sections
MORE

വിദ്യാഭ്യാസം 9–ാം ക്ലാസ്, ഇന്ത്യൻ സംരംഭകരുടെ പട്ടികയിൽ സ്ഥാനം 6; അയാന്റെ വിജയഗാഥ‌

aayan-chawla
SHARE

കളിച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിലാണ് അയാൻ ചൗള ഒരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. അതും ഒൻപതാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ച്. ഡൽഹിയിലെ വീട്ടുമുറിയിൽ ആരംഭിച്ച കമ്പനി ഇന്ന് കോടികളുടെ വിറ്റുവരവോടെ നാല് വിദേശ രാജ്യങ്ങളിലടക്കം ശാഖകളുമായി മുന്നേറുന്നു. മികച്ച സംരംഭകനുള്ള പുരസ്കാരം തുടർച്ചയായി രണ്ടു തവണ നേടിയ അയാൻ ചൗളയുടെ മാനേജ്മെന്റ് വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും വമ്പൻ സംരംഭകർക്കു പോലും അദ്ഭുതവും പ്രചോദനവുമാണ്.

2005 ൽ അയാന് എട്ടു വയസുള്ളപ്പോഴാണ് ഫാഷൻ ഡിസൈനറായ അമ്മ കുഞ്ചം ചൗള മകനൊരു പേഴ്സണല്‍ കംപ്യൂട്ടർ സമ്മാനിക്കുന്നത്. മറ്റു കുട്ടികളെപ്പോലെ ഗെയിമുകൾ കളിക്കുന്നതിനു പകരം കംപ്യൂട്ടറിന്റെ പ്രവർത്തന രീതികളെക്കുറിച്ച് ആഴത്തിൽ പഠിക്കാനായിരുന്നു അവന് താൽപര്യം. ചെറുപ്രായത്തിൽ തന്നെ വീഡിയോ എഡിറ്റിങ്ങിൽ അവൻ സമർഥനായി. സ്വന്തമായി ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ നിർമിക്കാനുള്ള ശ്രമം തുടങ്ങി. പ്രോഗ്രാമിങ് ലാംഗ്വേജുകൾ പഠിക്കാനായി ഡസൻ കണക്കിനു പുസ്തകങ്ങൾ വായിച്ചു. ഇന്റർനെറ്റിന്റെ സഹായത്താൽ ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിച്ചു.

കേവലം പതിമൂന്നു വയസുള്ളപ്പോൾ അമ്മ  നൽകിയ പതിനായിരം രൂപ മൂലധനവുമായി ആദ്യത്തെ കമ്പനി സ്ഥാപിച്ചു. ഇന്റർനെറ്റ് ഉപഭോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ‘ഗ്രൂപ്പ് ഫോർ ബഡീസ്’ ആയിരുന്നു ആദ്യം തുടക്കം കുറിച്ച സ്ഥാപനം. സംരംഭത്തിനു വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനായി സ്കൂൾ പഠനം ഉപേക്ഷിച്ചു. പിന്നീട് ഓപ്പൺ സ്കൂളിന്റെ സഹായത്താലാണ് പരീക്ഷ എഴുതിയത്.

ഒരു കൗമാരക്കാരന്റെ സംരംഭത്തെ തുടക്കത്തിലാരും കാര്യമായി ഗൗനിച്ചില്ല. എന്നാൽ അയാൻ ആളു ചില്ലറക്കാരനല്ല എന്ന് തിരിച്ചറിഞ്ഞതോടെ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. 2011 ൽ ഐടി സൊലൂഷൻ കമ്പനി ‘ഏഷ്യൻ ഫോക്സ് ഡവലപ്മെന്റ്സ്’ ആരംഭിച്ചു. 2013 ൽ രണ്ടു കമ്പനികൾ കൂടി തുടങ്ങി. വെബ് സൊലൂഷൻ കമ്പനി ‘ഗ്ലോബൽ വെബ് മൗണ്ടും’ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയായ ‘മൈൻഡ് ഇൻ അഡ്വർടൈസിങ്ങും’. പതിനെട്ടു വയസ് പൂർത്തീകരിക്കുമ്പോൾ അയാൻ ചൗളയ്ക്ക് ലോകമെമ്പാടുമായി ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയിലും ഇംഗ്ലണ്ടിലും ഹോങ്കോങ്ങിലും തുർക്കിയിലും അയാന്റെ ബിസിനസ് സംരംഭങ്ങളുടെ ശാഖകളുണ്ട്.

മികച്ച സംരംഭകനുള്ള നിരവധി പുരസ്കാരങ്ങൾ നേടിയ അയാനെ തേടി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആശംസാ സന്ദേശവുമെത്തി. ഇന്ത്യയിലെ സ്കൂളുകളിൽ വിവര സാങ്കേതിക വിദ്യയുടെ പ്രചാരണത്തിനായി അയാൻ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു. നിരവധി കോൺഫറൻസുകളിലും സംരംഭകരുടെ സംഗമങ്ങളിലും അതിഥിയായി പങ്കെടുത്ത അയാന്റെ വാക്കുകൾ നിരവധി ആളുകളെ പ്രചോദിപ്പിക്കുന്നു. താൻ ചെയ്യുന്ന കർമ്മ മേഖലയെക്കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനവും അക്ഷീണം പരിശ്രമിക്കാനുള്ള മനോഭാവവുമുള്ളവർക്ക് ജീവിത വിജയം നേടാനാവുമെന്ന പാഠം അയാൻ ചൗളയിലൂടെ നമുക്ക് ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി അറിയപ്പെടുന്ന അയാൻ 2014 ൽ ജനപ്രിയരായ ഇന്ത്യൻ സംരംഭകരുടെ പട്ടികയിൽ ആറാം സ്ഥാനത്തും ആഗോളതലത്തിൽ 288–ാം സ്ഥാനത്തും എത്തിച്ചേർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA