ADVERTISEMENT

ഏതൊരു നേട്ടത്തിനു പിന്നിലും ഒരു സ്വപ്നമുണ്ട്. സ്വപ്നസാക്ഷാത്കാരത്തിലൂടെ അനുഭവിക്കുന്ന നിർവൃതിയാണ് വിജയം. വലിയ സ്വപ്നങ്ങൾ നേടണമെങ്കിൽ വലിയ പ്രതിസന്ധികളെ അതിജീവിക്കണം. ദാരിദ്ര്യവും കഷ്ടപ്പാടുമാണ് പലർക്കും വലിയ സ്വപ്നങ്ങൾ കാണാനുള്ള പ്രചോദനം. നിലവിലെ അവസ്ഥയ്ക്കു മാറ്റം വേണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നത് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കാരണമാകുന്നു. പട്ടിണിയും ദാരിദ്ര്യാവസ്ഥയുമാണ് ചുങ് ജൂയുങ് എന്ന കൊറിയക്കാരന് സ്വപ്നങ്ങൾ കാണാൻ പ്രചോദനമായതും അതിലൂടെ ഒരു ലോകോത്തര സംരംഭം സ്ഥാപിക്കാൻ കഴിഞ്ഞതും.

ഇപ്പോൾ വടക്കൻ കൊറിയയിലായ കാങ്‌വോൺ പ്രവിശ്യയിൽ ഒരു ദരിദ്ര കർഷക കുടുംബത്തിൽ 1915 ലാണ് ചുങ്ങിന്റെ ജനനം. സാമ്പത്തിക ക്ലേശംമൂലം സ്കൂൾ വിദ്യാഭ്യാസം ഇടയ്ക്ക് ഉപേക്ഷിച്ച് കൃഷിയിടത്തിൽ പണിയെടുത്തു. എന്നാൽ ദുരിതം കാരണം പതിനാറാമത്തെ വയസ്സിൽ ഒരു കൂട്ടുകാരനുമൊത്ത് കോവോൺ പട്ടണത്തിലേക്ക് ഒളിച്ചോടി. രണ്ടു മാസം കൺസ്ട്രക്‌ഷൻ തൊഴിലാളിയായി പണിയെടുത്തു. ഇതിനിടെ പിതാവ് തിരഞ്ഞെത്തി കണ്ടുപിടിച്ചു തിരികെ നാട്ടിലെത്തിച്ചു. രണ്ടു മാസം കൊണ്ടു സിവിൽ എൻജിനീയറിങ്ങിൽ താൽപര്യം ജനിച്ചു. രണ്ടു കൂട്ടുകാരുമൊത്ത് പതിനെട്ടാമത്തെ വയസ്സിൽ വീണ്ടും ഒരൊളിച്ചോട്ടം. ഇത്തവണ സിയൂളിലേക്കായിരുന്നു. യാത്രയ്ക്കിടയിൽ കയ്യിലുണ്ടായിരുന്ന പണമെല്ലാം ഒരു അപരിചിതൻ അടിച്ചുമാറ്റി. ഇത്തവണയും പിതാവ് തേടിപ്പിടിച്ച് എത്തി. മൂന്നാമത്തെ തവണ പിതാവിന്റെ പശുവിനെ വിറ്റുകിട്ടിയ പണവുമായാണ് ഒളിച്ചോടിയത്. മൂന്നാം തവണയും പിതാവ് പിടികൂടി. വലിയ സ്വപ്നങ്ങളുമായായിരുന്നു എല്ലാ യാത്രകളും.

എന്തു ജോലിയും ചെയ്യാൻ തയാറായി നാലാമത്തെ ഒളിച്ചോട്ടം ചെന്നെത്തിയത് ഇഞ്ചിയോൺ ഹാർബറിൽ. കൺസ്ട്രക്‌‌ഷൻ തൊഴിലാളിയായും സ്റ്റാർച്ച് കമ്പനിയിൽ അസിസ്റ്റന്റായും ജോലി നോക്കി. ഒരു അരിവ്യാപാരിയുടെ സഹായിയായി കൂടിയതോടെ സ്ഥിര ജോലിയായി. 1937ൽ അരി വ്യാപാരി അസുഖബാധിതനായതോടെ കച്ചവടം ചുങ്ങിനെ ഏൽപ്പിച്ചു. രണ്ടു വർഷം നന്നായി കച്ചവടം നടത്തിയെങ്കിലും ജപ്പാൻ അധിനിവേശത്തെ തുടർന്നു കച്ചവടം തകർന്നു. കുറേ കാലത്തിനു ശേഷം 3000 വോൺ ലോണെടുത്ത് ഒരു ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ആരംഭിച്ചു. നല്ല നിലയിൽ നടന്ന വർക്ക്ഷോപ്പ് ജപ്പാൻകാർ ഏറ്റെടുത്തു. സമ്പാദ്യമായ 50,000 വോണുമായി തിരിച്ചു നാട്ടിലെത്തി.

1946ൽ കൊറിയ സ്വതന്ത്രമായതിനെ തുടർന്നു പുനർനിർമാണ പ്രവർത്തന മേഖലയിൽ അവസരങ്ങളുണ്ടായി. 1947ൽ ഹ്യുണ്ടായ് കൺസ്ട്രക്‌ഷൻ കമ്പനി തുടങ്ങി. അവസരങ്ങളെ ഫലപ്രദമായി ഉപയോഗിച്ച ചുങ്ങിന് പിന്നീടു വളർച്ചയുടെ നാളുകളായിരുന്നു. ഡാമുകളും റോഡുകളും പാലങ്ങളും നിർമിച്ചുകൊണ്ടു ഹ്യുണ്ടായ് കമ്പനി മുന്നേറി. 1967ലാണ് കാർ നിർമാണം ആരംഭിച്ചത്. ദക്ഷിണ കൊറിയയുടെ വ്യാവസായിക വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ച ചുങ് ജൂയുങ് രാഷ്ട്രീയത്തിലും സന്നദ്ധ സേവന പ്രവർത്തനങ്ങളിലും സജീവ നേതൃത്വം നൽകി. ഹ്യുണ്ടായ് കമ്പനി കൺസ്ട്രക്‌ഷൻ, ഓട്ടോമൊബൈൽ മേഖലകളെ കൂടാതെ കപ്പൽ നിർമാണം, ഇലക്ട്രോണിക്സ്, കെമിക്കൽ, ഫിനാൻസ്, ഹെവി ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിലും വൻ വിജയമായി. കൺസ്ട്രക്‌ഷൻ കമ്പനിയുടെ അമ്പത് ശതമാനം ഓഹരികൾ ചുങ് സ്ഥാപിച്ച അസാൻ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയ്ക്കാണ്. 2001 ൽ അന്തരിച്ച ചുങ് തന്റെ സ്വപ്നസാക്ഷാത്കാരത്തിലൂടെ ഒരു രാഷ്ട്രത്തിന്റെ വളർച്ചയ്ക്കുതന്നെ മുതൽക്കൂട്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com