ADVERTISEMENT

ഇരുപത്തിരണ്ടാം വയസ്സിലാണു പ്രേംചന്ദ് ദാണ്ഡിയ ജയ്പൂരിലെ സവായ് മാൻ സിങ് മെഡിക്കൽ കോളജിൽ അധ്യാപകനായി എത്തുന്നത്. അന്നു ക്ലാസിലെ പല വിദ്യാർഥികളും ഈ ഫാർമക്കോളജി അധ്യാപകനു സമപ്രായക്കാരായിരുന്നു. ഇന്ന് ആ ബാച്ചിൽ ജീവിച്ചിരിക്കുന്നവർ രണ്ടു പേർ മാത്രം. പക്ഷേ, പ്രേം ചന്ദ് ദാണ്ഡിയ ഇപ്പോഴും ഇവിടെയുണ്ട്. തന്റെ 92ാം വയസ്സിൽ ചെറുമക്കളുടെ പ്രായത്തിലുള്ള വിദ്യാർഥികളെയും പഠിപ്പിച്ചു കൊണ്ട്. ഈ ജനുവരിയിൽ സവായ് മാൻ സിങ് മെഡിക്കൽ കോളജിൽ 70 വർഷത്തെ അധ്യാപന ജീവിതം ദാണ്ഡിയ പൂർത്തിയാക്കി. 

അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് ജനിച്ച ദാണ്ഡിയക്ക് അധ്യാപക വൃത്തി ജന്മനിയോഗം തന്നെയായിരുന്നു. അധ്യാപക ദിനത്തിനു തന്നെ കാരണക്കാരനായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ ബനാറസ് ഹിന്ദു സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരിക്കുമ്പോൾ അവിടെ വിദ്യാർഥിയായിരുന്നു ദാണ്ഡിയ. ആദ്യ ബാച്ചുകളിൽ പഠിപ്പിച്ചിരുന്ന വിദ്യാർഥികൾ മാത്രമല്ല ദാണ്ഡിയക്കൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകരും മൺമറഞ്ഞു പോയി. 2007 ൽ ആദ്യ ബാച്ചിലെ വിദ്യാർഥികൾ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ച് അധ്യാപകരെ ആദരിക്കാൻ തീരുമാനിച്ചപ്പോൾ അവശേഷിച്ച ഏക അധ്യാപകൻ ദാണ്ഡിയ ആയിരുന്നു.

ദാണ്ഡിയയെ സംബന്ധിച്ചിടത്തോളം പ്രായം വെറുമൊരു സംഖ്യ മാത്രം. 92 ലും ഊർജ്ജസ്വലനായി അധ്യാപനം തുടരുന്ന ഈ എമറിറ്റസ് പ്രഫസർക്ക് രക്ത സമ്മർദ്ദമോ, പ്രമേഹമോ, മറ്റ് പ്രശ്നങ്ങളോ ഒന്നുമില്ല. എല്ലാ ദിവസവും രാവിലെ ആറിന് ഉണരും. 40 മിനിട്ട് യോഗ. ശേഷം 3 കിലോമീറ്റർ നടത്തം. കൃത്യം 10.30 ന് കോളജിലെത്തും. വൈകുന്നേരവും 40 മിനിട്ട് നടക്കും. വേനൽക്കാലത്ത് ഗോൾഫ് ക്ലബിലെ നീന്തൽക്കുളത്തിൽ അര മണിക്കൂറോളം നീന്തും. പല സായാഹ്നങ്ങളിലും ദിവസം അവസാനിപ്പിക്കും മുൻപ് ഒരു ഡ്രിങ്കും ആസ്വദിക്കും.

മൂത്ത മകൻ രോഹിത്തിന് പ്രായം 66. ഇപ്പോൾ ഫ്ലോറിഡയിൽ ഡോക്ടർ. ഇളയ മകൻ 63 കാരൻ വിക്രം ജ്വല്ലറി ബിസിനസ്സൊക്കെ നിർത്തി ഇപ്പോൾ വിപാസന പരിശീലകനായി ജോലി ചെയ്യുന്നു. സവായ് മാൻ സിങ് മെഡിക്കൽ കോളജിൽ നിന്ന് ഫാർമക്കോളജി വിഭാഗം അധ്യക്ഷനായി 1978 ലാണ് ദാണ്ഡിയ വിരമിച്ചത്. തുടർന്ന് ലിബിയയിൽ പോയി ട്രിപ്പോളിയിലുള്ള അൽ ഫത്താ സർവകലാശാലയിൽ ഫാർമക്കോളജി വിഭാഗം രൂപീകരിച്ചു.1984 ൽ ഇന്ത്യയിൽ തിരിച്ചെത്തി ബനാറസ് ഹിന്ദു സർവകലാശാലയിലെ ഫാർമസ്യൂട്ടിക്കൽ വിഭാഗം അധ്യക്ഷനും ആക്ടിങ് വിസിയുമായി സേവനം അനുഷ്ഠിച്ചു.1991 ൽ സവായ് മാൻ സിങ് കോളജിൽ എമറിറ്റസ് പ്രഫസറായി മടങ്ങിയെത്തി. ഡൽഹി സർവകലാശാലയിലും ജാമിയ ഹംദർദിലും വിസിറ്റിങ് പ്രഫസറായിരുന്നു. 

പഠിപ്പിക്കുന്ന എല്ലാ ക്ലാസിലും തന്റെ പഴയ വിദ്യാർഥികളുടെ മക്കളെയോ കൊച്ചു മക്കളെയോ ദാണ്ഡിയ കണ്ടുമുട്ടാറുണ്ട്. 92 ലും ചെറുപ്പക്കാരേക്കാൾ ശുഷ്കാന്തിയോടെ ക്യാംപസിൽ നടക്കുന്ന ഈ പ്രഫസർ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരു റോക്ക് സ്റ്റാറാണ്. ഇടനാഴികളിലൂടെ നടന്ന് നീങ്ങുമ്പോൾ വിദ്യാർഥികളോടു കുശലം ചോദിക്കാൻ ഈ അധ്യാപകൻ മറക്കാറില്ല. 14 പുസ്തകങ്ങളും 170 ഗവേഷണ പേപ്പറുകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കൺസൽട്ടന്റായും പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com