ADVERTISEMENT

രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ചു ദക്ഷിണ റെയിൽവേയിലെ ഏറ്റവും മികച്ച വനിതാ ജീവനക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് റെയിൽവേ  നിർമാണ വിഭാഗം ഒാഫിസിലെ ജൂനിയർ എൻജീനിയർ (ഡിസൈൻ ആൻഡ് ഡ്രോയിങ്) സി.ആർ.ദേവയാനി. ആദ്യമായാണു നിർമാണ വിഭാഗത്തിലെ ഒരാൾ ഈ നേട്ടം സ്വന്തമാക്കുന്നത്. തൃശൂർ വരടിയം സ്വദേശിയാണു ദേവയാനി. റെയിൽവേ പദ്ധതികളുടെ സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട ഫയലുകളാണു ഇവർ കൈകാര്യം ചെയ്യുന്നത്. 

ഒരോ പദ്ധതിയുടെയും സുരക്ഷാ പരിശോധനയ്ക്കു മുൻപായി ഒട്ടേറെ രേഖകളാണു എറണാകുളത്തുളള നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസിൽ നിന്നു ബെംഗളൂരുവിലുളള മുഖ്യ സുരക്ഷാ കമ്മിഷണർ ഒാഫിസിൽ സമർപ്പിക്കേണ്ടത്. 

പലപ്പോഴും ഇത് 30, 40 ബുക്കുകൾ വരെ നീളും. പാതയുടെയും പാലങ്ങളുടെയും കൾവർട്ടുകളുടെയും ഡ്രോയിങ്ങുകളും ട്രാക്ക് ഡിസൈനുമുൾപ്പെടെ എല്ലാ വിവരങ്ങളും  ഉൾപ്പെടെ പേജുകൾ നീളുന്ന വിശദാംശങ്ങളാണ് തയാറാക്കേണ്ടത്.അത്ര എളുപ്പമുളള പണിയല്ല ഇതെന്നു സഹപ്രവർത്തകർ പറയുന്നു. 

ഈ വിശദാംശങ്ങൾ അടിസ്ഥാനമാക്കിയാണു മുഖ്യ സുരക്ഷാ കമ്മിഷണർ (സിആർഎസ്) പാതകളിൽ പരിശോധന നടത്തി പദ്ധതികൾക്കു സുരക്ഷാ അനുമതി നൽകുക. കുറുപ്പന്തറ–ഏറ്റുമാനൂർ, ചങ്ങനാശേരി–ചിങ്ങവനം, മംഗളൂരു ഭാഗത്തു ജൊക്കോട്ട– കുലശേഖര എന്നീ ഇരട്ടപ്പാതകളുടെ സിആർഎസ് പരിശോധനയുടെ രേഖകളും  ദേവയാനിയാണു തയാറാക്കിയത്. മറ്റ് സ്ഥലങ്ങളിൽ 4 പേർ ചേർന്നു ചെയ്യുന്ന ജോലിയാണു ദേവയാനി ഇവിടെ ഒറ്റയ്ക്കു ചെയ്യുന്നതെന്നു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഫയലുകൾ സമർപ്പിക്കുന്നതിനു പുറമേ ബെംഗളൂരുവിലെ ഒാഫിസിൽ പോയി ഇത് കൃത്യമായി ഫോളോ അപ്പ് ചെയ്യേണ്ടതുമുണ്ട്. 

അർഹിക്കുന്ന അംഗീകാരം ദേവയാനിയെ തേടിയെത്തിയ സന്തോഷത്തിലാണു സഹപ്രവർത്തകർ. കേരളത്തിൽ ആദ്യമായാണു ഈ പുരസ്കാരം എത്തുന്നതെന്നും ഇവർ പറയുന്നു. 29ന്  ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ദേവയാനിയെ ദക്ഷിണ റെയിൽവേ വനിത സംഘടന ആദരിക്കും. 2010, 2017 വർഷങ്ങളിൽ വിശിഷ്ട സേവനത്തിനുള്ള ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ പുരസ്കാരവും ദേവയാനിയ്ക്കു ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com