sections
MORE

കരിയറിൽ നിന്ന് അകന്നിട്ട് 20 വർഷം; വിജയങ്ങൾ സ്വന്തമാക്കി 40ാം വയസ്സില്‍ ഉജ്ജ്വല തിരിച്ചു വരവ്

Soja-Siyah
SHARE

ട്രാക്ക് തെറ്റാതെ കുതിക്കുന്ന 1500 മീറ്റർ ഓട്ടമായിരുന്നു സോജ സിയയുടെ ഇഷ്ട മൽസര ഇനം. എന്നാൽ, ജീവിതത്തിൽ മൽസരിക്കേണ്ടി വന്നതു ഹർഡിൽസിലാണ്. വെല്ലുവിളികളുടെ ഹർഡിലുകൾ ഓരോന്നായി മറികടന്നെങ്കിലും ഫിനിഷിങ് പോയിന്റ് എത്തിയില്ല. 

കുട്ടിക്കാലത്തു ചെരിപ്പില്ലാതെ ഓടി കഠിനപരിശീലനം നടത്തുമ്പോൾ ഒരേ ഒരു ആഗ്രഹം; ഒളിംപിക്സ്. എന്നാൽ, 16ാം വയസ്സിലുണ്ടായ അപകടം കരിയർ തന്നെ അവസാനിപ്പിച്ചു കളഞ്ഞു. പക്ഷേ, 2 പതിറ്റാണ്ടിനു ശേഷം സോജ വീണ്ടും ട്രാക്കിലെത്തി, വിജയങ്ങൾ സ്വന്തമാക്കി. 

വാപ്പയുടെ പിന്തുണ
ചങ്ങനാശേരി സ്വദേശി സിയാവുദീന്റെയും ഹസീനയുടെയും മകളാണു സോജ. തോമസ് മാഷ് കായിക അധ്യാപകനായിരുന്ന കോരുത്തോട് സികെഎം എച്ച്എസ്എസിലേക്ക് ഏഴാം ക്ലാസിൽ പഠനം മാറ്റി. സോജയും സഹോദരി സോഫിയും ഉൾപ്പെടെ 5 പെൺകുട്ടികൾ. ഹോസ്റ്റൽ ഇല്ലാത്തതിനാൽ താമസം മാഷിന്റെ വീടിനോടു ചേർന്ന്. അന്ന് ഒപ്പം താമസിച്ചപെൺകുട്ടി പിന്നീട് ലോകമറിയുന്ന കായികതാരമായി; അഞ്ജു ബോബി ജോർജ്. 

സംസ്ഥാന, ദേശീയ സ്കൂൾ മീറ്റുകളിൽ സോജ മെഡലുകൾ നേടി. എന്നാൽ, യാഥാസ്ഥികമായി ചിന്തിച്ചിരുന്ന ബന്ധുക്കളും ചില കുടുംബസുഹൃത്തുക്കളും മകളെ കായികരംഗത്തേക്കു വിടരുതെന്നു സിയാവുദീനെ ഉപദേശിച്ചു. എന്നാൽ, വാപ്പ മകളോടു പറഞ്ഞു, ‘നീ ഇതൊന്നും കാര്യമാക്കേണ്ട. ഞാനുണ്ട് കൂടെ. നിനക്കിഷ്ടമുള്ള രംഗത്ത് തുടർന്നോളൂ.’

ലോറി തകർത്ത കരിയർ
പ്രീഡിഗ്രി  ചങ്ങനാശേരി അസംപ്ഷൻ കോളജിൽ. അവിടെ സൈക്ലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കോളജിൽ നിന്നു തന്ന സൈക്കിളിൽ ചങ്ങനാശേരിയിൽ നിന്നു തിരുവല്ലയിലേക്കും ആലപ്പുഴയിലേക്കും സൈക്കിൾ ചവിട്ടി പരിശീലനം നടത്തി. ഒരുദിവസം എംസി റോഡിൽ പരിശീലനം നടത്തിയ സംഘത്തിനിടയിലേക്ക് എതിരെ വന്ന ലോറി പാഞ്ഞു കയറി. തോളെല്ല് ഒടിഞ്ഞ് ആശുപത്രിയിലായ സോജയ്ക്കു മാസങ്ങളോളം വിശ്രമിക്കേണ്ടി വന്നു. അതോടെ കരിയറും അവസാനിച്ചു.

ട്രാക്കിലേക്ക് വീണ്ടും
ഡിഗ്രി പൂർത്തിയാക്കിയശേഷം വിവാഹം. തിരുവനന്തപുരം നാലാഞ്ചിറയിൽ ഭർത്താവ് ഷംനാദിന്റെ വീട്ടിലേക്കു സോജ എത്തി. അതിനിടെ കെഎസ്എഫ്ഇയിൽ ജോലി ലഭിച്ചു. ഭർത്താവിനും മകൻ അസീം ഷായ്ക്കുമൊപ്പം സന്തോഷത്തോടെ മുന്നോട്ടു പോകുമ്പോഴും മനസ്സിൽ ട്രാക്കിനോടു സ്നേഹമുണ്ടായിരുന്നു. അമ്മയുടെ മെഡലുകൾ കണ്ടു വളർന്ന മകൻ ആറാം ക്ലാസിലെത്തിയപ്പോൾ സൈക്ലിങ്ങിലേക്കു തിരിഞ്ഞു. അതിനിടെ, ജോലിയുടെ ഭാഗമായി 3 വർഷം മുൻപ് എറണാകുളം രവിപുരത്തേക്കു മാറിയതോടെ സോജയും പഴയ സ്വപ്നം പൊടിതട്ടിയെടുത്തു.  

soja

മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ദിവസവും പരിശീലനത്തിനു പോകാൻ തുടങ്ങി. തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോൾ നഗരത്തിലെ ഐടെൻ റണ്ണിങ് ക്ലബ്ബിൽ അംഗത്വമെടുത്ത സോജ 2 പതിറ്റാണ്ടിനു ശേഷം മൽസരങ്ങളിൽ പങ്കെടുക്കാനും ആരംഭിച്ചു.

വിജയപീഠങ്ങളിലേക്ക്
40 വയസ്സ് പിന്നിട്ട സോജ ഒന്നര വർഷം കൊണ്ടു നേടിയത് സ്വപ്നതുല്യമായ നേട്ടങ്ങൾ. സംസ്ഥാനത്തു കഴിഞ്ഞ വർഷം നടന്ന ഒട്ടുമിക്ക മാരത്തണുകളിലും പങ്കെടുത്തു. ചെന്നൈയിലെ 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ മൂന്നാം സ്ഥാനം നേടി. 

42 കിലോമീറ്റർ സ്പൈസ് കോസ്റ്റ് മാരത്തൺ 5 മണിക്കൂറിൽ ഫിനിഷ് ചെയ്തു. കർണാടകയിലെ ചിക്കമഗളൂരുവിൽ നടന്ന 50 കിലോമീറ്റർ അൾട്രാ റണ്ണും പൂർത്തിയാക്കി. വിദേശ താരങ്ങളുൾപ്പെടെ പങ്കെടുത്ത, 90 കിലോമീറ്റർ വാഗമൺ അൾട്രാ റണ്ണിൽ  5ാം സ്ഥാനം കരസ്ഥമാക്കി. 

സൈക്ലിങ് മാരത്തണിലും പങ്കെടുത്തു. അതിനിടെ സംസ്ഥാന മാസറ്റേഴ്സ് മീറ്റിൽ ദീർഘദൂര ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 10000 മീ., 1500 മീ. ഇനങ്ങളിൽ വെള്ളിയും. ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന ഏഷ്യൻ മീറ്റിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ.

പണ്ടു കല്ലിലും മുള്ളിലും ചവിട്ടി ഓടിയതിന്റെ കരുത്താണ് ഇപ്പോഴും തനിക്കുള്ളതെന്നു സോജ. പ്രായം വകവയ്ക്കാതെ ദൂരങ്ങളിനിയും കീഴടക്കാനൊരുങ്ങുന്ന അവർ ഇപ്പോൾ ഒട്ടേറെപ്പേർക്കു പ്രചോദനം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA