ADVERTISEMENT

ഇത്രയ്ക്കങ്ങ് മഹത്വവത്ക്കരിക്കേണ്ടതുണ്ടോ ഈ മത്സര പരീക്ഷകളെ? നിരവധി പരീക്ഷകളെഴുതി തോറ്റു തൊപ്പിയിട്ട ഏതോ ഉഴപ്പന്‍ 'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന മട്ടില്‍ തട്ടി വിടുന്ന കമന്റാണെന്നു കരുതിയോ? എങ്കില്‍ തെറ്റി. ഈ വര്‍ഷത്തെ ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്(ഗേറ്റ്) പരീക്ഷയില്‍ പെട്രോളിയം എന്‍ജിനീയറിങ് സ്ട്രീമില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് നേടിയ വികാസ് രാജിന്റേതാണ് ഈ ചോദ്യം. 

ജീവിതത്തിലുടനീളം ഒന്നാം റാങ്കു നേടിയ വികാസ് തന്നെ ഇതു ചോദിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് ഉറപ്പിക്കാം. പല പരീക്ഷകളിലും തുടര്‍ച്ചയായി ഫസ്റ്റ് അടിച്ചു വന്ന വികാസ് പക്ഷേ കഴിഞ്ഞ വര്‍ഷം ഗേറ്റ് എഴുതിയപ്പോള്‍ പ്രതീക്ഷിച്ച സ്‌കോര്‍ ലഭിച്ചില്ല. ഈ തിരിച്ചടി മത്സരപരീക്ഷകളുടെ മറുവശം വികാസിനു കാട്ടിക്കൊടുത്തു. 

ലക്ഷക്കണക്കിനു പേര്‍ ഇത്തരം പല പരീക്ഷകള്‍ക്കും ഓരോ വര്‍ഷവും എഴുതുന്നുണ്ടെന്നും കുറച്ചു പേര്‍ മാത്രമേ ഇതു വിജയിക്കാറുള്ളൂവെന്നും അതിലും കുറച്ചു പേര്‍ മാത്രമേ അവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി ലഭിക്കുന്നുള്ളൂവെന്നും വികാസ് പറയുന്നു. അങ്ങനെയുള്ള അവസ്ഥയില്‍ എന്തിനാണു പരീക്ഷകളെ ചുറ്റിപറ്റി ഇത്രയും ആഘോഷമെന്നു വികാസ് ചോദിക്കുന്നു.

പരീക്ഷാ സംവിധാനത്തെ ഈ വിധം മഹത്വവത്ക്കരിക്കുന്നതു നിര്‍ത്തി, അതില്‍ നിന്നും പരീക്ഷാ സമ്മർദ്ദം അകറ്റാന്‍ സാധിക്കണമെന്നും ഈ ടോപ്പര്‍ പറയുന്നു. ഐഐടി ധന്‍ബാദില്‍ നിന്നു പഠിച്ചിറങ്ങിയ വികാസ് ഗേറ്റ് പരീക്ഷയില്‍ 1000ല്‍ 961 സ്‌കോറാണ് നേടിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യണമെന്നാണ് ഈ 23കാരന്റെ ആഗ്രഹം. പാറകളില്‍ നിന്നു കൂടുതല്‍ എണ്ണ ഖനനം ചെയ്യാന്‍ ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയാണു വികാസിന്റെ ലക്ഷ്യം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com