ADVERTISEMENT

ഐഐടി ഖരഗ്പൂരില്‍ നേവല്‍ ആര്‍ക്കിടെക്ച്ചര്‍ പഠനം. തുടര്‍ന്ന് സിംഗപ്പൂരിലെ ബഹുരാഷ്ട്രക്കമ്പനിയില്‍ ജോലി. മകന്റെ ജീവിതം സുഭദ്രമായെന്ന് മഹാരാഷ്ട്രയിലെ സതാരയിലിരുന്നു മാതാപിതാക്കള്‍ ആശ്വാസം കൊണ്ടു. പക്ഷേ, ഒരു സുപ്രഭാതത്തില്‍ ബിപിന്‍ ധാനെ എന്ന ചെറുപ്പക്കാരന്‍ സിംഗപ്പൂരിലെ ജോലിയും കളഞ്ഞ് അസമിലേക്കു വണ്ടി കയറിയപ്പോള്‍ മാതാപിതാക്കള്‍ കണ്ണു തള്ളി. മകന്‍ പോകുന്നത് അസമിലെ പ്രളയബാധിത ഗ്രാമങ്ങളിലെ പാവപ്പെട്ട വിദ്യാർഥികളെ പഠിപ്പിക്കാനാണത്രേ. പിതാവ് കലി തുളളി. തന്റെ മകന് ഇത് എന്തു പറ്റിയെന്നു പരിതപിച്ച് അമ്മ കണ്ണീര്‍ പൊഴിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മകനെ പ്രതി അഭിമാനം കൊള്ളുകയാണ് ഈ മാതാപിതാക്കള്‍.

അസമിലെ മജൂലിയിലുള്ള കുലമോ ഗ്രാമത്തില്‍ മൈസിങ് ഗോത്രവര്‍ഗ്ഗത്തിലെ കുട്ടികള്‍ പഠിക്കുന്ന ഹമ്മിങ്ങ്‌ബേര്‍ഡ് സ്‌കൂള്‍. പ്രദേശത്തെ സ്‌കൂളുകളുടെ മുഖച്ഛായ മാറ്റുകയും ജനങ്ങള്‍ക്ക് ഉപജീവന മാര്‍ഗ്ഗമൊരുക്കുകയും ചെയ്യുന്ന അയാങ് ട്രസ്റ്റ്. ഇങ്ങനെ ഒരു ജനതയുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുടെ അമരക്കാരനായി മാറിയിരിക്കുകയാണ് ബിപിന്‍.

bipin-dhane1

കോര്‍പ്പറേറ്റ് ജീവിതം തനിക്കു പറ്റിയതല്ലെന്ന് ആദ്യം തന്നെ ബിപിന്‍ തിരിച്ചറിഞ്ഞു. മജൂലിയില്‍ അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സുഹൃത്തിനെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത് ആയിടയ്ക്കാണ്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന തന്റെ ആഗ്രഹം ബിപിന്‍ പങ്കു വച്ചപ്പോള്‍ ഈ സുഹൃത്താണ് മജൂലിയില്‍ നിരവധി അധ്യാപകരുടെ ആവശ്യമുണ്ടെന്ന് അറിയിച്ചത്. 

അങ്ങനെ 2015 ഒക്ടോബറില്‍ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ബിപിന്‍ മജൂലിയില്‍ എത്തി. ഇവിടെ എത്തുമ്പോള്‍ ഒരു സ്‌കൂള്‍ തുറക്കണമെന്ന ആഗ്രഹമൊന്നും ബിപിന് ഉണ്ടായിരുന്നില്ല. സഹ അധ്യാപകനൊപ്പം കുലമോ ഗ്രാമത്തിലേക്കു നടത്തിയ യാത്രയാണ് വഴിത്തിരിവായത്.

നല്ല റോഡില്ല, ആരോഗ്യപാലന സംവിധാനങ്ങളില്ല, സ്‌കൂളില്ല തുടങ്ങിയ ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ സഹഅധ്യാപകനില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും ബിപിന്‍ കേട്ടു. സംസാരത്തിനൊടുവില്‍ തങ്ങള്‍ക്കു വേണ്ടി ഒരു സ്‌കൂള്‍ നിര്‍മ്മിക്കണമെന്ന് ഗ്രാമീണര്‍ ബിപിനോട് അപേക്ഷിച്ചു. ആരോടും പറ്റില്ല എന്നു പറഞ്ഞ് ശീലമില്ലാത്ത ബിപിന്‍ താന്‍ ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞു.

പക്ഷേ, കയ്യില്‍ പണമെവിടെ?
സിംഗപ്പൂരില്‍ ഒന്നര വര്‍ഷത്തെ ജോലിയില്‍ നിന്നു സമ്പാദിച്ചതൊക്കെ മാതാപിതാക്കള്‍ക്കു നല്‍കിയിരുന്നു. സഹായം തേടി സുഹൃത്തുക്കളെയും സഹോദരിയെയും ബാച്ച്‌മേറ്റ്‌സിനെയും ആ ഗ്രാമത്തിലെയും സമീപ ഗ്രാമങ്ങളില്‍ ഉള്ളവരെയുമൊക്കെ സമീപിച്ചു. മൂന്നു കുടുംബങ്ങള്‍ അവരുടെ ഭൂമി സ്‌കൂളിനായി ദാനം ചെയ്തു.

ഗ്രാമീണര്‍ തടിയും മുളയും മറ്റു നിര്‍മ്മാണ സാമഗ്രികളും എത്തിച്ചു. 3 മാസം എല്ലാവരും കൂടി ഒത്തു പിടിച്ചു സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അങ്ങനെ 2017 തുടക്കത്തില്‍ 11 ഗ്രാമങ്ങളിലെ 120 കുട്ടികളുമായി ഹമ്മിങ്ബേര്‍ഡ് സ്‌കൂള്‍ തുറന്നു.

ആദ്യ വെല്ലുവിളി
സ്‌കൂള്‍ ആദ്യമായി നേരിട്ട പ്രധാന വെല്ലുവിളി വര്‍ഷാവര്‍ഷം ബ്രഹ്മപുത്ര നദി കരകവിഞ്ഞുണ്ടാകുന്ന പ്രളയമായിരുന്നു. ആദ്യ പ്രളയം സ്‌കൂളിന് സാരമായ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതു പുതുക്കി പണിയാന്‍ ഗ്രാമീണര്‍ സഹായത്തിനെത്തി. ഇത്തവണ അല്‍പം ഉയര്‍ത്തി പ്രളയത്തെ അതിജീവിക്കാനാകും വിധം ആധുനിക, പരമ്പരാഗത കെട്ടിട നിര്‍മ്മാണ സങ്കേതങ്ങള്‍ സമന്വയിപ്പിച്ച് കെട്ടിടം പണിതു. ഇന്ന് 5 വരെ ക്ലാസുകളിലായി 250ഓളം വിദ്യാർഥികള്‍ ഇവിടെ പഠിക്കുന്നു. 

പ്രകൃതിയോട് ഇണങ്ങിയ പഠനം
പ്രകൃതിയോട് ഇണങ്ങിയതും, ഗ്രാമീണ സാഹചര്യങ്ങളോട് അടുത്ത് നില്‍ക്കുന്നതുമായ പാഠ്യക്രമമാണു സ്‌കൂളിനു വേണ്ടി തയ്യാറാക്കിയത്. അടിസ്ഥാന ഭാഷ, ഗണിത ശേഷികള്‍ക്കൊപ്പം ജീവിത നൈപുണ്യങ്ങളും കൃഷി പാഠങ്ങളും സ്‌കൂള്‍ പകര്‍ന്നു നല്‍കുന്നു. ആഴ്ചയില്‍ രണ്ടു ദിവസം വിദ്യാർഥികള്‍ സംയോജിത കൃഷി പാഠ ക്ലാസുകളില്‍ പങ്കെടുക്കുകയും വിളകള്‍ വളര്‍ത്താന്‍ പരിശീലിക്കുകയും ചെയ്യുന്നു. കല, സംഗീതം, സ്വയം പ്രതിരോധം എന്നിവയിലും ക്ലാസുകള്‍ നടത്തുന്നു. സ്‌കൂളിനു സ്വന്തമായി ഒരു ഫുട്‌ബോള്‍ കോച്ചുമുണ്ട്. മുളകൊണ്ടുള്ള കുട്ട നെയ്യല്‍, നാടന്‍ പാട്ട്, നാടന്‍ നൃത്ത രൂപങ്ങള്‍ തുടങ്ങിയവയിലെല്ലാം സ്‌കൂള്‍ പരിശീലനം നല്‍കുന്നു. 

മൈസിങ് ഗോത്ര വര്‍ഗ്ഗവുമായി ബന്ധപ്പെട്ട ചരിത്രം കഥ പറയുന്ന രൂപത്തിലാക്കി ക്ലാസുകളില്‍ പഠിപ്പിക്കുന്നുണ്ട്. ഗോത്രവര്‍ഗ്ഗ ഭാഷയും ഇവിടെ കുട്ടികളുടെ പാഠ്യക്രമത്തിന്റെ ഭാഗമാണ്. മൈസിങ് ഗോത്രവര്‍ഗ്ഗത്തെ കുറിച്ചുള്ള ഒരു പുസ്തകവും ബിപിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ തയ്യാറാക്കുന്നുണ്ട്. പ്രദേശത്തുള്ളവരുടെയും വിരാസട്ട്-ഇ-ഹിന്ദ് പോലുള്ള അക്കാദമിക സംഘടനകളുടെയും നരവംശശാസ്ത്രജ്ഞരുടെയുമെല്ലാം സഹായത്തോടെയാണ് പുസ്തകരചന. വിവിധ എന്‍ജിഒകള്‍, റോട്ടറി ക്ലബ് പോലുള്ള സംഘടനകള്‍ തുടങ്ങിയവ സ്‌കൂളിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനെത്താറുണ്ട്. ഗ്രാമത്തിലെ സമൂഹത്തില്‍ നിന്നു തന്നെയാണ് സ്‌കൂളിലെ അധ്യാപകരെ കണ്ടെത്തുന്നത്. 20 അധ്യാപകരും 10 അധ്യാപകേതര സ്റ്റാഫുമാണ് നിലവിലുള്ളത്. 

സ്‌കൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സമൂഹത്തിലേക്കും വ്യാപിപ്പിക്കുന്നതിനാണു ബിപിനും സുഹൃത്തുക്കളും ചേര്‍ന്ന് അയാങ് ട്രസ്റ്റ് ആരംഭിച്ചത്. മൈസിങ് ഭാഷയില്‍ അയാങ് എന്നാല്‍ സ്‌നേഹം, അനുകമ്പ എന്നൊക്കെയാണ് അര്‍ത്ഥം. അടുത്തുള്ള ഗ്രാമങ്ങളിലെ ഗവണ്‍മെന്റ് സ്‌കൂളുകളുടെ സൗകര്യം മെച്ചപ്പെടുത്തുക, പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക, കമ്മ്യൂണിറ്റി ലൈബ്രറികള്‍ ആരംഭിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് ട്രസ്റ്റ് ഏര്‍പ്പെട്ടിരിക്കുന്നത്.  വിദ്യാഭ്യാസ രംഗത്തു മകന്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അഭിമാനപൂര്‍വം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണ് ഇന്ന് ബിപിന്റെ മാതാപിതാക്കള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com