ADVERTISEMENT

പി.നിധിൻ രാജ്  (റാങ്ക് 210), കാസർകോട് രാവണീശ്വരം സ്വദേശി, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി. 

വിജയരഹസ്യം?
∙ചിട്ടയായ പഠനം. പഠനത്തിനു വേണ്ടി ദിവസവും നിശ്ചിത സമയം മാറ്റി വയ്ക്കുക എന്ന രീതിയൊന്നുമില്ല. പക്ഷേ അവസാന ലാപ്പിൽ എത്തിയപ്പോൾ 14–15 മണിക്കൂർ പഠനത്തിനു വേണ്ടി നീക്കിവച്ചിരുന്നു. 

സിവിൽ സർവീസ് തിരഞ്ഞെടുക്കാൻ കാരണം?
∙ഇതെന്റെ രണ്ടാമത്തെ അവസരമാണ്. ആദ്യ തവണ പ്രിലിമിനറി പരീക്ഷ പാസായെങ്കിലും 10 മാർക്കിനു മെയിൻ പരീക്ഷ കടക്കാനായില്ല. ഒരു കാസർകോട്ടുകാരൻ എന്ന നിലയിൽ എൻഡോസൾഫാൻ സമരമൊക്കെ എന്ന വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. സിവിൽ സർവീസ് ഓഫിസർക്കു കാര്യമായി സമൂഹത്തെ സഹായിക്കാൻ കഴിയും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

സ്കൂളിൽ പഠിക്കുന്ന കാലത്തു പ്രസംഗ മത്സരത്തിനെല്ലാം സംസ്ഥാനതലത്തിൽ വിജയി ആയിരുന്നു. എൻജിനീയറിങ് പൂർത്തിയാക്കി സോഫ്റ്റ്‍വെയർ മേഖലയിൽ ജോലി ചെയ്യുമ്പോഴും ഇതല്ല എന്റെ മേഖല എന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെയാണ് സിവിൽ സർവീസിലേക്ക് എത്തുന്നത്. 

ഭയങ്കര ബുദ്ധിമാനാണോ?
∙പ്രിലിമിനറിയും മെയിനും ഇന്റർവ്യൂ ഒക്കെ കടന്നു കിട്ടാൻ കഠിനാധ്വാനത്തിനൊപ്പം ഭാഗ്യം കൂടി വേണം. നന്നായി അധ്വാനിച്ചാൽ ശരാശരി വിദ്യാർഥിക്കു പോലും ഇപ്പോൾ സിവിൽ സർവീസ് കിട്ടാൻ എളുപ്പമാണ്. മലയാള സാഹിത്യമായിരുന്നു എന്റെ വിഷയം. അതു പഠിക്കാൻ ഭയങ്കര ബുദ്ധിയൊന്നും വേണ്ട. താൽപര്യം മാത്രം മതി. വൈക്കം മുഹമ്മദ് ബഷീറാണ് പ്രിയപ്പെട്ട എഴുത്തുകാരൻ. 

പത്താംക്ലാസിനു ശേഷം സയൻസ് വിഷയങ്ങൾ മാത്രം പഠിച്ചതു കൊണ്ട് ചരിത്രം, ഭൂമിശാസ്ത്രം, ഭരണഘടന ഒക്കെ പഠിച്ചെടുക്കാൻ ധാരാളം സമയം വേണ്ടി വന്നിരുന്നു. ചില പരിശീലന കേന്ദ്രങ്ങളിൽ സ്റ്റഡി മെറ്റീരിയലുകൾ തയാറാക്കാൻ സഹായിക്കുന്ന ജോലി ചെയ്തിരുന്നു. അതുവഴി പഠിക്കാനും പഠനത്തിനു വേണ്ട വരുമാനമുണ്ടാക്കാനും കഴിഞ്ഞു. 

കഠിനമായ ജോലികൾക്കിടയിലും പഠിച്ച് സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്നവരുണ്ട്. ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമായിരിക്കും. അതിനനുസരിച്ചു സമയം നിശ്ചയിച്ചു പഠിക്കണം.

ഏറ്റവും സ്വാധീനിച്ച ഐഎഎസ് ഓഫിസർ?
∙ഓരോ വ്യക്തികളുടെയും വ്യത്യസ്ത കഴിവുകളാണ് ആകർഷിച്ചത്. കുടുംബശ്രീ ഡയറക്ടറായ ഹരികിഷോർ സാർ എന്റെ കോളജിൽ ഒത്തിരി വർഷം മുൻപു പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ പുസ്തകം വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ടി.വി.അനുപമ, ഡോ.വാസുകി ഇവരെയൊക്കെ ഇഷ്ടമാണ്. 

ടെൻഷൻ ഒഴിവാക്കാനുള്ള സൂത്രം?
∙മാജിക്. ചെറുപ്പം മുതലേ മാജിക്കിനോടു ഭയങ്കര കമ്പമാണ്. താൽപര്യം കൂടിക്കൂടി മാജിക് പഠിക്കുകയും ചെയ്തു. നടക്കാത്ത കാര്യങ്ങൾ പോലും നടക്കും എന്നു തോന്നിക്കാൻ മാജിക് സഹായിക്കും. അതു ഭയങ്കര ഒരു ആത്മവിശ്വാസം നൽകും. സിനിമ കാണാനും ഇഷ്ടമാണ്. 

ഭാവി പരിപാടി എന്താണ്?
∙ഐഎഎസ് ഓഫിസർ ആകണമെന്നു തന്നെയാണ് ആഗ്രഹം. പക്ഷേ എന്റെ റാങ്കിന് ഐഎഎസ് കിട്ടുമോ എന്ന് ഉറപ്പില്ല. കിട്ടിയില്ലെങ്കിൽ കിട്ടിയ ഓപ്ഷൻ സ്വീകരിച്ച് ഒരിക്കൽ കൂടി പരീക്ഷ എഴുതും. 

തിരഞ്ഞെടുപ്പ് നിലപാട്?
∙രാഷ്ട്രീയമില്ല എന്നു പറയുന്ന കൂട്ടത്തിലല്ല. രാഷ്ട്രീയം ഉറക്കെ പറയേണ്ടതും ചർച്ച ചെയ്യേണ്ടതും തന്നെയാണ്. എതിരഭിപ്രായമുണ്ടെങ്കിൽ അതും വ്യക്തമാക്കണം.  കാസർകോട് ജില്ലയുടെ വികസനത്തിൽ ഒരുപാട് കാര്യങ്ങൾ അ‍ഡ്രസ് ചെയ്യേണ്ടതുണ്ട്. വികസനം അജൻഡയായ സ്ഥാനാർഥിക്കു തന്നെയാണ് വോട്ട്. 

കുടുംബം
∙എക്കാൽ കെ. രാജേന്ദ്രൻ നമ്പ്യാരുടെയും പി.ലതയുടെയും മകനാണ്. സഹോദരി അശ്വതി(എൻജിനീയറിങ് വിദ്യാർഥി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com