ADVERTISEMENT

ജസിൻഡ മാനിയ പടരുകയാണു ലോകമാകെ. ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിനു ശേഷം ലോകശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിത്വമാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേന്റേത്. 2017ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ ന്യൂസീലൻഡിൽ അധികാരത്തിലെത്തിച്ചപ്പോൾ മുതൽ ചെറുപ്പക്കാരിയായ ഈ രാഷ്ട്രീയ നേതാവ് വാർത്തകളിൽ നിറഞ്ഞു തുടങ്ങിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി സ്ഥാനം വഹിക്കെ തന്നെ കുഞ്ഞിനു ജന്മം നൽകിയപ്പോഴും ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലിയിൽ 3 മാസം മാത്രം പ്രായമുള്ള തന്റെ മകളുമായി പങ്കെടുത്തപ്പോഴും ആ വ്യക്തിത്വത്തെയും നിലപാടുകളെയും ലോകം കൂടുതൽ അടുത്തറിഞ്ഞു. അങ്ങനെ മുപ്പത്തെട്ടുകാരിയായ ജസിൻഡ ആർഡേനുമായി ബന്ധപ്പെട്ട എന്തിനും മാധ്യമങ്ങളിൽ ‘ജസിൻഡ മാനിയ’ എന്ന പ്രയോഗം തന്നെയുണ്ടായി.

ഒടുവിലിതാ ദാരുണവും ക്രൂരവുമായ ഭീകരാക്രമണത്തിന് ഇരയായ സ്വന്തം രാജ്യത്ത് അതികർശനമായ ആയുധനിരോധനം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു ജസിൻഡ. യുവത്വത്തിലൂടെയും പുരോഗമന നിലപാടുകളിലൂടെയും സമീപകാലത്തു ശ്രദ്ധിക്കപ്പെട്ട ലോക നേതാക്കളായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെയും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ഗണത്തിലേക്കാണു ജസിൻഡ ആർഡേനും വളരെ വേഗം ഉയർത്തപ്പെട്ടത്. 

ക്രൈസ്റ്റ് ചർച്ച്
ന്യൂസിലൻഡിനെയും ലോകത്തെയും നടുക്കിയ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തെത്തുടർന്നു നടത്തിയ ഇടപെടലുകളാണു ജസിൻഡയുടെ കീർത്തി ലോകമെങ്ങും പരത്തിയത്. രണ്ട് മസ്ജിദുകളിൽ അതിക്രമിച്ചു കയറിയ വെള്ളക്കാരനായ ഭീകരൻ നടത്തിയ അതിക്രൂരമായ വെടിവയ്പ്പിൽ 50 പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ന്യൂസീലൻഡിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തെത്തുടർന്ന് രാജ്യം നടുങ്ങിവിറച്ച സന്ദർഭത്തിൽ ജസിൻഡ പ്രകടിപ്പിച്ച ശാന്തതയും നിശ്ചയദാർഢ്യവും കരുതലുമെല്ലാം മാതൃകാപരവും പുരോഗമനപരവുമായ നേതൃഗുണങ്ങളായാണു വിലയിരുത്തപ്പെട്ടത്. അക്രമസംഭവത്തെത്തുടർന്നു തലസ്ഥാന നഗരിയായ വെല്ലിങ്ടണിൽ നിന്നു ക്രൈസ്റ്റ് ചർച്ചിലെത്തിയ ജസിൻഡ കറുത്ത ശിരോവസ്ത്രമണിഞ്ഞ് ഇരകളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ ലോകമാധ്യമങ്ങളിലെല്ലാം ചർച്ചയായി. 

ബഹുസ്വരത
ക്രൈസ്റ്റ് ചർച്ച് ദുരന്തത്തിൽ ഇരയാക്കപ്പെട്ടവർ മറ്റൊരു തരത്തിൽ ന്യൂസീലൻഡ് എന്ന രാഷ്ട്രത്തിന്റെ ബഹുസ്വരതയാണു ലോകത്തോടു വിളിച്ചു പറഞ്ഞത്. ‍ഡീൻസ് അവന്യുവിലുള്ള അൽ നൂർ മസ്ജിദിലും 5 കിലോമീറ്റർ അകലെയുള്ള ലിൻവുഡ് മസ്ജിദിലും മാർച്ച് 15 വെള്ളി ജുമുഅ നമസ്കാരത്തിനു വിശ്വാസികൾ ഒത്തുചേർന്ന അവസരത്തിലായിരുന്നു ആക്രമണം. പള്ളിയിൽ പ്രാർഥിക്കാനെത്താനിരുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ടീം തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്. മരിച്ച 50 പേരിൽ ഏറെയും ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, തുർക്കി, മലേഷ്യ, ഇന്തൊനീഷ്യ, സൊമാലിയ, അഫ്ഗാനിസ്ഥാൻ എന്നീ രാഷ്ട്രങ്ങളിൽ നിന്നെത്തി ന്യൂസീലൻഡിൽ സ്ഥിരതാമസമാക്കിയവരായിരുന്നു. സൊമാലിയയിൽ നിന്നുള്ള അഭയാർഥി ദമ്പതികൾക്ക് ന്യൂസിലൻഡിൽ ജനിച്ച 3 വയസുകാരനായിരുന്നു ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. ‘‘ന്യൂസീലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനം. ഞങ്ങൾ ബഹുസ്വരതയെയും കാരുണ്യത്തെയും കരുതലിനെയും പ്രതിനിധീകരിക്കുന്നു. ഞങ്ങളുടെ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരുടെ വീടാണു ന്യൂസിലൻഡ്. ആവശ്യമുള്ളവരുടെ അഭയസ്ഥാനം. ആ മൂല്യങ്ങൾ അട്ടിമറിക്കാൻ ഈയൊരു ആക്രമണത്തിലൂടെ കഴിയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവർക്കു തെറ്റിപ്പോയിരിക്കുന്നു’’. ജസിൻഡ ആക്രമണത്തിനു ശേഷം ഉറച്ച ശബ്ദത്തിൽ‌ പറഞ്ഞു. ഇരകളെല്ലാം ‘ഞങ്ങളിൽപ്പെട്ടവർ’ തന്നെയാണ് എന്ന് അക്രമത്തിനു ശേഷം ജസിൻഡ ഓരോ പ്രസംഗങ്ങളിലും ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അക്രമി ഞങ്ങളിലൊരുവനല്ല എന്നും എടുത്തു പറയാൻ ശ്രദ്ധിച്ചു.

