sections
MORE

ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ പുഞ്ചിരി കൊണ്ട് ഇന്ത്യ ചുറ്റിയവൻ!

rijo
SHARE

എ.ആർ. റിജോയ്ക്കു (24) ബാങ്ക് അക്കൗണ്ടില്ല. പണമോ എടിഎം കാർഡോ കയ്യിലില്ലാത്തതിനാൽ പഴ്സുമില്ല. മൊബൈൽ ഫോൺ, നാലു ജോടി ഉടുപ്പ്, അന്തിയുറങ്ങാൻ ഒരു ഇൻസ്റ്റന്റ് കൂടാരം, പിന്നെ കുറച്ച് പെയിന്റിങ് സാമഗ്രികൾ– വീട്ടിൽ നിന്ന് ഇന്ത്യ ചുറ്റാൻ ഇറങ്ങുമ്പോൾ ഇത്രയുമേ കയ്യിലെടുത്തുള്ളൂ. പക്ഷേ, 23 ദിവസം കൊണ്ടു മണാലി വരെ കൂളായി എത്തി. ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ എങ്ങനെ എന്നു ചോദിച്ചാൽ റിജോ പറയും, ‘പണത്തെക്കാൾ വിലയുള്ളൊരു സമ്പാദ്യം എന്റെ കയ്യിലുണ്ട്, പുഞ്ചിരി!’ 

പരിചയപ്പെടുന്നവരെയെല്ലാം ചിരിക്കാൻ പഠിപ്പിച്ചും ചിത്രങ്ങൾ വരച്ചു സമ്മാനിച്ചും ഹിമാലയം ലക്ഷ്യമാക്കി യാത്ര തുടരുന്നു. ആരിൽ നിന്നും പണം വാങ്ങില്ല. ഭക്ഷണമോ തലചായ്ക്കാനിടമോ യാത്രാടിക്കറ്റോ നൽകിയാൽ സ്നേഹത്തോടെ സ്വീകരിക്കും. ബാറ്റ്മാൻ സിനിമകളിലെ വിഖ്യാത പ്രതിനായകൻ ജോക്കറിന്റെ പ്രശസ്തമായ ആ വാചകം കടമെടുത്തു റിജോ എല്ലാവരോടും ചോദിക്കുന്നു, ‘വൈ സോ സീര‍‍ിയസ്? എന്തിനാണിത്ര ഗൗരവം?’ 

ഒന്നാംനാൾ – തൃശൂരിൽ
ഹോട്ടൽമാനേജ്മെന്റ് ട്രെയിനിയായി ജോലികിട്ടിയതു കർണാടക ഹുബ്ലിയിലെ ഹോട്ടൽ താജ്‌ ഗേറ്റ്‍വേയിൽ. അതുപേക്ഷിച്ച് തൃശൂർ രാമവർമപുരം ആനത്താഴത്തു വീട്ടിൽ ചുമ്മാ നിൽക്കുന്ന സമയം. മുംബൈയിൽ ജോലിക്കു ചേരാൻ പോകുന്ന സുഹൃത്ത് ചോദിച്ചു, കൂട്ടുവരാമോ? കയ്യിൽ പൈസയൊന്നുമില്ല എന്നു പറഞ്ഞപ്പോൾ അതൊക്കെയൊരു പ്രശ്നമാണോ എന്നായി കൂട്ടുകാരൻ. അങ്ങനെ ഡ്രസും ടെന്റും പായ്ക്ക് ചെയ്ത് ഫെബ്രുവരി 23ന് കൂട്ടുകാരനൊപ്പം മുംബൈയിക്ക്. അവിടെയെത്തി ഒരു ദിവസം കഴിഞ്ഞപ്പോൾ ഗുജറാത്തിൽ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്തിന്റെ ക്ഷണം. ട്രെയിൻ ടിക്കറ്റും സുഹൃത്ത് തന്നെ എടുത്തു നൽകി. ഇതേ രീതിയിൽ ഇന്ത്യ മുഴുവൻ ചുറ്റിയാലോ എന്ന ആലോചന വന്നതപ്പോൾ. മടിച്ചില്ല, ബാഗുമെടുത്തു പുറപ്പെട്ടു. എവിടെ എത്തുമെന്നറിയാത്ത യാത്ര. 

അഞ്ചാം നാൾ – ചാന്ദ്ഖേഡ
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നകലെ ചാന്ദ്ഖേഡയിലെത്തിയത് അഞ്ചാം ദിവസം രാത്രി. പെട്രോൾ പമ്പിലെത്തി പരിസരത്തു കൂടാരം കെട്ടാൻ അനുവാദം ചോദിച്ചു. പമ്പിലെ ജീവനക്കാർ റിജോയുടെ കഥയെല്ലാം ചോദിച്ചറിഞ്ഞു. സഞ്ചാരിയാണെന്നറിഞ്ഞപ്പോൾ നേരെ അവരുടെ താമസ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. പിറ്റേന്നു രാവിലെ യാത്ര തുടരുംമുൻപേ റിജോ അവർക്കൊരു സമ്മാനം നൽകി; തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പെൻസിൽ സ്കെച്ച്. അന്നു പകൽ മുഴുവൻ രാജസ്ഥാനിലേക്കൊരു ലിഫ്റ്റ് ചോദിച്ച് ഹൈവേയില‍ൂടെ നടന്നു. ഒരു വണ്ടിയും നിർത്തിയില്ല. പിറ്റേന്നാണു യാത്ര തുടരാൻ കഴിഞ്ഞത്. 

പത്താംനാൾ – അജ്മേർ
പല വാഹനങ്ങളിലൂടെ ‘ലിഫ്റ്റ്’ അടിച്ച് രാജസ്ഥാനിലെ മൗണ്ട് അബുവിലെത്തി. ആദിവാസികൾക്കായി നടത്തുന്ന സ്കൂളിൽ ചിത്രരചനയുമായി ഒരു ദിവസം. കുട്ടികൾക്കൊപ്പം ഭക്ഷണം. അജ്മേറിലേക്കു പോകാൻ ഹൈവേയിൽ നോക്കി നിൽക്കുന്നതിനിടെ ഒരു വാഹനം നിർത്തി; പക്ഷേ, അവർ ഉപദ്രവിക്കാനാണു നോക്കിയത്. ഓടിയെത്തിയതു പൊലീസ് പട്രോളിങ് വാഹനത്തിനു മുൻപിലായതു കൊണ്ടു രക്ഷപ്പെട്ടു. അടുത്തുള്ള ടോൾ പ്ലാസയിൽ റിജോയെ ഇറക്കി പൊലീസുകാർ പോയി. അജ്മേറിലേക്കു ടിക്കറ്റ് എടുത്തു നൽകിയത് ടോൾ പ്ലാസ ജീവനക്കാരാണ്. അവർക്കും പ്രതിഫലമായി ചിത്രങ്ങൾ. അജ്മേറിൽ ടൂറിനെത്തിയ കോളജ് കുട്ടികൾക്കൊപ്പം ഒരു ദിവസം മുഴുവൻ യാത്ര. 

പതിനഞ്ചാം നാൾ – ജയ്പൂർ
പുഷ്കറിൽ പരിചയപ്പെട്ട സന്തോഷ് എന്ന മലയാളി സുഹൃത്ത് റിജോയ്ക്ക് വാഗ്ദാനം ചെയ്തത് അവിടുത്തെ ഏറ്റവും മുന്തിയ ഹോട്ടലുകളിലൊന്നിൽ ഒരു ദിവസത്തെ താമസം! സന്തോഷിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ മനോഹരമായി പകർത്തി നൽകിയതിനുള്ള സ്നേഹസമ്മാനം. പുഷ്കറിൽ നിന്ന് ഒരു സഞ്ചാരിയുടെ ബൈക്കിൽ ജയ്പൂരിലേക്ക്. 

അവിടെ പരിചയപ്പെട്ട പഞ്ചാബി കുടുംബം സ്നേഹംകൊണ്ടു റിജോയെ വീർപ്പുമുട്ടിച്ചു. മണാലിയിലേക്കുള്ള ട്രെയിൻ ടിക്കറ്റും തണുപ്പു ചെറുക്കാൻ ജാക്കറ്റും സമ്മാനിച്ചുകൊണ്ട് അവർ പറഞ്ഞു, ഡൽഹിയിൽ ഞങ്ങളുടെ വീട്ടിൽ താമസിക്കാം. ജയ്പൂരിൽ നിന്നു ഡൽഹിയിലേക്കു തനിച്ചു മടങ്ങുകയായിരുന്ന ടാക്സി ഡ്രൈവർക്കൊപ്പം എസി കാറിൽ സുഖയാത്രയും തരപ്പെട്ടു. 

23ാം നാൾ – മണാലിയിൽ
ഡൽഹിയിലെ പഞ്ചാബി കുടുംബത്തിനൊപ്പം ഒരു ദിവസം സന്തോഷകരമായി കഴിഞ്ഞ ശേഷം മണാലിയിലേക്ക്. സഹിക്കാനാകാത്ത തണുപ്പ്. ഒരു റിസോർട്ടിലെത്തി കൂടാരം കെട്ടാൻ അനുവാദം ചോദിച്ചു. സഞ്ചാരിയാണെന്നുകണ്ട് അവർ റൂഫ്ടോപ്പ് വിട്ടുനൽകി, സൗജന്യ ഭക്ഷണവും! പുഞ്ചിരി ഒരു ബൂമറാങ് ആണെന്നു റിജോ തിരിച്ചറിഞ്ഞു. തൊടുത്തുവിട്ടാൽ തിരികെ ചിരിക്കൊപ്പം സ്നേഹവും കരുതലും കൊണ്ടുവരുന്ന ബൂമറാങ്. മണാലിയിൽ നിന്നു റോത്തങ് ചുരത്തിലൂടെ ലഡാക്ക് വഴി ഹിമാലയത്തിലേക്ക് അവൻ യാത്ര തുടരുകയാണ്. സ്നേഹം കൊണ്ടു കീഴടക്കാൻ കഴിയാത്ത പർവതങ്ങളുണ്ടോ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA