ADVERTISEMENT

മുത്തച്ഛൻ ഗോവിന്ദൻ ചോദിച്ച ഒരു ചോദ്യം ഏഴാം ക്ലാസുകാരൻ അനന്ദുവിന്റെ മനസ്സിൽ പതിഞ്ഞു. നിനക്ക് ഐഎഎസുകാരനായിക്കൂടേ എന്ന ആ ചോദ്യത്തിന് മുത്തച്ഛൻ മരിച്ച് പത്താം വർഷം പത്തനംതിട്ട തുകലശേരി
മഴുവങ്ങാട് പരിയാരത്ത് അനന്ദു മറുപടി നൽകി. വാശിയോടെ പഠിച്ച് ഇന്ത്യൻ സിവിൽ സർവീസ് എന്ന ലക്ഷ്യം നേടിയപ്പോൾ  അത് നാടിന്റെ തന്നെ അഭിമാനമായി മാറി. 

കെഎസ്ആർടിസി ഡിപ്പോയ്ക്കെതിർവശത്ത് കൂൾ ബാർ നടത്തുന്ന പി.ജി.സുരേഷ് കുമാറിന്റെയും കവിയൂർ മാർത്തോമ്മാ സെൻട്രൽ സ്കൂൾ അധ്യാപിക സ്മിതയുടെയും മകനാണ് അനന്ദു. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ കെമിക്കൽ എൻജിനീയറിങിനു പഠിക്കുമ്പോഴാണ് ഐഎഎസ് മോഹം കലശലായി തോന്നിത്തുടങ്ങിയത്. ബിടെക് കഴിഞ്ഞയുടനെ തിരുവനന്തപുരത്തു കേരള സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു. 2016ൽ ഇവിടെ നിന്നാണ് ആദ്യം ഐഎഎസ് പരീക്ഷ എഴുതുന്നത്. അന്ന് എഴുത്തുപരീക്ഷയിലെ വിജയത്തിൽ ഒതുങ്ങി. അടുത്ത വർഷം എൻലൈറ്റ് ഐഎഎസ് എന്ന പരിശീലന കേന്ദ്രത്തിലായി പഠനം. 2017ൽ  പരീക്ഷ ജയിച്ച് അഭിമുഖത്തിനു വരെ എത്താൻ കഴിഞ്ഞു. ഇത്തവണ 127-ാം റാങ്ക് നേടിയാണ് സ്വപ്നം സാക്ഷാത്കരിച്ചത്. 

നാഗാലാൻഡിൽ കലക്ടറായിരുന്ന മണിപ്പൂർ സ്വദേശി  2008ൽ സർക്കാരിന്റെ സഹായമില്ലാതെ പൊതുജനങ്ങളെ അണിനിരത്തി 100 കിലോമീറ്റർ റോഡ് നിർമിച്ചു എന്ന വാർത്ത ഏറെ ആകർഷിച്ചു. നാടിനു വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവ് ലഭിച്ചത് ഇതിൽ നിന്നാണ്. 

അനന്ദുവിന് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ജനോപകാരപ്രദമായ പല പദ്ധതികളുടെയും ബുദ്ധി അവരുടേതാണ്. അവരിൽ മിക്കവരും നല്ലവരാണെന്നും ഏതു സർക്കാർ ഉദ്യോഗസ്ഥനെയും സംരക്ഷിക്കാനുള്ള നിയമം ഇന്ത്യൻ ഭരണഘടനയിൽ ഉണ്ടെന്നും വിശ്വസിക്കുന്നു. പഴയ മോഡൽ വാഹനങ്ങളാണ് അനന്ദുവിന്റെ ഇഷ്ടതാരങ്ങൾ.

ഏക സഹോദരി പാർവതി സുരേഷ് ഭുവനേശ്വർ എയിംസിൽ എംബിബിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്നു. മാർത്തോമ്മാ സെൻട്രൽ സ്കൂളിൽ ഐസിഎസ്ഇ സിലബസിലാണ് അനന്ദു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com