അമ്മയാദ്യം
അധികാരത്തിലിരിക്കെ അമ്മയായ ലോകത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണു ജസിൻഡ. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയാണ് ആദ്യത്തെയാൾ. 1990 ജനുവരിയിൽ പ്രധാനമന്ത്രിയായിരിക്കെയാണ് ബേനസീർ മകൾ ബക്താവറിനു ജന്മം നൽകിയത്. കഴിഞ്ഞ വർഷം ജൂണിലാണ് ജസിൻഡയ്ക്കും ഭർത്താവും ടിവി അവതാരകനുമായ ക്ലാർക്ക് ഗേയ്ഫോർഡിനും പെൺകുഞ്ഞ് പിറന്നത്. തുടർന്ന് ജസിൻഡ ആറു മാസം പ്രസവാവധിയിൽ പ്രവേശിച്ചു. ഉപ പ്രധാനമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സിനായിരുന്നു അക്കാലത്തു പ്രധാനമന്ത്രിയുടെ ചുമതല. 10 വർഷം ന്യൂസീലൻഡിൽ അധികാരത്തിലിരുന്ന നാഷനൽ പാർട്ടിയെ തറപറ്റിച്ചാണു ആർഡേൻ നയിച്ച ലേബർ പാർട്ടി രണ്ടു വർഷം മുൻപ് ന്യൂസീലൻഡിൽ അധികാരത്തിലെത്തിയത്. ജസിൻഡയുടെ വ്യക്തിപ്രഭാവം തന്നെയായിരുന്നു അന്ന് ആ ചരിത്രവിജയത്തിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ന്യൂസീലൻഡിലെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ജസിൻഡ ആർഡേൻ. ഒന്നര നൂറ്റാണ്ടിനിടെ ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും.

തോക്ക് നിരോധനം
തുടരുന്ന കൂട്ടക്കൊലകൾക്കു ശേഷവും കർശന തോക്ക് നിയന്ത്രണമോ നിരോധനമോ നടപ്പാക്കാൻ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും മടിക്കുമ്പോഴും ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രാജ്യത്ത് തോക്ക് നിരോധനം പ്രഖ്യാപിച്ച് ജസിൻഡ ആർഡേൻ തന്റെ നിലപാടുകളോടുള്ള നിശ്ചദാർഢ്യം വെളിവാക്കി. സൈനികാവശ്യത്തിനുപയോഗിക്കുന്ന തരത്തിലുള്ള മുഴുവൻ സെമി ഓട്ടമാറ്റിക് തോക്കുകളും ആക്രമണ റൈഫിളുകളും കയ്യിൽ വയ്ക്കുന്നതിനാണ് ഏപ്രിൽ മുതൽ ന്യൂസീലൻഡിൽ നിരോധനം ഏർപ്പെടുത്തിയത്. ഇവ കൈവശമുള്ളവർ പ്രത്യേക പദ്ധതികൾ വഴി പൊലീസിൽ തിരിച്ചേൽപ്പിക്കാൻ സമയപരിധിയും ഏർപ്പെടുത്തി. അതിനുശേഷവും തോക്കുകൾ കൈവശം വച്ചാൽ 4000 ന്യൂസീലൻഡ് ഡോളർ പിഴയും 3 വർഷം വരെ തടവുമാണു ശിക്ഷ. 15 ലക്ഷത്തോളം തോക്കുകൾ ന്യൂസീലൻഡ് പൗരൻമാരുടെ കൈവശമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ പതിമൂവായിരത്തിലേറെ എണ്ണവും ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ ഉപയോഗിച്ച തരത്തിലുള്ള സൈനിക സ്വഭാവമുള്ളവയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com