sections
MORE

ഭിക്ഷയെടുക്കുന്ന കൈകളിൽ പെൻസിൽ; കയ്യടിക്കാം ഈ ചെറുപ്പക്കാർക്ക്

Har-Hath_kalam
SHARE

ഭിക്ഷയെടുക്കാൻ നീട്ടിയിരുന്ന കൈകളിൽ ഇന്ന് പെൻസിലും പേനയും. പുറത്തു തൂക്കിയിരുന്ന ആക്രി ചാക്കിനു പകരം പുസ്തകം നിറച്ച സ്കൂൾ ബാഗ്. പുകയിലക്കറ പുരണ്ടിരുന്ന പല്ലുകൾ ഇന്നു നുണയുന്നത് ചോക്കലേറ്റും പഴങ്ങളും. തെറി വാക്കുകൾ പറഞ്ഞിരുന്ന നാവിൽ നിന്നുതിരുന്നതു താങ്ക് യൂ, വെൽകം, പ്ലീസ് എന്നിങ്ങനെയുള്ള വിനയം നിറഞ്ഞ ഇംഗ്ലീഷ് പദങ്ങൾ.

ഒൻപതു വയസ്സുകാരൻ ഗോപിയുടെയും ഏഴു വയസ്സുകാരി സലോണിയുടെയുമൊക്കെ ജീവിതത്തിൽ വന്ന മാറ്റമാണ് ഇത്. ഇവരുൾപ്പെടെ പട്യാലയുടെ തെരുവുകളിൽ ഭിക്ഷയെടുത്തും ആക്രി സാധനങ്ങൾ പെറുക്കിയും നടന്നിരുന്ന നൂറോളം കുട്ടികളാണ് ഇന്ന് ഉത്സാഹത്തോടെ സ്കൂളിൽ പോകുന്നത്. ഇതിനു കാരണമായത് എഴുപതോളം വരുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണ്.

Har-Hath_kalam2

രാജസ്ഥാനിലെ കോട്ട സ്വദേശിയും പട്യാലയിലെ ഥാപ്പർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് & ടെക്നോളജിയിൽ നിന്നുള്ള ബിടെക് ബിരുദധാരിയുമായ ഹർഷ് കോത്താരിയാണ് 'ഹർ ഹാഥ് കലം ' (എല്ലാ കരങ്ങളിലും പേന) എന്നു പേരുള്ള ഈ യുവ കൂട്ടായ്മ ആരംഭിച്ചത്. ഹർഷിന് 19 വയസ്സുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് മാരുതി സുസുകിയിൽ പ്രതിവർഷം 8 ലക്ഷം രൂപ ശമ്പളത്തിൽ ചെയ്തു കൊണ്ടിരുന്ന ജോലി ഉപേക്ഷിച്ചു തന്റെ കൂട്ടായ്മയിലേക്ക് തിരിച്ചെത്തുമ്പോൾ ഹർഷിന് പ്രായം 23. ഇതേ പ്രായക്കാരാണ് കൂട്ടായ്മയിലെ ഭൂരിപക്ഷവും.

തെരുവിൽ അലയുന്ന കുട്ടികളെ ഔദ്യോഗിക പഠന സംവിധാനത്തിലേക്ക് ഈ കൂട്ടായ്മ എത്തിച്ചത് നിരവധി വെല്ലുവിളികൾ തരണം ചെയ്തായിരുന്നു. കുട്ടികളെ കണ്ടെത്തുക, അവരുടെ മാതാപിതാക്കളുടെ സമ്മതം വാങ്ങുക, സ്കൂളിനായി അവരെ തയ്യാറാക്കുക, അവസാനമായി സ്കൂളിൽ ചേർക്കുക എന്നീ ഘട്ടങ്ങൾ അവർക്ക് പിന്നിടേണ്ടതുണ്ടായിരുന്നു.

Har-Hath-Kalam3

ഇതിനായി യുവാക്കള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവര്‍ത്തനം നടത്തി. കുടിയേറ്റ കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രേസ് ബസ്തിയാണ് ആദ്യം ഇതിനായി തിരഞ്ഞെടുത്തത്. ഏറ്റവും വലിയ വെല്ലുവിളി മാതാപിതാക്കളെ കൊണ്ടു സമ്മതിപ്പിക്കുക എന്നതായിരുന്നു. കുട്ടികള്‍ ഭിക്ഷയെടുത്തും ആക്രി പെറുക്കി വിറ്റും ഉണ്ടാക്കുന്ന 100 മുതല്‍ 500 രൂപ വരെ പ്രതിദിന വരുമാനം വേണ്ടാന്നു വയ്ക്കാന്‍ പലരും തയ്യാറായിരുന്നില്ല. പക്ഷേ, ഹര്‍ ഹാഥ് കലം പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് എല്ലാവരെയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചു ബോധവത്ക്കരിക്കാന്‍ സാധിച്ചു. 

ഗ്രേസ് ബസ്തി അടക്കമുള്ള ചേരി പ്രദേശങ്ങളിലെ സര്‍വേകള്‍ക്കും മാതാപിതാക്കള്‍ക്കുള്ള ബോധവത്ക്കരണത്തിനും ശേഷം ഹര്‍ ഹാഥ് കലം പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കു ബ്രിജ് ഗ്യാപ് ക്ലാസുകള്‍ ഒരു വര്‍ഷത്തേക്കു നല്‍കി. സ്‌കൂളിലെ പ്രവേശനത്തിനായി ഇതിലൂടെ അവരെ തയ്യാറെടുപ്പിച്ചു. അടിസ്ഥാന അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കുന്നതിനു പുറമേ എങ്ങനെ നടക്കണം ഇരിക്കണം, ക്ലാസില്‍ എങ്ങനെ പെരുമാറണം എന്നെല്ലാം കുട്ടികള്‍ക്കു പരിശീലനം നല്‍കി. ഈ ക്ലാസിനു മുന്‍പ് ഗ്രേസ് ബസ്തിയില്‍ 13 കുട്ടികളെങ്കിലും പുകയിലയ്ക്കു അടിമകളായിരുന്നു. ഇത്തരം ദുശ്ശീലങ്ങളെല്ലാം പരിപൂര്‍ണ്ണായി മാറ്റിയെടുക്കാന്‍ വോളന്റിയര്‍മാര്‍ അവരെ സഹായിച്ചു. 

പിന്നീട് യുവസംഘം ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു സ്‌കൂളുകളുമായി ഒരു ടൈ അപ്പ് ഉണ്ടാക്കാനും അതുവഴി ഫീസിളവു നേടിയെടുക്കാനും ശ്രമിച്ചു. ഒരു കുട്ടിക്ക് ഒരു മാസം ഫീസും ബസ് ഫീസും അടക്കം 750 രൂപയാണ് സംഘടനയ്ക്ക് വരുന്ന ചെലവ്. കുട്ടികളെ പഠനം ഏറ്റെടുക്കാന്‍ സ്വകാര്യ വ്യക്തികളും സംഘടനകളും മുന്നോട്ട് വന്നു.  പക്ഷേ, ആദ്യ കാലത്ത് ഇവരുടെ പഠനം അത്ര സുഗമമായിരുന്നില്ല. ചേരി പ്രദേശത്ത് നിന്നു വരുന്ന കുട്ടികളുടെ ഒപ്പമിരുന്നാൽ തങ്ങളുടെ കുട്ടികളും ചീത്ത ശീലങ്ങളും വാക്കുകളും പഠിക്കുമെന്നു പറഞ്ഞു മറ്റു കുട്ടികളുടെ മാതാപിതാക്കൾ പ്രശ്നവുമായെത്തി. ചില അധ്യാപകരും പ്രതിഷേധ സ്വരമുയർത്തി. എന്നാൽ സ്കൂളും ഹർ ഹാഥ് കലം പ്രവർത്തകരും ക്ഷമാപൂർവം തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്നപ്പോൾ തെരുവിലെ മക്കൾ മറ്റ് കുട്ടികളെക്കാൾ മിടുക്കരായി മാറി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് ഈ കുട്ടികൾ ഇന്ന് .

ഹര്‍ ഹാഥ് കലം, റിപ്പോര്‍ട്ട് എ ചൈല്‍ഡ് ബെഗ്ഗര്‍ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും ഹർ ഹാഥ് കലം കൂട്ടായ്മ പുറത്തിറക്കി.  ബാല ഭിക്ഷാടകരുടെയും ആക്രി പെറുക്കലുകാരുടെയും ഫോട്ടോയും സ്ഥലവും ആപ്പിലൂടെ വോളന്റിയര്‍മാരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഇതു വഴി സൗകര്യമൊരുക്കി. 

പകലത്തെ സ്കൂളിനു ശേഷം കുട്ടികളെ ഹോം വര്‍ക്കിൽ സഹായിക്കാനുള്ള  സായാഹ്ന സ്‌കൂളും ഹർ ഹാഥ് കലം വോളന്റിയര്‍മാര്‍ നടത്തുന്നുണ്ട്. തിരികെ വീട്ടിലെത്തുന്ന കുട്ടികൾ ഇടയ്ക്കു തങ്ങളുടെ മാതാപിതാക്കൾക്കു കൂടി ചില ഇംഗ്ലീഷ് പദങ്ങള്‍ പഠിപ്പിച്ച് നൽകുന്നു. പഠനത്തിൽ മുഴുകിയിരിക്കുന്ന ഈ കുട്ടികൾക്കു ഭിക്ഷയെടുക്കുന്നതു പോയിട്ട് അതിനെ കുറിച്ച് ആലോചിക്കാൻ കൂടി ഇപ്പോൾ സമയം കിട്ടുന്നില്ല.

ഗ്രേസ് ബസ്തിക്ക് പുറമേ പട്യാലയിലെ മൂന്ന് ചേരി പ്രദേശങ്ങളിലെ കുട്ടികളെ കൂടി സ്‌കൂളുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് വോളന്റിയര്‍മാര്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA