ADVERTISEMENT

ഹാർഡ്‌വർക്ക് + സ്മാർട്‌‌വർക്ക് = വിജയം. സിവിൽ സർവീസ് കേരള ടോപ്പറും ദേശീയ തലത്തിൽ 29–ാം റാങ്കുകാരിയുമായ ആർ.ശ്രീലക്ഷ്മിയുടെ വിജയസമവാക്യമാണിത്. എത്ര മണിക്കൂർ പഠിക്കുന്നു എന്നല്ല, എത്ര ഗുണപരമായ മണിക്കൂറുകൾ പഠനത്തിനായി ചെലവഴിക്കുന്നു എന്നതാണ് പ്രധാനം. ചുറ്റും നടക്കുന്നതെല്ലാം കാണണം. ആളുകളോടു സംസാരിക്കണം. സമൂഹത്തിന്റെ ചലനങ്ങൾ അറിഞ്ഞു ജീവിക്കണം..

ഒരു സംഭവത്തെ നമ്മൾ എങ്ങനെ കാണുന്നു, വിശകലനം ചെയ്യുന്നു, നമ്മുടെ അഭിപ്രായം എന്ത് – ഇത്തരം കാര്യങ്ങളാണ് സിവിൽ സർവീസ് പരീക്ഷയിൽ അളക്കുന്നത്. അറിവും അതു കൃത്യമായി ഉപയോഗിക്കാനുള്ള കഴിവും വേണം. അതിനു ചിട്ടയോടെയുള്ള പഠനവും സിലബസിൽ ഒതുങ്ങാത്ത അറിവും വേണം. 

കാര്യങ്ങളെ വിശകലനം ചെയ്യണമെങ്കിൽ അതിന്റെ എല്ലാ വശവും അറിയണം. രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്ന വലിയ ഉത്തരവാദിത്തമാണ് സിവിൽ സർവീസിലൂടെ ലഭിക്കുന്നത്. അതുകൊണ്ട് സിവിൽ സർവീസ് ആഗ്രഹിക്കുന്നവർ പഠനമുറിയിൽ ഒതുങ്ങിപ്പോകരുത്. 

ഹോബി വായന
വായനയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നു ശ്രീലക്ഷ്മി. സ്കൂൾ കാലം മുതൽ അക്ഷരങ്ങളോടായിരുന്നു കൂട്ട്. കൈയിൽ കിട്ടുന്നതെല്ലാം വായിക്കും. എസ്ബിഐ റിട്ട. ഉദ്യോഗസ്ഥരായ അച്ഛൻ വി.എ.രാമചന്ദ്രനും അമ്മ ബി.കലാദേവിയും നന്നായി വായിക്കുന്നവരാണ്. 

വീട്ടിൽ ചെറിയ ലൈബ്രറിയുണ്ട്. പുസ്തകങ്ങളും മാസികകളും അവിടെയുണ്ട്. സിവിൽ സർവീസ് പരീക്ഷയ്ക്കായി തയാറെടുക്കുന്നതിനു മുൻപു വരെ നോവലുകളും കഥകളുമെല്ലാം ശ്രീലക്ഷ്മി വായിക്കുമായിരുന്നു. 

പരീക്ഷാക്കാലത്തും സിലബസിൽ ഉൾപ്പെടാത്ത പുസ്തകങ്ങൾ വായിക്കും. വിശാലമായ അറിവും നല്ല എഴുത്തുശൈലിയും രൂപപ്പെടാൻ വായന വളരെയേറെ സഹായിച്ചു. 

കത്തുന്ന ആഗ്രഹം
പത്താം ക്ലാസ് വരെ ആലുവ നിർമല ഹൈസ്കൂളിലാണു പഠിച്ചത്. പ്ലസ് വൺ ആയപ്പോൾ കളമശേരി രാജഗിരി സ്കൂളിലേക്കു മാറി. പ്ലസ് ടു സയൻസായിരുന്നിട്ടും ഇക്കണോമിക്സിൽ ഡിഗ്രി ചെയ്യാൻ തീരുമാനിച്ചതു വഴിത്തിരിവായി. 

സ്കൂൾ ടോപ്പറായിരുന്നെങ്കിലും എൻജിനീയറിങ്, മെഡിസിൻ തുടങ്ങിയ നിർബന്ധങ്ങളൊന്നും മാതാപിതാക്കളിൽ നിന്നുണ്ടായില്ല. ചെന്നൈ സ്റ്റെല്ല മേരീസ് കോളജിലായിരുന്നു ഡിഗ്രി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പിജി ചെയ്തു. ഭാഷയും എഴുത്തുരീതിയും മെച്ചപ്പെടാൻ ലണ്ടനിലെ പഠനം സഹായിച്ചെന്ന് ശ്രീലക്ഷ്മി. നാട്ടിൽ തിരിച്ചെത്തി ഒരു എൻജിഒയിൽ ജോലി ചെയ്തു. ഐഎഎസ് ഓഫിസർമാരുമായി അടുത്തിടപഴകി. സിവിൽ സർവീസ് എന്ന ആഗ്രഹമുണ്ടായത് അപ്പോഴാണ്. 

ജോലി വിട്ട് തിരുവനന്തപുരത്തെ കേരള സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു. പഠനസാമഗ്രികൾ ഓൺലൈനായി ലഭിച്ചതുകൊണ്ട് അധികകാലം പരിശീലനത്തിനു പോയില്ല. അഞ്ചാമത്തെ ശ്രമത്തിലാണ് ശ്രീലക്ഷ്മിക്ക് തിളക്കമാർന്ന വിജയത്തോടെ സിവിൽ സർവീസ് ലഭിക്കുന്നത്. 

അവസാന ഘട്ടത്തിൽ പരാജയപ്പെട്ടാലും പ്രിലിമിനറി മുതൽ വീണ്ടും എഴുതണം. അതിനു ക്ഷമയും അടങ്ങാത്ത ആഗ്രഹവും വേണം. ആ ആഗ്രഹമാണ് നേട്ടത്തിലെത്തിച്ചത്. 

ഇന്റർവ്യൂ കടമ്പ
എഴുത്തുപരീക്ഷ പോലെ തന്നെ പ്രധാനമാണ് ഇന്റർവ്യൂവും. അവിടെയാണു നമ്മുടെ അറിവിന്റെ സീമകൾ കൃത്യമായി അളക്കപ്പെടുന്നത്.  പുറത്തു പഠിച്ചതുകൊണ്ടാവാം, രാജ്യാന്തര കാര്യങ്ങളാണു കൂടുതലും ചോദിച്ചത്. 

ഡോണൾഡ് ട്രംപിന്റെ ഭരണവും ബ്രെക്സിറ്റുമൊക്കെ വിഷയങ്ങളായി. ജിഎസ്ടി പോലുള്ള വിഷയങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. അറിയാത്ത കാര്യങ്ങൾ സത്യസന്ധമായി തുറന്നുപറയണമെന്നും ശ്രീലക്ഷ്മി പറയുന്നു.

അപ്രാപ്യമല്ല പരീക്ഷ
ആഗ്രഹവും കഷ്ടപ്പെടാനുള്ള മനസ്സും അൽപം സ്മാർട്നെസുമുണ്ടെങ്കിൽ ആർക്കും നേടാവുന്നതാണു സിവിൽ സർവീസെന്നാണ് ശ്രീലക്ഷ്മിയുടെ അഭിപ്രായം. ഐഎഎസ് കിട്ടാൻ 24 മണിക്കൂറും പഠിക്കാൻ മനസ്സുണ്ടാവണമെന്നൊക്കെ കേട്ടിരുന്നു. അതിന്റെയൊന്നും ആവശ്യമില്ല. പഠിക്കുന്ന സമയം ഗുണപരമായി ഉപയോഗിക്കുകയാണു പ്രധാനം. 

6 മണിക്കൂറൊക്കെയാണു ഞാൻ പഠിച്ചത്. രാവിലെ എഴുന്നേറ്റ് പഠിക്കുന്നതായിരുന്നു ശീലം. സ്വന്തമായി നോട്സ് തയാറാക്കി. സിലബസിനു പുറത്തുള്ളവയും ബുക്കുകളും മാഗസിനുകളും പത്രങ്ങളും വായിച്ചു. എഴുത്തുരീതികൾ ശരിയാക്കാനായി കൃത്യമായ പരിശീലനം നടത്തി. ഓൺലൈൻ സാധ്യതകൾ നന്നായി പ്രയോജനപ്പെടുത്തി.

ടിപ്സ്
∙ പഠനത്തിനിടയിൽ കൃത്യമായ സോങ് ബ്രേക്കുകളെടുക്കാറുണ്ട്. ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ട്. പഴയകാല മലയാളം സിനിമാഗാനങ്ങളാണ് ഫേവറിറ്റ്. 
∙ ലൂസിഫർ കണ്ടിറങ്ങുമ്പോഴാണ് സിവിൽ സർവീസ് ഫലം വരുന്നത്. കട്ട മോഹൻലാൽ ഫാനാണ്. കുമ്പളങ്ങി നൈറ്റ്സ് പ്രിയപ്പെട്ട സിനിമ. നടി പാർവതിയെ ഭയങ്കര ഇഷ്ടമാണ്.
∙ പ്രളയത്തിൽ ആലുവയിലെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയിരുന്നു. ഞാൻ തിരുവനന്തപുരത്ത്. ഹെലികോപ്ടറിലാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുത്ത കലക്ടർ മുഹമ്മദ് സഫിറുല്ല, തിരുവനന്തപുരം കലക്ടർ വാസുകി, തൃശൂർ കലക്ടർ അനുപമ... അവരെപ്പോലെയാകണമെന്നാണ് ആഗ്രഹം.
∙ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കലക്ടർ എന്നറിയപ്പെടണം. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകണമെന്നാണ് അഭിപ്രായം.
∙ മാറിമാറി വരുന്ന ട്രെൻഡുകൾക്കൊപ്പം സ്റ്റൈലിഷായി പെൺകുട്ടികൾ നടക്കുന്നതു കാണാനൊക്കെ ഇഷ്ടമാണ്. പക്ഷേ, ഞാൻ കംഫർട്ടാണ് നോക്കാറുള്ളത്.
∙ രാഷ്ട്രീയം കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഒരു പാർട്ടിയോടും പ്രത്യേക മമതയില്ല. നാട്ടിലുള്ളപ്പോഴെല്ലാം വോട്ട് ചെയ്തിട്ടുണ്ട്. വോട്ടവകാശം ആരും പാഴാക്കരുത്.
∙ തനിച്ചായാലും പട്ടിണി കിടക്കാതെ ജീവിക്കാനുള്ള പാചകമൊക്കെ അറിയാം. ഡ്രൈവിങ്ങും നീന്തലുമൊക്കെപ്പോലെ ആൺകുട്ടികളും പെൺകുട്ടികളും പാചകവും പഠിച്ചിരിക്കണം.

sreelekshmi-office

കലക്ടറായി വരണം
കലക്ടറേറ്റിന്റെ പടവുകൾ ഒട്ടറെത്തവണ കയറി ഇറങ്ങിയിട്ടുള്ള ശ്രീലക്ഷ്മി ഇന്നലെ ആ പടവുകൾ കയറിയതു സിവിൽ സർവീസുകാരിയുടെ പ്രൗഢിയോടെ. സഹപ്രവർത്തകയായ ശ്രീലക്ഷ്മിയെ കലക്ടറേറ്റിലെ ഹരിത കേരള മിഷൻ ഓഫിസിലെ ജീവനക്കാർ സ്നേഹാദരങ്ങളോടെയാണ് വരവേറ്റത്. കലക്ടറേറ്റ് സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ഓഫിസിൽ റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കുകയായിരുന്നു ശ്രീലക്ഷ്മി. 

സിവിൽ സർവീസ് ഫലത്തിനു ശേഷം കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ ക്ഷണപ്രകാരം ഇന്നലെയാണ് ശ്രീലക്ഷ്മി ഓഫിസിലെത്തിയത്. സിവിൽ സർവീസ് റാങ്കുകാരിയായി തിരിച്ചെത്തിയ ശ്രീലക്ഷ്മിക്ക് സഹപ്രവർത്തകർ പൂച്ചെണ്ടും മധുരവും നൽകി. മാതാപിതാക്കളായ വി.എ.രാമചന്ദ്രൻ, ആർ.കലാദേവി, സഹോദരി ഡോ.ആർ.വിദ്യ, മാതൃസഹോദരി സുധാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ആദ്യം കലക്ടറെ ചേംബറിൽ സന്ദർശിച്ചു. കലക്ടറുടെ അനുമോദനവും ചായസൽക്കാരവും കഴിഞ്ഞ് സ്വന്തം ഓഫിസിലേക്ക്. 

ശ്രീലക്ഷ്മിയുടെ വരവറിഞ്ഞു സമീപ ഓഫിസുകളിലെ ജീവനക്കാരും അനുമോദനവുമായി ചുറ്റും കൂടി. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺമാരായ പി.പി.രാജേഷ്, കെ.ടി.രത്നാഭായ്, ടി.പി.ശശിധരൻ, പി.ബി.സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അനുമോദനങ്ങൾക്കു നന്ദി പറഞ്ഞു തിരിച്ചിറങ്ങും വഴി അസിസ്റ്റന്റ് കലക്ടർ പാട്ടീൽ പ്രഞ്ജാൽ ലാഹേൻ സിങ്ങിനെ ചേംബറിൽ സന്ദർശിച്ചു. ഫോട്ടോയും സെൽഫിയും എടുക്കാൻ ഒട്ടേറെ പേരാണ് ശ്രീലക്ഷ്മിക്കു ചുറ്റും കൂടിയത്. കലക്ടറായി ഇവിടെ തന്നെ വരണമെന്ന ആശംസകളോടെ സഹപ്രവർത്തകർ ശ്രീലക്ഷ്മിയെ യാത്രയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com