ADVERTISEMENT

പടിവാതിൽക്കലെത്തിയ പരീക്ഷയ്ക്കൊരുങ്ങുന്ന പത്താം ക്ലാസ് വിദ്യാർഥികൾക്കായി സിലബസിൽ ഇല്ലാത്ത ഒരു പാഠം ഇതാ. പടിയിറങ്ങും മുൻപു പത്താം ക്ലാസ് എഴുതിയെടുത്ത് ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന മോഹൻദാസിന്റെ കഥ. വിരമിക്കാൻ ഒരു മാസമേയുള്ളൂ. പക്ഷേ, ജോലിയിലെ സ്ഥാനക്കയറ്റത്തിനു തടസമായി നിന്ന കുറവിനെ തുല്യത പരീക്ഷയിലൂടെ മോഹൻദാസ് മറികടന്നു കഴിഞ്ഞു. 

പീച്ചിയിൽ കേരള വനഗവേഷണ കേന്ദ്രത്തിൽ ക്ലാസ് ഫോർ ജീവനക്കാരനാണ് മോഹൻദാസ്. മോഹൻദാസിന്റെ കഥ അച്ഛൻ ചാത്തുവിൽ നിന്നു തുടങ്ങണം. വിവേചനങ്ങൾ വിലങ്ങിട്ടിരുന്ന സമയത്ത് അക്ഷരങ്ങളുടെ വില മനസിലാക്കിയ ചാത്തു കാലത്തിനു മുൻപേ നടന്നയാളായിരുന്നു. അക്കാലത്തു തന്നെ പള്ളിക്കൂടത്തിൽപ്പോയി. ആറു വർഷം പിന്നിട്ടപ്പോൾ ചാത്തുവിന്റെ അക്ഷര സ്വപ്നങ്ങൾ ചേറിൽ പൂണ്ടുപോയി. അംഗങ്ങളേറെയുള്ള കുടുംബത്തിലെ ആൺകുട്ടികൾ കയ്യും കാലും ഉറച്ചാൽ പാടത്തു പണിക്കിറങ്ങണെന്നായിരുന്നു നാട്ടുനടപ്പ്. ചാത്തുവിന്റെ പ്രതീക്ഷയത്രയും പിന്നെ മക്കളെ ചുറ്റിപ്പറ്റിയായി. ആറുമക്കളുണ്ടായിരുന്നു. മൂത്തമകൻ മോഹൻദാസ് പത്തുകടക്കുന്നതു ചാത്തു സ്വപ്നം കണ്ടു. നാട്ടികയിലെയും തളിക്കുളത്തെയും സ്കൂളുകളിലാണ് മോഹൻദാസ് പഠിച്ചത്. 

പഠിത്തത്തിൽ മോശമല്ലായിരുന്നെങ്കിലും അച്ഛൻ നടന്ന വഴിക്കു തന്നെയാണ് കാലം മോഹൻദാസിനെയും തെളിച്ചത്. പഠിക്കണോ പാടത്തു പണിക്കിറങ്ങണോ എന്നു നിശ്ചയമില്ലാത്ത അവസ്ഥ. അച്ഛനെ ജോലികളിൽ സഹായിക്കണം. കൊയ്ത്തുകാലമായതിനാൽ നെല്ല് വീടുകളിൽ എത്തിക്കണം. അടുത്തുള്ള മില്ലുകളിൽ മരം വിൽക്കണം. അവിടെ നിന്നു കിട്ടുന്ന വിറക് കരിയാക്കി ഹോട്ടലുകളിൽ കൊണ്ടുപോയി കൊടുക്കണം. കുടുംബത്തെ സഹായിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്തു പറ്റൂ. അങ്ങനെ മോഹൻദാസ് പത്തിൽ തോറ്റു മടങ്ങി. അച്ഛനും മകനും ആഗ്രഹം അവധിക്കു വച്ചു. 1977ലാണ് വനം ഗവേഷണ കേന്ദ്രത്തിൽ ജോലി കിട്ടിയത്. 41 വർഷത്തിലധികം സർവീസുണ്ടായിട്ടും ജോലിയിൽ സ്ഥാനക്കയറ്റം ഒഴിഞ്ഞുപോയി. പത്താം ക്ലാസ് പാസാവാത്തതായിരുന്നു കാരണം. മൂന്നുതവണ ശ്രമച്ചെങ്കിലും ഫലം കണ്ടില്ല. അപ്പോഴേക്കും മോഹൻദാസ് ജീവിതമെന്ന വലിയ പരീക്ഷ എഴുതിത്തുടങ്ങിയിരുന്നു. 

പലയിടത്തായി ജോലി ചെയ്തു പഠിച്ചയാളാണ് ഭാര്യയായി വന്നത്. ഉഷാകുമാരി അങ്കണവാടി ടീച്ചറാണ്. മകൻ കണ്ണൻ മോഹൻദാസും നന്നായി പഠിച്ചു. വർഷങ്ങൾക്കു മുൻപു ഏതോ പാടത്തു നിസഹായനായ ഒരു അച്ഛനും മകനും വിത്തിട്ട സ്വപ്നം ഇക്കാലമത്രയും മുളപൊട്ടാതെ നിന്നു. ഔദ്യോഗിക ജീവിത്തിലുടനീളം അതൊരു കുറവായി അനുഭവപ്പെട്ടു. അച്ഛനും വേണ്ടിയെങ്കിലും അതൊന്ന് എഴുതിയെടുക്കണം എന്നുറപ്പിച്ചാണ് മോഹൻദാസ് തുല്യത പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്ത്. സഹായിക്കാൻ ഏറെപ്പേരുണ്ടായിരുന്നു. സഹോദരന്റെ മക്കൾ കണക്കും ഹിന്ദിയും ഇംഗ്ളിഷും പഠിക്കാൻ സഹായിച്ചു. 

കൗമാരക്കാരനായ ഒരു വിദ്യാർഥിയുടെ ജാഗ്രതയോടെ പഠിച്ചു. തുല്യത പരീക്ഷയുടെ ക്ലാസുകളും ഏറെ ഗുണം ചെയ്തു. പരീക്ഷണങ്ങളേറെ താണ്ടിയവന്റെ മുന്നിൽ ഒടുവിൽ പരീക്ഷ വഴങ്ങി. ഏപ്രിൽ 30നു മോഹൻദാസ് വിരമിക്കുകയാണ്. ഈ സമയത്തിനുള്ളിൽ ഏതെങ്കിലും ഫോമിൽ വിദ്യഭ്യാസ യോഗ്യത എഴുതാനുണ്ടെങ്കിൽ ധൈര്യമായിട്ടെഴുതാം:യോഗ്യത: എസ്എസ്എൽസി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com