ADVERTISEMENT

‘എഴുതാതെ ഒഴിച്ചിട്ടിരിക്കുന്ന പുസ്തകമാണ് ഓരോ ജീവിതവും. അതിൽ എന്തുതരം കഥയാണ് എഴുതേണ്ടത് എന്നു തീരുമാനിക്കേണ്ട എഴുത്തുകാരൻ നമ്മൾ തന്നെയാണ്.’

അമേലിയ മിഷേൽ എന്ന ആമിയുടെ ജീവിതം മാറ്റിമറിച്ച ചിന്ത ഇതാണ്. ഒരു പറവയെപ്പോലെ പാറി നടക്കാൻ ആഗ്രഹിച്ച ഈ പെൺകുട്ടിയുടെ ‌കാലുകൾ വിധി കവർന്നെടുത്തു. രണ്ടു കിഡ്നിയും തകരാറിലായി. തനിക്കു ചുറ്റും നടക്കുന്നതെന്താണെന്നു പോലും അറിയാതെ ആമി ഏറെനാൾ ആശുപത്രിക്കിടക്കയിൽ ചലനമില്ലാതെ കിടന്നു. രക്ഷപ്പെടാൻ 2 ശതമാനം സാധ്യത മാത്രമേ ഡോക്ടർമാർ കണ്ടുള്ളു. ജീവ‌ിച്ചിരുന്നാലും കോമയിലായിരിക്കും പിൽക്കാലമെന്നു വൈദ്യശാസ്ത്രം വിധിയെഴുതി.

യുഎസിലെ ലാസ് വേഗസിൽ 1979 നവംബർ 7നാണ് ആമി ജനിച്ചത്. ‌പത്തൊൻപതാമത്തെ വയസുവരെ സാധാരണ ‌പെൺകുട്ടിയെപ്പോലെയാണു ജീവിച്ചത്. സ്നോബോർഡിങ്ങായിരുന്നു പ്രധാനവിനോദം.

ഒരു ദിവസം രാവിലെ വല്ലാതെ പനിച്ചാണ് ആമി ഉണർന്നത്. മാതാപിതാക്കൾ അവളെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ആദ്യം മനസ്സിലായത് രക്തത്തിൽ അണുബാധയെന്നാണ്. പിറ്റേദിവസ‌മായപ്പോഴേക്കും തളർച്ചയിലേക്കു വീണ ആമി ബാക്ടീരിയൽ മെനിഞ്ചൈറ്റിസ് രോഗത്തിന്റെ പിടിയിലായി. പിന്നീട് ജീവൻ നിലനിർത്താനുള്ള ശ്രമമായിരുന്നു. പക്ഷേ, ഒന്നിനു പിന്നാലെ ഒന്നായി രോഗങ്ങൾ ആമിയെ വേട്ടയാടി. ഇരു കിഡിനികളും പ്ലീഹയും തകരാറിലായി.

ഡോക്ടർമാരുടെ മുന്നിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു, ആമിയുടെ  കാലുകൾ മുട്ടിനു താഴെ വച്ചു മുറിച്ചുമാറ്റുക, കിഡ്നി മാറ്റി വയ്ക്കുക, പ്ലീഹ മുറിച്ചു മാറ്റുക. എങ്കിലും ര‌ക്ഷപ്പെടാനുള്ള സാധ്യത 2 ശതമാനം മാത്രം. പക്ഷേ, വിധിയുടെ കൈയിൽ മകളെ തനിച്ചാക്കാൻ മാതാപിതാക്കൾ തയാറായിരുന്നില്ല. പിതാവ് തന്റെ വൃക്ക മകൾക്കു പകുത്തു നൽകി. ഇരുകാലുകളും പ്ലീഹയും എന്നെന്നേക്കുമായി മ‌ുറിച്ചുമാറ്റി.

രണ്ടു വർഷത്തോളം ആമി കിടക്കയിൽ തന്നെ കഴിച്ചു കൂട്ടി. പക്ഷേ, സാവധാനം ഡോക്ടർമാരുടെ വിലയിരുത്തലുകളെ തകർത്തുകൊണ്ട് ജീവിതത്തിലേക്കു മടങ്ങി വരാൻ തുടങ്ങി. ആശുപത്രിയിൽ നിന്നു വീട്ടിലേക്കു പോകുമ്പോൾ ഡോക്ടർമാർ അവളോടു പറഞ്ഞു, ‘വിശ്രമിക്കണം, കഠിനമായ ജോലികളൊന്നും‌ ചെയ്യരുത്’. എല്ലാം തലകുലുക്കി സമ്മതിച്ച് അവൾ ആശുപത്രി വിട്ടു. മുറിച്ചു മാറ്റിയ കാലുകൾക്കു പകരം കൃത്രിമ കാലുകൾ പിടിപ്പിച്ചു.

ആ രോഗക്കിടക്കയിൽ വച്ചാണ് ജീവിതത്തിന്റെ കഥാപുസ്തകം മാറ്റിയെഴുതാൻ ആമി തീരുമാനിച്ചത്. ആദ്യതാളിൽ അവൾ ഇങ്ങനെ കുറിച്ചു, ‘തോൽക്കാനുള്ളതല്ല ജീവിതം’. 7 മാസത്തെ വിശ്രമത്തിനുശേഷം കൃത്രിമക്കാലുമായി അവൾ തന്റെ പഴയ തട്ടകമായ സ്നോബോർഡ് പരിശീലനത്തിനായി കടന്നു ചെന്നു. ഡോക്ടർമാരും മാതാപിതാക്കളും പരിശീലകരും വിലക്കിയിട്ടും പിൻമാറാൻ അവൾ ഒരുക്കമായിരുന്നില്ല. കൃത്രിമക്കാലുകൾ സ്നോബോർഡിനൊപ്പം താഴേക്കു തെറിച്ചു പോകുകയും ശരീരം മ‍ഞ്ഞുപാളികൾക്കു മുകളിൽ വീണുകിടക്കുകയും ചെയ്യുന്നതു പരിശീലന നാളുകളിൽ പതിവായിരുന്നു.

മാമത്ത് പർവതത്തിൽ നടന്ന സ്‌നോബോർഡിങ് മത്സരത്തിൽ അവൾ മൂന്നാം സ്ഥാനം നേടുമ്പോൾ കാലുകൾ മുറിച്ചു മാറ്റിയിട്ട് ഒരു വർഷം തികയുന്നതേ ഉണ്ടായിരുന്നുള്ളു. 2014ൽ നടന്ന പാരാലിംപിക്‌സിൽ വെങ്കലവും 2018ൽ വെള്ളിമെഡലും നേടിയതോടെ ആമിയുടെ ജീവിതവും നേട്ടങ്ങളും ലോകശ്രദ്ധ ആകർഷിച്ചു.  പരിമിതികളെയും വിധിയെയും തോൽപിച്ച ആമി ഇന്ന് എത്തിനിൽക്കുന്നത്  ലോകത്തിന്റെ നെറുകയിലാണ്. സ്നോബോർഡ് പാരാലിംപിക്‌സ് മെഡൽ ജേതാവ്, അഭിനേതാവ്, മോഡൽ, മോട്ടിവേഷനൽ സ്പീക്കർ, ഭിന്നശേഷിക്കാർക്കായുള്ള ‘അഡാപ്റ്റീവ് ആക്‌ഷൻ സ്‌പോർട്‌സ്’ എന്ന ചാരിറ്റി സ്ഥാപനത്തിന്റെ സഹസ്ഥാപക, ലോകപ്രശസ്ത ടെലിവിഷൻ ഷോകളിലെ അവതാരക, നർത്തകി, മിസ് അമേരിക്ക പോലുള്ള മത്സരങ്ങളിലെ വിധികർത്താവ്, എഴുത്തുകാരി, ഫാഷൻ ഡിസൈനർ ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ആമിയുടെ പേരിൽ. ആമിയെന്ന പുസ്തകം വിജയങ്ങളുടെ പല അധ്യായങ്ങൾ കുറിച്ചുകൊണ്ടു മുന്നേറുകയാണ് ഇപ്പോഴും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com