sections
MORE

65,000 രൂപയിൽ തുടങ്ങിയ ആശയം; 45 കോടിയിലെത്തിയ ആ വിജയം ഇങ്ങനെ

suhile-nashik
SHARE

‘ലക്കിടിയിലൊരു ഹോംസ്റ്റേ, സംഗതി പൊളിക്കും’, തീരുമാനമെടുത്തു. കയ്യിലുണ്ടായിരുന്ന 65,000 രൂപയെടുത്ത് വെബ്സൈറ്റ് ഉണ്ടാക്കാനും കൊടുത്തു. ഇനി കസ്റ്റമേഴ്സിന്റെ വിളി വരുന്നോന്നുള്ള കാത്തിരിപ്പാണ്. ഒട്ടും വൈകാതെ ഹൈദരാബാദിൽനിന്ന് ആദ്യ വിളിയെത്തി. 2009ൽ ആണിത്. അതിൽപിന്നെ ചെറിയ താഴ്ച്ചകളും വലിയ ഉയർച്ചകളുമായി 2 യുവാക്കളുടെ എസ്സെൻ ഹോൾഡിങ്സ് എന്ന സംരംഭം വളർച്ചയുടെ പുതിയ ആകാശം തേടുകയാണ്. 

ഒരുപതിറ്റാണ്ടിനിടെ പല സംരംഭങ്ങളിൽ അവർ കൈവച്ചു. ചിലപ്പോൾ പൊള്ളി, വിജയത്തിനായിരുന്നു മുൻതൂക്കം. ഏറ്റവും ഒടുവിൽ ബാണാസുരയിൽ 45 കോടിയുടെ അൾട്രാ ലക്ഷ്വറി ആയുർവേദിക് വെൽനെസ് സെന്റർ തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇവർ. 65,000 എന്ന സംഖ്യയിൽനിന്ന് 45 കോടിയിലേക്കുള്ള പൂജ്യങ്ങൾക്കിടയിലെ വിജയ മന്ത്രം പറയുകയാണ് കോഴിക്കോട്ടുകാരായ നാഷിക് മൂസയും സുഹൈലും. 

പഴയ കൂട്ടുകാർ
1996ലെ ക്രിസ്ത്യൻ കോളജ് പ്രീ ഡിഗ്രി ബാച്ചാണ് ഇരുവരും. നാഷിക് പഠനം കഴിഞ്ഞ് ബെംഗളൂരുവിൽ ഡെൽ കമ്പനിയിൽ ജോലിയിൽ കയറി. സുഹൈൽ കുടുംബ ബിസിനസുമായി മുന്നോട്ടുപോയി. 2004ൽ സുഹൈൽ കോഴിക്കോട് നടക്കാവിൽ ഒരു വില്ല പ്രോജക്ട് തുടങ്ങിയപ്പോൾ നാഷിക്കും കൂടെക്കൂടി. ഇരുവരും ആദ്യമായി തുടങ്ങിയ സംരംഭം. സംഭവം വിജയമായി. എങ്കിലും ബിസിനസിലെ രസമില്ലായ്മ തിരിച്ചറിഞ്ഞു. 

silent-creek

ലക്കിടിയിൽ സുഹൈലിനുള്ള ഹോളിഡേ ഹോം സന്ദർശിച്ച ശേഷമാണ് ഈ ബിസിനസിലേക്കു കടന്നാലോയെന്ന് നാഷിക്കിന് ആശയം തോന്നിയത്. അന്ന് വയനാട് ഇത്രത്തോളം വിനോദ സഞ്ചാരികളെത്തിയിരുന്നില്ല. അങ്ങനെയാണ് നേരത്തേ പറഞ്ഞ സംഭാഷണം. കുടുംബ ബിസിനസ് വിട്ട് സുഹൈലും എത്തി. 2009ൽ ട്രോപിക്കൽ ഫോർ റെസ്റ്റ് എന്ന പേരിൽ 4 വില്ലകളും 12 മുറികളുമായി വാടകയ്ക്കെങ്കിലും ഇവരുടെ ഹോം സ്റ്റേ ഒരുങ്ങി. ഒരു ബോർഡു പോലും വച്ചില്ലെങ്കിലും 3 വർഷംകൊണ്ട് ബിസിനസ് വിപുലപ്പെടുത്താനുള്ള ആത്മവിശ്വാസവും കൈമുതലും ട്രോപ്പിക്കൽ ഫോർ റെസ്റ്റ് ഇവർക്കു നൽകി. 

സൈലന്റ് ക്രീക്ക് റിസോർട്ട്
2012ൽ നാലേക്കർ സ്ഥലം വാങ്ങി വൈത്തിരിയിൽ സൈലന്റ് ക്രീക്ക് റിസോർട്ട് ആൻഡ് സ്പാ തുടങ്ങി. അപ്പോഴേക്കും നാഷിക് തന്റെ ഐടി ജോലി അവസാനിപ്പിച്ച് സംരംഭ സ്വപ്നങ്ങൾക്കൊപ്പം കൂടി. 15 സ്വീറ്റ് റൂമുകളോടുകൂടിയതാണ് സൈലന്റ് ക്രീക്ക്. മുതലിറക്കാൻ കൂടുതൽ പാർട്നർമാരെക്കൂടി ലഭിച്ചതോടെ ബിസിനസ് പച്ചപിടിച്ചു. ഇതിനിടയിൽ ലക്‌ഷ്വറി ചോക്കലേറ്റ് പോലെ വേറെ ചില മേഖലകളിൽ ബിസിനിസിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

സുപ്രഭാതം റസ്റ്ററന്റ്
സുഹൈലും നാഷിക്കും ഇനി ലക്ഷ്യമിടുന്നത് വമ്പൻ പ്രോജക്ടാണ്. ബാണാസുരയിൽ ഏഴേക്കർ സ്ഥലത്ത് ലോകോത്തര സൗകര്യങ്ങളോടെ ആയുർവേദിക് വെൽനസ് പദ്ധതി സ്കാവ ആണ് ഉദ്ദേശ്യം. 3 വർഷമെടുക്കും പദ്ധതി യാഥാർഥ്യമാകാൻ. ഇതിനിടയിൽ തുടങ്ങിയ ബിസിനസാണ് കോഴിക്കോട് ബീച്ചിനടുത്തുള്ള സുപ്രഭാതം റസ്റ്ററന്റ്. മാംസ പ്രിയരായ കോഴിക്കോട്ടുകാർക്ക് സുപ്രഭാതം വെജിറ്റേറിയൻ ഊട്ടാൻ തുടങ്ങിയിട്ടിപ്പോൾ രണ്ടുവർഷമായി. ഇനി ബേക്കറികൂടി പദ്ധതിയിലുണ്ട്. ഇതിനിടയിൽ കമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് ബിസിനസും ഉണ്ട്. 

വിജയമന്ത്രം
‘എല്ലാവരും ചെയ്യുന്ന ബിസിനസുകൾ ചെയ്യാതെ വ്യത്യസ്തമായി ചിന്തിക്കണം. വയനാട്ടിലേക്ക് ആരും അത്രയ്ക്കു പോകാത്തകാലത്ത് ഹോം സ്റ്റേ തുടങ്ങിയതും നോൺ വെജിറ്റേറിയന്റെ കോഴിക്കോടൻ സാമ്രാജ്യത്തിൽ വെജിറ്റേറിയൻ റസ്റ്ററന്റ് തുടങ്ങിയതുമെല്ലാം വിജയത്തിൽ നിർണായകമായി. നമ്മുടെ കയ്യിൽ നല്ലൊരു ആശയമുണ്ടെങ്കിൽ, അത് ഇൻവെസ്റ്റർമാരെ ബോധ്യപ്പെടുത്താൻ ആകുമെങ്കിൽ, കഠിനാധ്വാനത്തിന് മനസ്സുകൂടിയുണ്ടെങ്കിൽ ഏതു ബിസിനസ്സും വിജയിപ്പിക്കാനാകും’– ഇരുവരും ഉയർച്ചയുടെ കാതൽ വെളിപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA