sections
MORE

പഠനം മലയാളം മീഡിയത്തിൽ, ഇന്റർവ്യൂവിന് പോയത് കടം വാങ്ങി; തിളക്കമേറെയാണ് ഈ വിജയത്തിന്

sreedhanya-veedu
ശ്രീധന്യയുടെ മാതാപിതാക്കളും സഹോദരനും വീടിനു മുന്നിൽ, ശ്രീധന്യ
SHARE

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാഫലത്തിൽ തിളങ്ങുന്ന ലിപികളിൽ അടയാളപ്പെടുത്തിയിരിക്കുന്ന പേരുകളിലൊന്നാണ് ശ്രീധന്യ സുരേഷിന്റേത്. 410 ാം റാങ്കിലൂടെ സിവിൽ സർവീസ് പട്ടികയിലെത്തിയ ആദിവാസി യുവതി, ഐഎഎസ് ഉറപ്പാക്കാനായാല്‍ വയനാട് ജില്ലയിൽനിന്നുള്ള ആദ്യ വ്യക്തി എന്നിങ്ങനെ വിശേഷണങ്ങളേറെയാണ് ശ്രീധന്യയ്ക്ക്.

തന്റെ രണ്ടാം പരിശ്രമത്തിലുടെ ഐതിഹാസിക നേട്ടം കരസ്ഥമാക്കിയ ശ്രീധന്യ പഠിച്ചതു മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലായിരുന്നു. തരിയോട് സെന്റ്മേരീസ് യുപി സ്കൂൾ, തരിയോട് നിർമല ഹൈസ്കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽ നിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്നു 2014 ൽ ബിരുദാനന്തര ബിരുദവും നേടി. 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു.

വഴിത്തിരിവ്
2016 –ൽ വയനാട് സബ് കലക്ടറായ ശ്രീറാം സാംബശിവറാവുവിനെ കണ്ടതാണു വഴിത്തിരിവായത്. സബ്കലക്ടർക്ക് എല്ലാവരും കൊടുക്കുന്ന ബഹുമാനവും ആ പദവിയുടെ വലുപ്പവും മനസ്സിലാക്കിയ ശ്രീധന്യയുടെ മനസ്സിൽ ഐഎഎസ് മോഹം മൊട്ടിട്ടു. ആ വർഷം തന്നെ ജോലി രാജിവച്ച് തിരുവനന്തപുരത്തു പരിശീലനത്തിനു ചേർന്നു. ആദ്യ പരിശ്രമത്തിൽ വിജയിക്കാനായില്ലെങ്കിലും പരിശീലനം തുടർന്നു. 

മുൻവർഷങ്ങളിലെ സിവിൽ സർവീസ് നിയമന രീതി അനുസരിച്ച് പട്ടികവർഗ വിഭാഗത്തിൽ 410 ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത. പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്നാണു ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. 

ഉയർന്ന റാങ്കു പ്രതീക്ഷിച്ചു
കുറചച്ചു കൂടി ഉയർന്ന റാങ്കു പ്രതീക്ഷിച്ചിരുന്നുവെന്നും അതു കിട്ടാത്തതിൽ ചെറിയ വിഷമമുണ്ടെങ്കിലും ഇവിടെ വരെ എത്തിയതിൽ തൃപ്തിയുണ്ടെന്നായിരുന്നു റാങ്കു വിവരമറിഞ്ഞപ്പോൾ ശ്രീധന്യയുടെ പ്രതികരണം. വിവരമറിഞ്ഞു രാഹുൽഗാന്ധിയൊക്കെ വിളിച്ചു അഭിനന്ദിച്ചു.

കടം വാങ്ങിയ 40,000
കൂലിപ്പണിക്കാരായ അച്ഛൻ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവിൽ സർവീസ് ഇന്റർവ്യൂവിന് അയയ്ക്കാൻ പോലും പണമുണ്ടായിരുന്നില്ല. ഒടുവിൽ സുഹൃത്തുക്കളിൽ നിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡൽഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങൾക്കില്ലായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മകളുടെ വിജയം ആഘോഷിക്കാന്‍ അമ്പലക്കൊല്ലിലെ കൊച്ചുവീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരുമെല്ലാം ഒഴുകിയെത്തിയെങ്കിലും അവരെ സ്വീകരിച്ചിരുത്താന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാതെ ശ്രീധന്യയുടെ അച്ഛനും അമ്മയും ഏറെ വിഷമിച്ചു.

ബാൻഡേജ്
ഇടിഞ്ഞുവീഴാറായ കൂരയിൽ വയറിങ് പോലും ശരിയാക്കിയിട്ടില്ല. ഡൽഹിയിൽ ഇന്റർവ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണിരുന്നു. പൊട്ടലേറ്റ ഇടതുകയ്യിൽ ബാൻഡേജുമായാണു ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്. 

വയറിങ് ശരിയാക്കിയിട്ടില്ലാതിരുന്നതിനാല്‍ വീട്ടിലെത്തിയവര്‍ക്ക് പരസ്പരം കാണാന്‍ പറ്റുന്നത്ര തരത്തിലുള്ള വെളിച്ചം പോലുമില്ലായിരുന്നു. ഒടുവില്‍ ചാനല്‍ ക്യാമറകളുടെ ഫ്ലാഷ് ലൈറ്റിലാണ് ആഘോഷം പൊടിപൊടിച്ചത്. ലഡുവിലോ ജിലേബിയുമൊന്നും എത്താതിരുന്നിട്ടു കൂടി, ആരോ കൊണ്ടുവന്ന കുറച്ചു മിഠായികളില്‍ മതിമറന്ന ആഘോഷം. 

വിജയമറിഞ്ഞു ശ്രീധന്യ അച്ഛന്‍ സുരേഷിനെ വിളിച്ചപ്പോള്‍ ആ പിതാവിന്റെ കണ്ണുകളില്‍ സന്തോഷാശ്രു. അമ്മ കമലയുടെ കണ്ണുകളും ആനന്ദാതിരേകത്താല്‍ നിറ‍ഞ്ഞു. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ശ്രീധന്യയുടേത്. കുറിച്യവിഭാഗത്തില്‍പ്പെട്ട ശ്രീധന്യ ഒട്ടേറെ പരിമിതികളോട് പടവെട്ടിയാണ് ഉന്നതപദവിയിലേക്കു കാലെടുത്തുവയ്ക്കുന്നത്.

ശ്രീധന്യയുടെ പുസ്തകങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനുള്ള സൗകര്യം പോലും ഈ വീട്ടിലില്ല. അടുത്ത ദിവസം ശ്രീധന്യ നാട്ടിലെത്തുമ്പോള്‍ വമ്പന്‍ സ്വീകരണം ഒരുക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA