരുന്നു മടങ്ങി വരവ്. ഇന്‍ഫോസിസിലെ ജീവനക്കാര്‍ ആരംഭിച്ച ക്രേസി ലെഗ്‌സ് ജോലി സമയം കഴിഞ്ഞു ഡാന്‍സ് പരിശീലിക്കാനും മത്സരങ്ങള്‍ക്കും മറ്റും പോകാനും സൊണാലിയെ സഹായിച്ചു. അങ്ങനെ കുറച്ചു കാലം എന്‍ജിനീയര്‍-ഡാന്‍സര്‍ ഇരട്ട ജീവിതം നയിച്ചു സൊണാലി. 

sonali2

പതിയെ പതിയെ ഡാന്‍സ് സ്റ്റെപ്പുകള്‍ അനുകരിക്കുന്നതില്‍ നിന്നും കൊറിയോഗ്രാഫിയിലേക്കു തിരിഞ്ഞു. പുതിയ സ്റ്റെപ്പുകള്‍ പരീക്ഷിക്കാനാരംഭിച്ചു. ക്ലബ് അംഗങ്ങളില്‍ നിന്നു നല്ല പ്രോത്സാഹനം ലഭിച്ചതോടെ കൊറിയോഗ്രാഫി ഗൗരവമായി എടുത്തു. ഇവിടെ വച്ചു തന്നെയാണ് സൊണാലി തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത്. സൊണാലി കൊറിയോഗ്രാഫ് ചെയ്ത നൃത്തചുവടുകള്‍ റെക്കോര്‍ഡ് ചെയ്തു രേഖപ്പെടുത്തുന്നതിനാണു ലീവ് ടു ഡാന്‍സ് വിത്ത് സൊണാലി എന്ന യൂടൂബ് ചാനല്‍ ആരംഭിക്കുന്നത്. 

ഇതിനിടെ മുംബൈയില്‍ നിന്നു പൂണെയിലേക്ക് സ്ഥലം മാറി. ഡാന്‍സില്‍ മുഴുവന്‍ സമയവും മുഴുകുന്നതിനായി ഐടി ജോലിയില്‍ നിന്നു രാജിവച്ചു. ഒരു സ്ഥിരം ജോലി കളഞ്ഞിട്ടു നൃത്തത്തിന്റെ പിന്നാലെ പോകുന്നതിനെ വിമര്‍ശിക്കാന്‍ നിരവധി പേരുണ്ടായിരുന്നു. പക്ഷേ, എന്തിനും പിന്തുണയുമായി ഭര്‍ത്താവ് പാറ പോലെ പിന്നില്‍ ഉറച്ചു നിന്നു. പുണെയിലെത്തിയ സൊണാലി വിവാഹം പോലുള്ള ചടങ്ങുകളുടെ കൊറിയോഗ്രാഫി വര്‍ക്കുകള്‍ ചെയ്യാന്‍ ആരംഭിച്ചു. അവയുടെ വിഡിയോകളും യൂടൂബില്‍ പോസ്റ്റ് ചെയ്തു. 

2017ല്‍ ഇട്ട രണ്ടു വിഡിയോകള്‍ വൈറലായതോടെയാണു സൊണാലിയുടെ തലവര മാറുന്നത്. ഈ വിഡിയോകളാണ് സൊണാലിയെ ഇംഗ്ലീഷ് ഗായകന്‍ എഡ് ഷീരന്റെ മ്യൂസിക് കണ്‍സേര്‍ട്ടിനുള്ള മത്സരത്തിലെത്തിച്ചത്. ഇതിനായി സൊണാലി ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്കു പറന്നു. ഈ മത്സരം ജയിച്ചതോടെ സൊണാലിയുടെ വിഡിയോകള്‍ക്കു രാജ്യാന്തര തലത്തില്‍ തന്നെ പ്രശസ്തി ലഭിച്ചു. പിന്നീടു സൊണാലിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

ഇവന്റുകള്‍ക്കു പുറമേ ഡാന്‍സ് ശില്‍പശാലകളും സംഘടിപ്പിച്ചു തുടങ്ങി. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയതോടെ മുംബൈയിലേക്കു വീണ്ടും വരേണ്ടി വന്നു. നൃത്തത്തില്‍ ശാസ്ത്രീയ പരിശീലനം സിദ്ധിക്കാത്തത് ഇടയ്ക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കിയെങ്കിലും അവയെല്ലാം ഉടന്‍ പരിഹരിക്കപ്പെട്ടു. എഴുത്തോ പ്രസംഗമോ പോലെ കഠിനാധ്വാനത്തിലൂടെ, ക്ഷമയോടെ അഭ്യസിക്കാവുന്ന ഒന്നാണു നൃത്തമെന്നാണ് സൊണാലിയുടെ അഭിപ്രായം. ടിവിക്കു മുന്നില്‍ നിന്നു നൃത്തച്ചുവടുകള്‍ നോക്കി അതേ പോലെ ചെയ്തായിരുന്നു സൊണാലിയുടെയും ആരംഭം. പിന്നീടു പല ചുവടുകളും പഠിച്ചെടുത്തതും ആരുടെയും സഹായമില്ലാതെയാണ്. പക്ഷേ, ചിലപ്പോഴെങ്കിലും ശാസ്ത്രീയമായി നൃത്തം പഠിച്ച ചിലരുടെ പുച്ഛം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സൊണാലി പറയുന്നു. പക്ഷേ, ഭൂരിപക്ഷം പേരും നൃത്തത്തോടുള്ള സൊണാലിയുടെ അഭിനിവേശത്തെയും ആത്മാര്‍പ്പണത്തെയും ആദരിക്കുന്നവരും അഭിനന്ദിക്കുന്നവരുമാണ്. 

പുതുതായി നൃത്തം പഠിക്കുന്നവര്‍ക്കു വേണ്ടിയുള്ള ട്യൂട്ടോറിയലുകളും സൊണാലി തന്റെ യൂടൂബ് ചാനലിലൂടെ നല്‍കുന്നുണ്ട്. ശരിയായ സമയത്തു ശരിയായ കാര്യം ശരിയായ പ്ലാറ്റ്‌ഫോമിലൂടെ ചെയ്യാന്‍ കഴിഞ്ഞതാണു തന്റെ വിജയമെന്നും ഇതിനു സാമൂഹിക മാധ്യമങ്ങള്‍ വലിയ സഹായം നല്‍കിയിട്ടുണ്ടെന്നും സൊണാലി കൂട്ടിച്ചേര്‍ക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA