ADVERTISEMENT

സ്വപ്നങ്ങളിലേക്കുള്ള അവളുടെ യാത്രയിൽ പെട്ടെന്നാണ് ഇരുട്ടുവീണത്. ഒരു കൂട്ടുകാരനെപ്പോലെ എപ്പോഴും കൂടെയുണ്ടായിരുന്ന ഉപ്പ അന്നു രാവിലെ കണ്ണുതുറന്നില്ല.

‘‘ഷംല, നീയൊരു ജോലിക്കാരിയായിട്ടു വേണം എനിക്കൊന്നു വിശ്രമിക്കാൻ’’ എന്നു പറഞ്ഞു ചക്രക്കസേര ഉന്താൻ ഉപ്പയുണ്ടാകില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. ജീവിതം പടുകുഴിയിലേക്കു വീഴുന്നത് ഷംല അറിഞ്ഞു. പിന്നെ കുറച്ചുകാലത്തേക്ക് അവൾ നിശ്ശബ്ദയായിരുന്നു...

shamla-in-office

ഒരു ചെറുപുഞ്ചിരിയോടെ, ഇലക്ട്രിക് ചക്രക്കസേര സ്വയം നിയന്ത്രിച്ചുകൊണ്ട് ഷംല പി.തങ്ങൾ (25) ഓഫിസിലേക്കു വന്നപ്പോൾ വളാഞ്ചേരി വി.കെ.എം. സ്പെഷൽ സ്കൂൾ ഡയറക്ടർ സിനിൽദാസ് പൂക്കോട്ട് പറഞ്ഞു–‘‘ ഈ വരുന്നതു മനക്കരുത്തിന്റെ പ്രതീകമാണ്. പ്രതിസന്ധികളെയെല്ലാം ആത്മവിശ്വാസം കൊണ്ടു തരണം ചെയ്ത ഒരു സാധാരണക്കാരി. സെറിബ്രൽ പാൾസി ബാധിച്ച മക്കളെയോർത്തു തോരാക്കണ്ണീരിൽ കഴിയുന്ന രക്ഷിതാക്കൾക്കു പറഞ്ഞുകൊടുക്കണം ഷംലയുടെ വിജയം, അവൾക്കായി എല്ലാം മാറ്റിവച്ച ഉപ്പയുടെയും രണ്ടാനുമ്മയുടെയും ജീവിതം’’.

അന്ന് ഉമ്മ അവളെ വിട്ടുപോയി
മലപ്പുറം നിലമ്പൂർ രാമൻകുത്ത് പാലപ്പുറത്ത് മുഹമ്മദ്കോയയും സുബൈദയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരായിരുന്നു ഷംലയുടെ ഉപ്പയും ഉമ്മയും. സെറിബ്രൽ പാൾസി ബാധിച്ച്, കൈകാലുകൾ അനക്കാൻ പോലുമാവാതെ കിടന്നിരുന്ന മകളെ ചികിത്സിക്കാൻ അവർ നെട്ടോട്ടമോടി. മൂത്ത മകൻ ശിഹാബിനെ ബന്ധുക്കളെ ഏൽപിച്ചു മണിപ്പാലിലായിരുന്നു കുറച്ചുകാലം. 

തപാൽ വകുപ്പു ജീവനക്കാരനായിരുന്ന മുഹമ്മദ്കോയയ്ക്കു മകളെയും കൊണ്ടുള്ള ആശുപത്രിയാത്രയിൽ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഷംല സ്കൂളിൽ പോകാറായതോടെ മുഹമ്മദ്കോയ ഗൾഫിൽ ജോലിക്കുപോയി. ജിദ്ദയിൽ ആശുപത്രിയിൽ ജോലിയായിരുന്നു. ശിഹാബും ബന്ധു ഷുഹൈബും മുതുകാട് സ്കൂളിലേക്കു ഷംലയെ എടുത്തുകൊണ്ടുപോകുകയായിരുന്നു. 

പഠനത്തിൽ മിടുക്കിയായ ഷംലയെ അവൾ ആഗ്രഹിക്കുന്നത്ര പഠിപ്പിക്കണമെന്നതായിരുന്നു സുബൈദയുടെയും മുഹമ്മദ്കോയയുടെയും തീരുമാനം. മറ്റുള്ളവർ പറയുന്നത് അവൾക്കു മനസ്സിലാകുമെങ്കിലും ഏറെ ശ്രദ്ധിച്ചാൽ മാത്രമേ ഷംല പറയുന്നതു മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ആവശ്യങ്ങളെല്ലാം അവൾ ഏറെ പ്രയാസപ്പെട്ട് എഴുതിക്കാണിക്കും. 

ഷംല പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന സമയം. വിധി ഒരിക്കൽ കൂടി അവളെ പരീക്ഷിക്കാൻ തീരുമാനിച്ചു. 

എല്ലാ കാര്യങ്ങൾക്കും ആശ്രയമായി കൂടെയുണ്ടായിരുന്ന ഉമ്മ അവളെ വിട്ടുപോയി. ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം ഉമ്മ ജീവിതത്തിൽ നിർണായകസാന്നിധ്യമാകേണ്ട സമയം. 

ചക്കാലക്കുത്ത് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടുവിനു പ്രവേശനം ലഭിച്ചത്. ഉമ്മയില്ലാതെ മകൾ പ്രയാസപ്പെടുന്നതു കണ്ടു മുഹമ്മദ്കോയ വീണ്ടുമൊരു വിവാഹത്തിനു തയാറായി. മഞ്ചേരി സ്വദേശിയായ അങ്കണവാടി അധ്യാപിക ജുവൈരിയയെ കാണാൻ ചെന്നതു ഷംലയും സഹോദരനുമായിരുന്നു. 

ഉമ്മയുടെ സ്ഥാനത്തേക്കു ജുവൈരിയ കടന്നുവന്നതോടെ ഷംല വീണ്ടും സന്തോഷവതിയായി. ജുവൈരിയ അങ്കണവാടി ജോലിയിൽ നിന്നു നീണ്ട അവധിയെടുത്തു. ഉമ്മയെന്നതിലുപരി ഒരു കൂട്ടുകാരിയായി ജുവൈരിയ. 

എൻഎസ്എസിലെ അധ്യാപകനായ സാജുവാണ് ഷംല എന്ന കവയിത്രിയെ തിരിച്ചറിയുന്നത്. എപ്പോഴും ഒഎൻവി കുറുപ്പിന്റെ പുസ്തകങ്ങൾ വായിച്ചിരിക്കുന്ന ഷംലയുടെ എഴുത്തുകൾ അദ്ദേഹം ശ്രദ്ധിച്ചു. ഷംല പറഞ്ഞുകൊടുക്കുന്നത് ഉമ്മയാണ് എഴുതിയെടുക്കുക. രക്ഷിതാക്കളും സുഹൃത്തുക്കളും അധ്യാപകരുമെല്ലാം ചേർന്ന് 2012ൽ ഷംലയുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു– ‘നിറമുള്ള സ്വപ്നം’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തത് ആര്യാടൻ മുഹമ്മദ്.

കോളജിൽ പഠിക്കുക, ബിരുദാനന്തര ബിരുദമെടുക്കുക, ഒരു ജോലി സമ്പാദിക്കുക എന്നിവയൊക്കെയായിരുന്നു ഷംലയുടെ സ്വപ്നങ്ങൾ. തന്റെ മനസ്സിനൊപ്പം ശരീരം സഞ്ചരിക്കില്ലെന്നു ഷംലയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഏതെങ്കിലുമൊരു ഓഫിസ് ജോലിയെക്കുറിച്ച് അവൾ ചിന്തിച്ചത്.

ഗൾഫിലെ ജോലി ഉപേക്ഷിച്ച് മുഹമ്മദ്കോയ നാട്ടിൽ വന്നു. ഈ സമയത്താണ് വളാഞ്ചേരി വി.കെ.എം.സ്പെഷൽ സ്കൂളിൽ ഷംല ചികിത്സയ്ക്കെത്തുന്നത്. എട്ടുമാസത്തെ ചികിത്സ ഏറെ ഗുണംചെയ്തു. സ്വന്തം കാര്യങ്ങളെല്ലാം ഏറെക്കുറെ സ്വയം ചെയ്യാൻ പഠിച്ചു. 

പാതിവഴിയിൽ ഉപ്പയും മടങ്ങി
മമ്പാട് എംഇഎസ് കോളജിൽ സാമ്പത്തികശാസ്ത്ര ബിരുദത്തിനു ചേർന്നതോടെ ഷംല കൂടുതൽ സന്തോഷവതിയായി. മകളെ കോളജിൽ കൊണ്ടുപോകാൻ മുഹമ്മദ്കോയ ഓട്ടോറിക്ഷ വാങ്ങി. ഉപ്പയും ഉമ്മയും ഷംലയെ കോളജിൽ കൊണ്ടാക്കും. ഇതിനിടെ ഒരു സഹോദരി കൂടിയെത്തി ഷംലയുടെ ജീവിതത്തിലേക്ക്. ആയിഷ ഫിൽസ. ഉപ്പയുടെ ഓട്ടോയിൽ ഉമ്മയ്ക്കും കുഞ്ഞുസഹോദരിക്കുമൊപ്പമുള്ള യാത്രയാണ് ഷംല ഏറെ ആസ്വദിച്ചത്. കോഴിക്കോട് കടപ്പുറത്തും നക്ഷത്രബംഗ്ലാവിലുമൊക്കെ പോയതു പുതിയ കവിതകൾക്കു വിഷയമായി. ഉപ്പ എന്നതിലുപരി ഒരു കൂട്ടുകാരനായി മുഹമ്മദ്കോയ എപ്പോഴും ഒപ്പമുണ്ടായി.

പക്ഷേ, ആ യാത്രയ്ക്കും ഒരു അവസാനം വന്നു. ബിരുദ പരീക്ഷയുടെ ഫലമറിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേരാൻ തീരുമാനിച്ച സമയം. ഒരു പനിയിൽ എല്ലാം തീർന്നു. മകൾക്കൊപ്പമുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു മുഹമ്മദ്കോയയും മടങ്ങി. 

നിറംമങ്ങിയ ജീവിതത്തിൽ ആരോടും ഒന്നും പറയാതെ ഷംലയിരുന്നു. ഫെയ്സ്ബുക്കിലെ കവിതയെഴുത്തു നിർത്തി. ഫെയ്സ്ബുക്കിൽ ഷംല പി.തങ്ങളുടെ കവിതകൾ സ്ഥിരമായി വായിക്കാറുള്ള വളാഞ്ചേരി വി.കെ.എം. സ്പെഷൽ സ്കൂൾ ഡയറക്ടർ സിനിൽദാസ് പൂക്കോട്ട് ഈ ‘തിരോധാനം’ തിരിച്ചറിഞ്ഞു. സ്കൂൾ ചെയർമാൻ വി.കെ.മുഹമ്മദ് അഷ്റഫും സിനിൽദാസും പ്രിയ കവിയെ തേടിച്ചെന്നതാണു ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായത്. അവരുടെ നിർബന്ധത്തിനു വഴങ്ങി ഷംല സ്പെഷൽ സ്കൂളിലെത്തി. അവിടെ ഒരു സ്വപ്നസാഫല്യമാണ് അവളെ കാത്തിരുന്നത്. ഷംലയെ ഓഫിസ് അസിസ്റ്റന്റ് ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചെയർമാൻ കൈമാറി. 

പുതിയ ലോകം, പുതിയ സൗഹൃദങ്ങൾ... ജീവിതം വീണ്ടും വർണാഭമായി. സുഹൃത്തുക്കളായ കവിത സിനിൽ, കെ.ബി.രജീഷ, കെ.കെ.നിഷിത, കെ.നുസ്റത്ത്, രജ്ന ഉസ്മാൻ, ജാസ്മിൻ എന്നിവർ എപ്പോഴും കൂടെ നിന്നു പഴയ ഷംലയെ വീണ്ടെടുത്തു. വീണ്ടും കവിതയെഴുതാൻ തുടങ്ങി. ജിദ്ദ കെഎംസിസി നൽകിയ ഇലക്ട്രിക് ചക്രക്കസേര ലഭിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഓഫിസിലേക്കു വരുന്നതും ഹോസ്റ്റലിലെത്തുന്നതുമെല്ലാം തനിച്ചായി. 

പ്രാഥമികകാര്യങ്ങൾക്കും ഭക്ഷണം കഴിക്കാനുമൊക്കെ പരസഹായം വേണ്ടിയിരുന്ന ഷംല ഇപ്പോൾ എല്ലാം തനിച്ചുചെയ്യും. സംസാരശേഷി കൂടി. തനിക്കാവില്ല എന്നൊരു വാക്ക് ഇപ്പോൾ ഷംലയുടെ നിഘണ്ടുവിലില്ല.

സ്ത്രീശാക്തീകരണ സന്ദേശമുയർത്തി കേന്ദ്രസർക്കാർ നടപ്പാക്കുന്ന സുവർണ കന്യക പദ്ധതി ഉദ്ഘാടനം ചെയ്യാൻ ഗവർണർ ജസ്റ്റിസ് പി.സദാശിവം മലപ്പുറത്തെത്തിയപ്പോൾ നിലവിളക്കു കൊളുത്താൻ വേദിയിലേക്കു ക്ഷണിച്ചതു ഷംലയെയായിരുന്നു. നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിട്ടാണ് ഗവർണർ അവളെ വിശേഷിപ്പിച്ചത്. 

അടുത്തിടെ എഴുതിയ ഇഷ്ടം എന്ന കവിതയിലൂടെ ഷംല പറഞ്ഞു–

കാലമേ... നിനക്കു നന്ദി...

മിഴികളിൽ കാണുന്ന സ്നേഹമോ...

വാക്കുകളിൽ കേൾക്കുന്ന 

സാന്ത്വനമോ...

ഹൃദയത്തിൽ തൊടുന്ന 

സൗഹൃദമോ...

അറിയില്ല... അത്രയ്ക്ക് 

ഇഷ്ടമാണിവിടം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com