sections
MORE

ഒന്നും അസാധ്യമല്ലെന്ന് ജീവിതം പഠിപ്പിച്ചു: ശ്രീധന്യ

sreedhanya
SHARE

‘‘സിവിൽ സർവീസ് പരീക്ഷ അത്രയെളുപ്പമല്ല. മിടുക്കരായ കുട്ടികളോടു വേണം മൽസരിക്കാൻ. ഒന്നുകൂടി ആലോചിച്ചിട്ടുപോരേ  ?’’

മൂന്നു വർഷം മുൻപ് ജോലി ഉപേക്ഷിച്ചു സിവിൽ സർവീസ് തയാറെടുപ്പിനു തിരുവനന്തപുരത്തേക്കു പോകാനൊരുങ്ങിയ ശ്രീധന്യ സുരേഷിനു ലഭിച്ച ഉപദേശമാണിത്. എന്നാൽ, അത്രയും നാൾ താണ്ടിയ കടമ്പകളേക്കാൾ വലുതല്ല സിവിൽ സർവീസ് എന്നു ശ്രീധന്യയ്ക്ക് അറിയാമായിരുന്നു. 

തന്റെ പരിമിതികളുടെയോ ചുറ്റുപാടുകളുടെയോ ആനുകൂല്യം ശ്രീധന്യയ്ക്ക് ആവശ്യമില്ലായിരുന്നു. മൂന്നാമത്തെ പരിശ്രമത്തിൽ നേടിയ 410–ാം റാങ്ക് അറിവിന്റെയും കഴിവുകളുടെയും മാത്രം അടിസ്ഥാനത്തിലുള്ളതാണ്.  

മലയാളം മീഡിയത്തിന് എന്താ കുഴപ്പം? 
തരിയോട് സെന്റ് മേരീസ് യുപിഎസിലും നിർമല എച്ച്എസ്എസിലുമായി സ്കൂൾ പഠനം. രണ്ടും മലയാളം മീഡിയം. ഇംഗ്ലിഷ് പഠിച്ചെടുക്കാൻ അതു തടസ്സമായില്ല. അധ്യാപകർ നന്നായി പ്രചോദനം തന്നിരുന്നുവെന്നു ശ്രീധന്യ പറയുന്നു. പത്താം ക്ലാസിൽ 85 % മാർക്ക്. തുടർന്ന് തരിയോട് ഗവ.എച്ച്എസ്എസിൽ സയൻസ് ഗ്രൂപ്പെടുത്ത് ഹയർ സെക്കൻഡറി. 

പന്ത്രണ്ടാം ക്ലാസ് വരെ നടന്നാണു സ്കൂളിൽ പോയത്. അങ്ങോട്ടുമിങ്ങോട്ടുമായി 8 കിലോമീറ്റർ. പന്ത്രണ്ടാം ക്ലാസ് വരെ വീട്ടിൽ കറന്റും ഇല്ലായിരുന്നു. 

വെളിച്ചം പകർന്ന ബിരുദകാലം
ലോകത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനും കരിയർ അവസരങ്ങൾ അറിയാനും കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബിഎസ്‌സി സുവോളജി പഠനകാലമാണു സഹായിച്ചത്. സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം. സർക്കാർ ഗ്രാന്റുകളും ജില്ലാ പഞ്ചായത്തിന്റെ സ്കോളർഷിപ്പുമാണു തുണയായത്. കോളജ് ലൈബ്രറിയും കംപ്യൂട്ടർ ലാബുമൊക്കെ ഉപയോഗിച്ചു. 

75 % മാർക്കോടെ ബിഎസ്‌സി പാസായ ശേഷം അപ്ലൈഡ് സുവോളജിയിൽ കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്‌സി. പഴയ മോഡൽ മൊബൈൽ ഫോൺ മാത്രമാണ് അത്രയും കാലമുണ്ടായിരുന്നത്. സിവിൽ സർവീസ് പരിശീലനത്തിനിടയ്ക്കാണ് ഒരു ലാപ്ടോപ് സമ്മാനമായി ലഭിക്കുന്നത്.

  wayanad news

പഠിച്ചെടുത്തു, ഇംഗ്ലിഷ്
മാസികകൾ വായിച്ചും യൂട്യൂബ് കണ്ടുമാണ് ഇംഗ്ലിഷിൽ പ്രാവീണ്യം നേടിയത്. ചാനൽ ചർച്ചകൾ കണ്ട് ഉച്ചാരണം മനസ്സിലാക്കി. യൂട്യൂബിൽ ഇംഗ്ലിഷ് പഠനത്തിനു സഹായിക്കുന്ന വിഡിയോകളും കണ്ടു. പഠന ശേഷം പട്ടികജാതി, പട്ടികവർഗ വകുപ്പിൽ മാനേജ്മെന്റ് ട്രെയിനിയായി 2 വർഷത്തോളം ജോലി. അതിനിടെ വനിതാ പൊലീസിലേക്കുള്ള പിഎസ്‌സി ലിസ്റ്റിലും ഇടം നേടി. 

മലയാളത്തോട് ഇഷ്ടം
എസ്‌സി, എസ്ടി വിദ്യാർഥികൾക്കായുള്ള സർക്കാരിന്റെ കോച്ചിങ് സെന്ററിലും പിന്നീട് സ്വകാര്യ സെന്ററിലുമായി സിവിൽ സർവീസ് പരിശീലനം. ഭാഷയോടും സാഹിത്യത്തോടുമുള്ള ഇഷ്ടം കാരണം മലയാളമാണ് ഐഛിക വിഷയമായി തിരഞ്ഞെടുത്തത്. ദിവസേന 6 മണിക്കൂറോളം പഠനം. ഇന്റർവ്യൂവിൽ വയനാടിനെക്കുറിച്ചും പ്രളയത്തെക്കുറിച്ചുമൊക്കെ ചോദ്യങ്ങളുണ്ടായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA