sections
MORE

കെജിഎഫില്‍ നിന്ന് ഒരു റിയല്‍ ലൈഫ് ഹീറോ

narayana-swamy
SHARE

കോളാര്‍ സ്വര്‍ണ്ണ പാടങ്ങള്‍ ഇന്നു ചെറുപ്പക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നതു തെന്നിന്ത്യന്‍ സിനിമയായ കെജിഎഫിന്റെ പേരിലായിരിക്കാം. പക്ഷേ, കെജിഎഫിലെ റോക്കി ഭായിയെ പോലുള്ള സിനിമയിലെ സൂപ്പര്‍ ഹീറോകള്‍ മാത്രമല്ല കോളാറിനുള്ളത്. ചുറ്റുമുള്ളവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയ റിയല്‍ ലൈഫ് ഹീറോകളും കോളാറിനു സ്വന്തമായിട്ടുണ്ട്. അത്തരമൊരു ഹീറോയാണ് നാരായണ സ്വാമി ബി. ഡോക്ടറാകണമെന്ന സ്വപ്നത്തെ വിധി  തകര്‍ത്ത് കളഞ്ഞപ്പോള്‍ തന്റെ അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന വാശിയോടെ ഒരു സ്‌കൂള്‍ തന്നെ പടുത്തുയര്‍ത്തിയ നാരാണയ സ്വാമി. 

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു നാരായണ സ്വാമിക്കു മാതാപിതാക്കളെ നഷ്ടമാകുന്നത്. ഇതോടെ പഠിക്കണമെന്നും ഡോക്ടറാകണമെന്നുമുള്ള സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ജീവിക്കാനായി കോളാറില്‍ നിന്നു ബംഗലൂരുവിലേക്ക് ഈ 19കാരന്‍ വണ്ടി കയറി. ബെംഗളൂരുവില്‍ വണ്ടിയിറങ്ങുമ്പോള്‍ ഇട്ടിരിക്കുന്ന ഉടുപ്പ് മാത്രമായിരുന്നു സമ്പാദ്യം. കയറിക്കിടക്കാന്‍ ഒരിടമില്ല, ഭക്ഷണം കഴിക്കാന്‍ കയ്യില്‍ പണമില്ല. ആകെ ഉണ്ടായിരുന്നത് ഒരു ലക്ഷ്യം മാത്രം. എന്തു ത്യാഗം സഹിച്ചായാലും പാവപ്പെട്ട കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ ആരംഭിക്കണം. 

വിശന്നപ്പോള്‍ വെള്ളം കുടിച്ചും തെരുവോരത്ത് അന്തിയുറങ്ങിയും ചെറിയ പണികള്‍ ചെയ്തും തന്റെ ലക്ഷ്യത്തിനായി നാരായണ സ്വാമി പണം സ്വരൂപിക്കാന്‍ തുടങ്ങി. ജോലിക്കിടയില്‍ പഠിച്ച് അധ്യാപകപഠന പരിശീലനം പൂര്‍ത്തിയാക്കി. പഠിച്ച് പരീക്ഷയെഴുതി അധ്യാപകനാകുന്നതിനുള്ള സര്‍ട്ടിഫിക്കേഷനും നേടി. അങ്ങനെ ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി. 

പക്ഷേ, അധ്യാപക വൃത്തിയില്‍ നിന്നു ലഭിച്ചത് തുച്ഛമായ ശമ്പളമായിരുന്നു. തന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ നാട്ടില്‍ അവശേഷിച്ച ഒരു തുണ്ടു ഭൂമിയും രണ്ടു കാളകളെയും വിറ്റു. സുഹൃത്തുക്കളില്‍ നിന്നും കടവും വാങ്ങി. അങ്ങനെ 1990ല്‍ അഞ്ചു വിദ്യാർഥികളുമായി സ്വാമി ശ്രീ വിദ്യോദയ ഹയര്‍ പ്രൈമറി സ്‌കൂള്‍ ബെംഗളൂരുവിലെ കുവെമ്പ് നഗറില്‍ ആരംഭിച്ചു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ കന്നഡ-തമിഴ് മീഡിയത്തിലായിരുന്നു സ്‌കൂള്‍. 

അധ്യാപകരായി ഗ്രാമത്തില്‍ നിന്നുള്ള അഭ്യസ്ത വിദ്യരെ നിയമിച്ചു. എല്ലാ വിദ്യാർഥികള്‍ക്കും യൂണിഫോം, പഠനോപകരണങ്ങള്‍, ബാഗ്, ബുക്ക്, ഉച്ചഭക്ഷണം എന്നിവ സൗജന്യമായി നല്‍കി. പതിയെ പതിയെ വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം വർധിച്ചു. ഇതോടെ സ്‌കൂള്‍ നടത്തിക്കൊണ്ടു പോകാന്‍ സ്വാമിയുടെ ശമ്പളവും സമ്പാദ്യങ്ങളും പോരാതെ വന്നു. എന്നാല്‍ അവിടെയും പരാജയപ്പെടാന്‍ സ്വാമി ഒരുക്കമായിരുന്നില്ല. സ്‌കൂള്‍ നടത്തിക്കൊണ്ടു പോകാന്‍ നിരവധി വഴികള്‍ തേടി. സഹോദരനുമായി ചേര്‍ന്ന് ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങി അതില്‍ നിന്നുണ്ടാകുന്ന പണവും സ്‌കൂളിനായി ഉപയോഗിച്ചു. 

ബിസിനസ്സ്‌കാരായ സുഹൃത്തുക്കളെയും സ്‌കൂളിനു സാമ്പത്തിക പിന്തുണയ്ക്കായി സമീപിച്ചു. ഇതിനിടെ സ്‌കൂളിലെ കുട്ടികള്‍ക്കു സൗജന്യ താമസവും ഭക്ഷണവും നല്‍കുന്നതിനായി ഒരു ഹോസ്റ്റല്‍ ആരംഭിച്ചെങ്കിലും വിദ്യാർഥികള്‍ കുറവായതിനാല്‍ അടച്ചു പൂട്ടേണ്ടി വന്നു. 2008ല്‍ ഗവണ്‍മെന്റ് സ്‌കൂളിലെ 12 അധ്യാപകര്‍ക്കും ശമ്പളം നല്‍കാന്‍ തുടങ്ങി. മറ്റു സ്‌കൂളുകളില്‍ നിന്നു നാരായണ സ്വാമിയുടെ സ്‌കൂളിനെ വ്യത്യസ്തമാക്കുന്നത് അധ്യാപകരുടെ സമീപനമാണ്. കുട്ടികളുടെ വളര്‍ച്ച വിലയിരുത്തുന്നതിനു സ്‌കൂളിലെ അധ്യാപകര്‍ ഇടയ്ക്കിടെ വിദ്യാർഥികളുടെ വീടുകള്‍ സന്ദര്‍ശിക്കും. ഇടയ്ക്ക് ഏതെങ്കിലും കുട്ടികള്‍ സ്‌കൂളില്‍ വരാതായാല്‍ അധ്യാപകര്‍ എന്തു പറ്റിയെന്നു തിരക്കി വീട്ടിലേക്കു ചെല്ലും. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാത്ത മാതാപിതാക്കളെ സന്ദര്‍ശിച്ച് അവരെ അതിനായി പ്രേരിപ്പിക്കാറുമുണ്ട്. 

700 വിദ്യാർഥികള്‍ വരെ ഒരു സമയത്ത് ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. പിന്നീട് കന്നഡ, തമിഴ് മീഡിയത്തിലേക്കു വിദ്യാർഥികള്‍ വരുന്നു കുറഞ്ഞതോടെ സ്‌കൂളിലെ കുട്ടികളുടെ എണ്ണം 300 ആയി കുറഞ്ഞു. അറിവിന്റെ വെളിച്ചം വിതറി കൊണ്ട് 28 വര്‍ഷമായി നാരായണ സ്വാമിയുടെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു. 52കാരനായ സ്വാമിക്ക് സഹായവുമായി എന്‍ജിനീയറിങ് വിദ്യാർഥിയായ മകള്‍ മാധുരിയും ഒപ്പമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA