sections
MORE

12ാം വയസ്സിൽ നൂറോളം വിദ്യാർഥികളെ പഠിപ്പിച്ച കൊച്ചു മിടുക്കി

mary-grace-henry
SHARE

പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോൾ മേരി ഗ്രേസ് ഹെൻറി മാതാപിതാക്കളോട് ഒരേയൊരു സമ്മാനമാണ് ആവശ്യപ്പെട്ടത്. ഒരു തയ്യൽ മെഷീൻ. മകളുടെ സ്വഭാവമറിയാവുന്ന അവർക്ക് അത് അത്ഭുതമായി തോന്നിയില്ല. അവർ പ്രതീക്ഷിച്ച പോലെ അവളുടെ ആ ആവശ്യത്തിനു പിന്നിലും വ്യക്തമായൊരു ലക്ഷ്യമുണ്ടായിരുന്നു. സഹജ സ്‌നേഹത്തിന്റെ നൂലിഴകളാണ് അവൾ അതിലൂടെ തുന്നിയെടുത്തത്. അവൾ അതിൽ തയ്‌ച്ചെടുത്ത തലയിൽ കെട്ടുന്ന ഓരോ ബാൻഡും ആഫ്രിക്കയിലെ പാവപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉണർവും ഊർജവുമായി.

യുഎസിലെ മിഷിഗണിലുള്ള ഹാരിസൺ എന്ന നഗരത്തിൽനിന്നാണ് അശരണരിൽ സ്‌നേഹവും അക്ഷരവും കൂട്ടിയിണക്കി വെളിച്ചത്തിന്റെയമ്പലം പണിത ഈ കൊച്ചുമിടുക്കി വരുന്നത്. ഹെൻറി പഠിച്ചിരുന്ന സ്‌കൂൾ ആഫ്രിക്കയിലെ പാവപ്പെട്ട ഒരു സ്‌കൂൾ ദത്തെടുത്തു സഹായങ്ങൾ നൽകിയിരുന്നു. അവിടെ നിന്നാണു പിന്നാക്ക രാജ്യങ്ങളിലെ പെൺകുട്ടികൾ വിദ്യാഭ്യാസത്തിൽ അനുഭവിക്കുന്ന കടുത്ത നീതി നിഷേധം അവൾ അറിയുന്നത്. വെറുതെ ഒരു സ്‌കൂളിനെ സഹായിച്ചുകൊണ്ടിരുന്നിട്ട്

എന്തു കാര്യം. അവിടേക്കു വിദ്യാർഥികൾ എത്തേണ്ടേ. അവൾ ചിന്തിച്ചു. ഒരു വിദ്യാർഥിയെ എങ്കിലും സ്‌കൂളിൽ എത്തിക്കാനുള്ള പണം നൽകാൻ കഴിഞ്ഞാൽ അത്രയുമായല്ലോ എന്നായിരുന്നു പിന്നെ ഹെൻറി ആലോചിച്ചത്. ആയിടയ്ക്കാണു തലയിൽ കെട്ടുന്ന ബാൻഡ് നിർമാണം പരിശീലിക്കുന്ന ഒരു ക്ലാസിൽ അവൾ പങ്കെടുത്തത്. 

പിറന്നാളിനു വീട്ടുകാർ ഒരു തയ്യൽ മെഷീൻ കൂടി വാങ്ങിനൽകിയതോടെ അവൾ തന്റെ ചെറു ഉദ്യമത്തിനു തുടക്കമിട്ടു. ആദ്യം 50 ഹെഡ്ബാൻഡുകളാണു തയ്ച്ചത്. സ്‌കൂളിലെ സ്‌റ്റോർ വഴിയായിരുന്നു വിൽപന. അതു ചൂടപ്പം പോലെ വിറ്റതോടെ. ബൂട്ടിക്കുകളിലും വഴിയോര കച്ചവടശാലകളിലും ഹെൻറി ഹാൻഡ് വിൽപനയ്ക്ക് എത്തിച്ചു. ഇതിൽ നിന്നെല്ലാം സമാഹരിച്ച തുകയിലൂടെ 2010 ൽ അവൾ തന്റെ ജീവിത സാഫല്യം ആദ്യമായി നിറവേറ്റി. ഉഗാണ്ടയിലെ രണ്ടു പെൺകുട്ടികളെ സ്‌കൂളിൽ അയച്ചു പഠിപ്പിക്കാനുള്ള അത്രയും പണം അതിൽനിന്ന് അവൾ സമാഹരിച്ചു. വലിയൊരു മുന്നേററ്റത്തിന്റെ തുടക്കമായിരുന്നു അത്.

ഇന്ന് ഉഗാണ്ട, കെനിയ, ഹെയ്ത്തി തുടങ്ങിയ രാജ്യങ്ങളിലെ നൂറിലേറെ പെൺകുട്ടികളെ വിദ്യാഭ്യാസത്തിനായി ഹെൻറിയുടെ നേതൃത്വത്തിൽ സ്‌കൂളിലെത്തിക്കുന്നത്. റിവേഴ്‌സ് ടു കോഴ്‌സ് എന്ന ലാഭേച്ഛയില്ലാത്ത സംഘടനയും അവൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഓരോ പെൺകുട്ടിക്കും മൂന്നു നേരം ആഹാരം, പുസ്തകം, ചെരിപ്പ്, പഠനോപകരണങ്ങൾ എന്നിവയെല്ലാം അവളുടെ വിദ്യാഭ്യാസകാലം മുഴുവൻ ഉറപ്പാക്കുകയാണ് ഹെൻറിയുടെ സംഘടന ചെയ്യുന്നത്.  മനുഷ്യാവകാശ രംഗത്തെ ഒട്ടേറെ പുരസ്‌കാരങ്ങളും ഹെന്റ്‌റിയെ തേടി ഇക്കാലയളവിൽ എത്തി. അതേ, സ്‌നേഹത്തിൽ പൊതിഞ്ഞ ആ ചെറിയ ഹെഡ്ബാൻഡ് ചരിത്രമെഴുതുകയാണ്, ആയിരങ്ങളെ പ്രചോദിപ്പിക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA